Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ 4 ജി പുനസ്ഥാപനം; സുപ്രീം കോടതി വീണ്ടും വിശദീകരണം തേടി

ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളിലെങ്കിലും 4 ജി ഇന്റര്‍നെറ്റ് പുനസ്ഥാപിക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടി.  ജമ്മു കശ്മീര്‍ മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജി.സി. മുര്‍മു ഔദ്യോഗിക പദവിയിലായിരുന്നപ്പോള്‍ ഇക്കാര്യം ശുപാര്‍ശ ചെയ്ത കാര്യം കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസമാണ് മുര്‍മു രാജിവെച്ചത്.
4 ജി പുനസ്ഥാപിക്കുന്നതില്‍ യാതൊരു പ്രയാസവുമില്ലെന്നാണ് ലഫ്. ഗവര്‍ണര്‍ അറിയിച്ചിരുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് എന്‍. വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിലെ മൂന്ന് ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകരോട് പറഞ്ഞു.
മുര്‍മു സ്ഥാനത്തുനിന്ന് മാറിയതിനെക്കുറിച്ച് കോടതിയെ അറിയിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിശദമായ മറുപടി പിന്നീട് നല്‍കുമെന്ന് പറഞ്ഞു. കോടതിയലക്ഷ്യമാണ് പ്രശ്‌നമെന്നും സുരക്ഷാ വെല്ലുവിളി ചൂണ്ടിക്കാട്ടി നിരോധിച്ച 4 ജി പുനസ്ഥാപിക്കാന്‍ കഴിയുമോ എന്ന കാര്യം വിശദീകരിക്കണമെന്നും  ജസ്റ്റിസ് റെഡ്ഡി ആവര്‍ത്തിച്ചു. കോടതി കേസ് ഓഗസ്റ്റ് 11 ലേക്ക് മാറ്റി. കോവിഡ് പശ്ചാത്തലത്തില്‍ 4 ജി നിയന്ത്രണം തുടരേണ്ടതുണ്ടോ എന്നു പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള എന്‍ജിഒ ഫൗണ്ടേഷനാണ് കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തത്. താഴ്‌വരയില്‍ 4 ജി ഇന്റര്‍നെറ്റ് വേഗത പുന സ്ഥാപിക്കണമെന്ന് ലഫ്. ഗവര്‍ണര്‍ മുര്‍മു പറഞ്ഞതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമന്ന് ജൂലൈ 28ന് നടന്ന അവസാന വാദം കേള്‍ക്കലില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. താഴ്‌വരയില്‍ അതിവേഗ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ സമയമായിട്ടില്ലെന്നും തീവ്രവാദ ഭീഷണി നിലനില്‍ക്കുകയാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം സത്യവാങ്മൂലം നല്‍കിയത് കണക്കിലെടുക്കാതെ ആയിരുന്നു ലെഫ്. ഗവ. മുര്‍മുവിന്റെ പ്രസ്താവന. രണ്ടു മാസത്തിനുശേഷം സ്ഥിതിഗതികള്‍ വീണ്ടും വിലിയിരുത്തുമെന്നാണ് കേന്ദ്രം സത്യാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.
ജമ്മു കശ്മീരിലെ അതിവേഗ 4 ജി ഇന്റര്‍നെറ്റ് കണക്്ഷന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പുനപരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രണ്ടുതവണ യോഗം ചേര്‍ന്നുവെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
സുപ്രീംകോടതി വിധിക്ക് ശേഷം ഏകദേശം ഒരു മാസം കഴിഞ്ഞുവെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലും ജൂണില്‍ സമര്‍പ്പിച്ച പ്രത്യേക അപേക്ഷയിലും പറഞ്ഞിരുന്നു.

 

Latest News