സാന്‍ ഫ്രാന്‍സിസ്‌കോ- കൊറോണ വൈറസിനെ കുറിച്ച് ദോഷകരമായ വ്യാജവിവരം അടങ്ങിയതിനാല്‍ യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ വിഡിയോ പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തു. കോവിഡിനെതിരെ കുട്ടികള്‍ക്ക് ഏറെക്കുറെ പ്രതിരോധശേഷിയുണ്ടെന്ന് തെറ്റായ വിവരം ട്രംപിന്റെ വിഡിയോയില്‍ ഉള്‍പ്പെട്ടതാണ് കാരണം. പ്രസിഡന്റ് പേജില്‍ നിന്ന് ഇതാദ്യമായാണ് ഫേസ്ബുക്ക് ഒരു പോസ്റ്റ് നീക്കം ചെയ്യുന്നത്. നേരത്തെ നാസി അടയാളം ഉപയോഗിച്ചതിന് ഫേസ്ബുക്ക് ട്രംപിന്റെ ക്യാംപയിന്‍ പേജില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തിരുന്നു.
ഫോക്‌സ് ന്യൂസ് ചാനലിന്റെ ഒരു ക്ലിപ് ആണ് ട്രംപ് പോസ്റ്റ് ചെയ്തിരുന്നത്. ഒരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡി19നെതിരെ പ്രതിരോധ ശേഷിയുള്ളവരാണെന്ന പോസ്റ്റിലെ തെറ്റായ വാദം കോവിഡ് വ്യാജവിവരം സംബന്ധിച്ച തങ്ങളുടെ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി.
വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ ശേഷിയുണ്ടെന്ന വ്യാജ വാദം ട്രംപ് ഉന്നയിക്കുന്നത്. അതേസമയം ആരോഗ്യ വിദഗ്ധര്‍ പറയുന്നത് കുട്ടികളടക്കം എല്ലാ പ്രായക്കാര്‍ക്കും കോവിഡ് ബാധയേല്‍ക്കാനുള്ള തുല്യ സാധ്യതയുണ്ടെന്നാണ്.