തിരുവനന്തപുരം- പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നത്.
ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള രാജ്യാന്തര ഗൈഡ് ലൈന്‍ അനുസരിച്ചാണ് ഇവിടെയും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. കോവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഇക്കാര്യത്തില്‍ ആരോഗ്യ രംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനമെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒരാള്‍ കോവിഡ് സംശയിക്കപ്പെടുന്ന സമയത്താണ് മരിച്ചതെങ്കില്‍ അപ്പോള്‍ തന്നെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇതു സംബന്ധിച്ച വിദഗ്ധ പരിശോധനയും മെഡിക്കല്‍ റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടങ്ങുന്ന വിദഗ്ധ സമിതി പരിശോധിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്.
കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരണമടഞ്ഞാല്‍ അതിനെ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. മാത്രമല്ല ഗുരുതരമായ അസുഖങ്ങള്‍ ഉള്ള ഒരാള്‍ ആ അസുഖം മൂര്‍ച്ഛിച്ച് മരണമടയുന്നുവെങ്കില്‍ പോസിറ്റീവാണെങ്കില്‍ പോലും കോവിഡ് മരണത്തില്‍ പെടില്ല.
ഇതുസംബന്ധിച്ച് ആ രോഗിയെ പരിശോധിച്ച ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വിദഗ്ധ സമിതി വിലയിരുത്തിയാണ് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.