സുരക്ഷിത അകലം പാലിച്ചില്ല; അബുദാബിയില്‍ 13,700 പേര്‍ക്ക് പിഴ

അബുദാബി- കഴിഞ്ഞ ആറു മാസത്തിനിടെ സുരക്ഷിത അകലം പാലിക്കാതെ വാഹനമോടിച്ചതിന് അബുദാബിയില്‍ പിഴ ഒടുക്കേണ്ടിവന്നത് 13,700 ലേറെ പേര്‍. ട്രാഫിക് ഉദ്യോഗസ്ഥന്മാരും സ്മാര്‍ട്ട് റഡാര്‍ സംവിധാനവുമാണ് നിയമലംഘകരെ കുടുക്കിയത്. തൊട്ടുമുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിച്ച് വാഹനമോടിച്ചില്ലെന്ന കേസില്‍ 13,759 ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി മുതലാണ് സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവര്‍മാരെ കണ്ടെത്താന്‍ അബുദാബി പോലീസ് സ്മാര്‍ട്ട് സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്. പിറകില്‍വരുന്ന വാഹനത്തിന് ബോധപൂര്‍വം വഴി മാറി കൊടുക്കാത്ത ഡ്രൈവര്‍മാരെ കണ്ടെത്താനും ഈ സംവിധാനം പോലീസിനെ സഹായിക്കും. ഈ രണ്ട് കുറ്റങ്ങളും സ്ഥിരീകരിച്ചാല്‍ 400 ദിര്‍ഹം പിഴ ഒടുക്കേണ്ടിവരും.

കൂടാതെ, നിയമലംഘകര്‍ക്കെതിരെ നാല് ട്രാഫിക് പോയിന്റുകളും രജിസ്റ്റര്‍ ചെയ്യും.
ട്രാഫിക് നിയമങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വിവിധ റോഡുകളില്‍ വ്യത്യസ്ത ഭാഷകളില്‍ സുരക്ഷാസന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായി പോലീസ് വ്യക്തമാക്കി. കൂടാതെ മാധ്യമങ്ങളിലൂടെയും ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായും പോലീസ് അറിയിച്ചു.

 

Latest News