കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 3000 ദിര്‍ഹം പിഴ

ദുബായ്- കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ദുരുപയോഗപ്പെടുത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് യു.എ.ഇ അധികൃതര്‍. വാഹനയാത്രകളിലെ ഇളവുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ വിട്ടുവീഴ്ച അനുവദിക്കില്ല. കാറുകളില്‍ മൂന്നു പേരില്‍ കൂടുതല്‍  യാത്ര ചെയ്താല്‍ 3,000 ദിര്‍ഹം പിഴ ചുമത്തും. ഒന്നിലേറെ പേരുണ്ടെങ്കില്‍ മാസ്‌ക് ധരിക്കണം.

കുടുംബാംഗങ്ങള്‍ ആണെങ്കില്‍ മൂന്നിലധികം ആള്‍ക്കാര്‍ക്ക് യാത്ര ചെയ്യാം. ഡ്രൈവ് ചെയ്യുന്നയാള്‍ മാത്രമാണ് വാഹനത്തിലുള്ളതെങ്കില്‍ മാസ്‌ക് നിര്‍ബന്ധമില്ല. ഉപയോഗിച്ച മാസ്‌ക് അലക്ഷ്യമായി വലിച്ചെറിഞ്ഞാലും 3,000 ദിര്‍ഹമാണു പിഴ. വാഹനങ്ങളില്‍നിന്നു വലിച്ചെറിഞ്ഞാല്‍ പിഴയ്ക്കു പുറമെ ലൈസന്‍സില്‍ 6 ബ്ലോക് പോയിന്റുകള്‍ പതിക്കുകയും ചെയ്യും.

പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ കഠിന വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ഒഴിവാക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കണം. ഹോട്ടലുകളില്‍ മേശകള്‍ തമ്മില്‍ ചുരുങ്ങിയത് 2 മീറ്റര്‍ അകലമുണ്ടാകണമെന്നും നിര്‍ദേശമുണ്ട്.

 

 

Latest News