കടല്‍ക്കൊല കേസ് അവസാനിപ്പിക്കണമെങ്കില്‍ ഇറ്റലി നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- കേരള തീരത്ത് 2012ല്‍ രണ്ടു മത്സ്യതൊഴിലാളികളെ ഇറ്റലിയന്‍ നാവികര്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസ് അവസാനിപ്പിക്കണമെങ്കില്‍ ആദ്യം ഇറ്റലി കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. നാവികര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിനോടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുഎന്‍ കോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി തേടിയത്. പ്രതികളായ ഇരു നാവികരേയും ഇറ്റലി ക്രിമിനല്‍ കുറ്റവിചാരണ നടത്തുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 

എന്നാല്‍ ആദ്യം ഇറ്റലി നഷ്പരിഹാരം നല്‍കട്ടെ, എന്നിട്ടു മാത്രമെ കേസ് പിന്‍വലിക്കാന്‍ അനുവദിക്കൂവെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കുകയായിരുന്നു. ഇരകളുടെ ബന്ധുക്കള്‍ക്കു നല്‍കാനുള്ള ചെക്ക് കോടതിയില്‍ ഹാജരാക്കൂവെന്നും കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഹരജിയില്‍ ഇരകളുടെ ബന്ധുക്കളെ കൂടി കക്ഷി ചേര്‍ത്ത് അപേക്ഷ സമര്‍പ്പിക്കാനും കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസ് പിന്‍വലിക്കാന്‍ അനുവദിക്കുന്നതിനു മുമ്പ് ഇരകളുടെ കുടുംബത്തിനു പറയാനുള്ളത് കേള്‍ക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ കോടതികളില്‍ വിചാരണ ചെയ്യാനാവില്ലെന്നും അവര്‍ക്ക് പരിരക്ഷയുണ്ടെന്നും ഹേഗിലുള്ള യുഎന്നിന്റെ മധ്യസ്ഥ കോടതി ഈയിടെ വിധിച്ചിരുന്നു. അതേസമയം നഷ്ടപരിഹാരത്തിന് ഇന്ത്യയ്ക്ക് അര്‍ഹതയുണ്ടെന്നും യുഎന്‍ കോടതി വ്യക്തമാക്കിയിരുന്നു.
 

Latest News