Sorry, you need to enable JavaScript to visit this website.

ഒമാനില്‍ കോവിഡ് മരണം 500 കടന്നു

മസ്‌കത്ത്- ഒമാനില്‍ കോവിഡ് ബാധിച്ച് ഇന്നലെ പത്തു പേര്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 502 ആയി. 24 മണിക്കൂറിനിടെ 354 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1353 പേര്‍ രോഗമുക്തരാകുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതിയ കേസുകളില്‍ 289 പേര്‍ ഒമാനികളും 62 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 81,067 ആയി. ഇതില്‍ 72,263 പേരും രോഗമുക്തി കൈവരിച്ചതായി മന്ത്രാലയ വക്താവ് പറഞ്ഞു. വ്യാഴാഴ്ചയില്‍നിന്ന് 73 കേസുകളുടെ കുറവാണ് രാജ്യത്തുണ്ടായത്. രോഗമുക്തിയും കൂടിയിട്ടുണ്ട്. വ്യാഴാഴ്ച 1,107 പേര്‍ക്കാണ് രോഗമുക്തിയുണ്ടായിരുന്നത്. അതേസമയം, മരണനിരക്ക് നാലില്‍ നിന്ന് പത്തായി വര്‍ധിച്ചു. പുതുതായി 46 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശുപത്രികളില്‍ 498 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 172 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം അറിയിച്ചു.
അതിനിടെ, കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രണ്ടാഴ്ചയിലെ ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കും. എന്നാല്‍ കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ദോഫാര്‍ ഗവര്‍ണറ്റില്‍ ലോക്ക്ഡൗണ്‍ തുടരും.
ഈദ് ആഘോഷങ്ങളുടെ കൂടി പശ്ചാതലത്തില്‍ ജൂലൈ 25 നാണ് ഒമാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ ആറു മണി മുതല്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രാ വിലക്ക് ഒഴിവാക്കും. രാത്രി സഞ്ചാര വിലക്ക് ഓഗസ്റ്റ് 15 വരെ തുടരുകയും ചെയ്യും. രാത്രി സഞ്ചാര വിലക്കിന്റെ സമയം കുറക്കാനും തീരുമാനമായി. ഓഗസ്റ്റ് എട്ടു മുതല്‍ 15 വരെ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാകും സഞ്ചാരവിലക്ക്.

 

Latest News