ഒമാന്‍ ലോക്ഡൗണില്‍ ഭാഗിക ഇളവ്

മസ്‌കത്ത്- കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവ് നല്‍കാന്‍ ഒമാന്‍. ജൂലൈ 25ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ശനിയാഴ്ചയാണ് അവസാനിക്കുന്നത്. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ദോഫാര്‍ ഗവര്‍ണറ്റില്‍ ലോക്ഡൗണ്‍ തുടരും.
ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റിയുടെ  തീരുമാനപ്രകാരം ശനിയാഴ്ച പുലര്‍ച്ചെ ആറു മണി മുതല്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രാ വിലക്ക് ഒഴിവാക്കും. രാത്രി സഞ്ചാര വിലക്ക് ഈ മാസം 15 വരെ തുടരുകയും ചെയ്യും. രാത്രി സഞ്ചാര വിലക്കിന്റെ സമയം കുറക്കാനും തീരുമാനമായിട്ടുണ്ട്. 15 വരെ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാകും സഞ്ചാരവിലക്ക്.
 രാജ്യത്ത് വ്യാഴാഴ്ച 427 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1107 പേര്‍ രോഗമുക്തരാകുകയും ചെയ്തു. നാലു പേര്‍ മരണത്തിന് കീഴടങ്ങി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 217 പേര്‍ ഒമാനികളും 210 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്തെ ആകെ കോവിജ് കേസുകളുടെ എണ്ണം 80,713 ആയി. ഇതില്‍ 70,910 പേര്‍ രോഗമുക്തരായി. 492 പേരാണ് ഇതിനകം മരണത്തിന് കീഴടങ്ങിയത്.

 

Latest News