Sorry, you need to enable JavaScript to visit this website.

നിത്യയുടെ പ്രണയ ഗീതങ്ങൾ

നിത്യ മാമ്മൻ
നിത്യ മാമ്മൻ
നിത്യ മാമ്മൻ

'വാതുക്കല് വെള്ളരി പ്രാവ്
വാക്കുകൊണ്ട് മുട്ടണ് കേട്ട്
തുള്ളിയാമിൻ ഉള്ളില് വന്ന്
നീയാം കടല്... പ്രിയനേ...
നീയാം കടല്...'

പ്രിയതമനെ തേടിയെത്തുന്ന കാമുകിയുടെ മനോഗതം എത്ര മനോഹരമായാണ് ഈ വരികളിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്. നരണിപ്പുഴ ഷാനവാസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിൽ ഹരിനാരായണന്റെ വരികൾക്ക് മന്ത്രമധുരമായ സംഗീതമൊരുക്കിയിരിക്കുകയാണ് എം.ജയചന്ദ്രൻ. പ്രണയവികാരം ഒട്ടും ചോരാതെ ആലപിച്ചിരിക്കുന്നതാകട്ടെ നിത്യ മാമ്മനും.
എടക്കാട് ബറ്റാലിയനിലെ 'നീ ഹിമമഴയായ്...' എന്ന ഗാനത്തിനു ശേഷം വീണ്ടുമൊരു പ്രണയമധുര ഗാനവുമായി എത്തിയിരിക്കുകയാണ് ഈ അനന്തപുരിക്കാരി. മലയാള സിനിമയിലെ പുതുസ്വരമായി മാറിയ ഈ ഗായിക ദി കുങ്ഫു മാസ്റ്റർ എന്ന ചിത്രത്തിലും പാടി. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിതാ പിള്ള നായികയായ ഈ ചിത്രത്തിൽ കാർത്തിക്കിനോടൊപ്പം ആലപിച്ച 'ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം...' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ട്രാക്ക് പാടാനെത്തി പിന്നണി ഗായികയായി മാറിയ ചരിത്രമാണ് നിത്യയുടേത്. മൂന്നു ചിത്രങ്ങളിൽ ട്രാക്ക് പാടിയ ധൈര്യത്തിലാണ് എടക്കാട് ബറ്റാലിയനിലെത്തിയത്. സംഗീത സംവിധായകൻ കൈലാഷ് മേനോൻ ശ്രേയാ ഘോശാലിനായി കരുതി വെച്ചിരുന്ന ഗാനം. ഒടുവിൽ നിത്യയുടെ സ്വരമാധുരിയിൽ ആകൃഷ്ടരായ പിന്നണി പ്രവർത്തകർ ആ ഗാനം അവരെക്കൊണ്ടു തന്നെ പാടിക്കുകയായിരുന്നു.


ആദ്യ ഗാനത്തോടെ തന്നെ സംഗീത പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ നിത്യയ്ക്കു കഴിഞ്ഞു. തിരുവനന്തപുരം വഴുതക്കാട്ടാണ് സ്വദേശമെങ്കിലും ഇപ്പോൾ കൊച്ചിയിലാണ് താമസം.
'സൂഫിയും സുജാതയും എന്ന ചിത്രത്തിലേയ്ക്കുള്ള ക്ഷണം തികച്ചും ആകസ്മികമായിരുന്നു. സുഹൃത്തായ രവിശങ്കറാണ് ക്ഷണം അറിയിക്കുന്നത്. അദ്ദേഹമാണ് ജയചന്ദ്രൻ സാറിന് എന്റെ പാട്ട് കേൾപ്പിച്ചു കൊടുത്തത്. എം.ജയചന്ദ്രൻ സാറിന്റെ ഗാനം പാടാനുള്ള അവസരം വന്നു ചേർന്നതറിഞ്ഞ് ഏറെ സന്തോഷം തോന്നി. അദ്ദേഹത്തിന്റെ ഗാനം പാടാൻ കഴിയുക എന്നത് ഭാഗ്യമായാണ് കരുതുന്നത്. രണ്ടു ദിവസത്തിനകം ഗാനം ആലപിക്കാനുള്ള അവസരവും വന്നുചേർന്നു. റെക്കോർഡിംഗ് കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പാട്ട് വളരെ നന്നായിട്ടുണ്ടെന്നും സിനിമയുടെ സന്ദർഭത്തിന് വളരെ യോജിച്ച രീതിയിലാണ് പാടിയതെന്നും ജയചന്ദ്രൻ സാർ വിളിച്ചു പറഞ്ഞു. അവാർഡ് കിട്ടിയ സന്തോഷമായിരുന്നു അപ്പോഴുണ്ടായത്. പാടിക്കഴിഞ്ഞപ്പോൾ തന്നെ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് തോന്നിയിരുന്നു. എന്നാൽ ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ല.'
കുട്ടിക്കാലം തൊട്ടേ സംഗീത വഴിയിലായിരുന്നു സഞ്ചാരം. അച്ഛൻ മാമ്മൻ വർഗീസിനും അമ്മ അന്നമ്മ മാമ്മനും ഖത്തറിലായിരുന്നു ജോലി. പന്ത്രണ്ടാം ക്ലാസു വരെ ഖത്തറിലായിരുന്നു വിദ്യാഭ്യാസം. കുട്ടിക്കാലത്ത് പള്ളിയിലെ ക്വയർ ടീമിൽ അംഗമായിരുന്നു. പെരിങ്ങനാട് രാജൻ സാറായിരുന്നു സംഗീത ഗുരു. പിന്നീട് സംഗീത സംവിധായകൻ ബേണി ഇഗ്‌നേഷ്യസ് സാറിൽനിന്നും പഠനം തുടർന്നു. കൂടാതെ സീതാ കൃഷ്ണനിൽനിന്നും കർണാട്ടിക് സംഗീതവും ബർണാലി ബിശ്വാസിൽ നിന്നു ഹിന്ദുസ്ഥാനിയും അഭ്യസിച്ചു.
ബിരുദ പഠനത്തിനായാണ് ബംഗളൂരുവിലെത്തിയത്. ബി.എം.എസ് എൻജിനീയറിംഗ് കോളേജിൽ നിന്നും ആർക്കിടെക്ചറിലാണ് ബിരുദമെടുത്തത്. കോളേജ് പഠന കാലത്ത് സ്റ്റേജ് പരിപാടികളിൽ സജീവമായിരുന്നു. ഇന്റർ കോളേജിയറ്റ് പരിപാടികളിലും പങ്കാളിയായി. ബംഗളൂരുവിൽ നടന്ന വോയ്‌സ് ഓഫ് ബംഗളൂരു സംഗീത മത്സരത്തിൽ പങ്കെടുത്ത് ഫൈനലിലെത്തിയിരുന്നു.


കൈലാസ് സാറാണ് ആദ്യമായി പിന്നണി പാടിച്ചത്. കുട്ടിക്കാലം തൊട്ടേയുള്ള മോഹമായിരുന്നു പിന്നണി ഗായികയാകുക എന്നുള്ളത്. അതിനായി കവർ സോംഗുകളും ട്രാക്കുകളുമൊക്കെ പാടിയിട്ടുണ്ട്. ഗോപി സുന്ദർ സാറിനും റാഫേൽ സാറിനുമെല്ലാം വേണ്ടി ട്രാക്കുകൾ പാടി. ഒരു ലൈവ് ഷോ കണ്ട് കൈലാസ് സാറിന്റെ അമ്മയാണ് എന്നെ പരിചയപ്പെടുത്തിയത്. അങ്ങനെയാണ് ട്രാക്ക് പാടാൻ ക്ഷണം ലഭിക്കുന്നത്.
ശ്രേയാ ഘോശാലിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന പ്രചാരണം ശരിയല്ല. വലിയൊരു ഗായികയാണവർ. അവരുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല. വിശേഷണം ഇഷ്ടമാണെങ്കിലും സ്വന്തം ഐഡന്റിറ്റി കാത്തുസൂക്ഷിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. തുടക്കക്കാരിയായ എനിക്ക് അവരുമായി സാമ്യപ്പെടുത്തുന്നതിൽ സന്തോഷമുണ്ട്. അവരെപ്പോലെ വ്യത്യസ്തങ്ങളായ പാട്ടുകൾ പാടണമെന്നു തന്നെയാണ് എന്റെയും ആഗ്രഹം. പുതിയ പാട്ടുകൾ ഇനിയും വരാനുണ്ട്. അവയുടെ റിലീസ് അറിയാത്തതുകൊണ്ട് പറയുന്നില്ല എന്നു മാത്രം.

പഠിച്ചത് ആർക്കിടെക്ചറാണെങ്കിലും സംഗീത വഴിയിൽ സഞ്ചരിക്കാനാണ് മോഹം. ബംഗളൂരുവിൽ കുറച്ചു കാലം ആർക്കിടെക്ടായി ജോലി നോക്കിയിരുന്നു. ഇഷ്ടപ്പെട്ട് ചെയ്തതല്ല. അതിൽ നിരാശയുമില്ല. പിന്നീട് ഫ്രീലാൻസായും കുറച്ചു കാലം ജോലി നോക്കി. പാട്ടാണ് എന്റെ വഴി എന്ന് ബോധ്യമായപ്പോൾ ജോലി നിറുത്തി. നാലു വർഷത്തോളമായി കൊച്ചിയിലാണ് താമസം.
വർഷങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ മേയ് മാതം എന്ന ചിത്രത്തിലെ 'എൻമേൽ വിഴുന്ത...' എന്ന ഗാനത്തിന്റെ കവർ വേർഷൻ പാടിയതും ഏറെ ശ്രദ്ധേയമായിരുന്നു. എ.ആർ. റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചത് പി.ജയചന്ദ്രനും കെ.എസ്.ചിത്രയുമായിരുന്നു. സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെയായിരുന്നു ആ ഗാനാലാപനം. മഴയെ കൂട്ടുപിടിച്ചൊരുക്കിയ ഈ ഗാനത്തിൽ എന്നോടൊപ്പം അഞ്ചു ഗായകരുമുണ്ടായിരുന്നു.
സംഗീത രംഗത്ത് ഇനിയുമേറെ പഠിക്കാനുണ്ടെന്ന വിശ്വാസക്കാരിയാണ് ഞാൻ. പിന്നണി ഗായിക എന്ന നിലയിൽ കുറേ സിനിമകളുടെ ഭാഗമാകണമെന്നാണ് മോഹം.
സംഗീത രംഗത്തില്ലെങ്കിലും വീട്ടിലെല്ലാവർക്കും പാട്ട് വളരെ ഇഷ്ടമാണ്. സിനിമയിൽ അവസരം ലഭിച്ചപ്പോൾ എല്ലാവരും നല്ല സപ്പോർട്ടാണ് നൽകിയത്. പിന്നണി ഗാന രംഗത്ത് ചുവടുറപ്പിക്കാൻ സഹായിച്ച ഒട്ടേറെ പേരുണ്ട്. അവരോടെല്ലാം മറക്കാനാവാത്ത നന്ദിയും കടപ്പാടുമാണുള്ളത്. 
സൂഫിയും സുജാതയും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് പുറത്തിറങ്ങുന്നതെന്നറിഞ്ഞപ്പോൾ ആശങ്കയുണ്ടായിരുന്നു, പാട്ട് ശ്രദ്ധിക്കപ്പെടാതെ പോകുമോ എന്ന്. എന്നാൽ അത്തരം ആശങ്കകൾ അസ്ഥാനത്താക്കി നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ഏറെ സന്തോഷം' -നിത്യ പറഞ്ഞു നിർത്തുന്നു.
 

Latest News