ട്രഷറിയില്‍നിന്ന് രണ്ട് കോടി തട്ടിയ കേസില്‍ ബിജുലാല്‍ അറസ്റ്റില്‍

തിരുവനന്തപുരം-വഞ്ചിയൂര്‍ സബ് ട്രഷറിയില്‍നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാല്‍ അറസ്റ്റില്‍. വഞ്ചിയൂരിലുള്ള അഭിഭാഷകന്റെ ഓഫീസില്‍നിന്നാണ് പിടിയിലായത്.
ഇന്ന് രാവിലെയാണ് ബിജു പൂന്തുറ സോമന്‍ എന്ന അഭിഭാഷകന്റെ ഓഫീസില്‍ എത്തിയത്. താന്‍ കീഴടങ്ങാന്‍ പോകുന്നതായി ഇയാള്‍ അഭിഭാഷകനോട് പറഞ്ഞിരുന്നു. ഇയാള്‍ ജൂലൈ 31ന് തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

ബിജുലാലിന്റെ വീട്ടില്‍ പരിശോധന നടത്തിയ  പോലീസ് ബിജുവിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും മറ്റ് രേഖകളും  പിടിച്ചെടുത്തിട്ടുണ്ട്. ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നു പോലീസ് അറിയിച്ചു.

വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിജുലാലും ഹയര്‍സെക്കന്‍ഡറി അധ്യാപികയായ ഭാര്യ സിനിയുമാണ് പ്രതികള്‍. സിനിയില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

 

Latest News