Sorry, you need to enable JavaScript to visit this website.

ഉറങ്ങാത്ത നഗരം 

വർണ വിസ്മയത്തിന്റെയും നൃത്ത സംഗീത ശാലകളുടെയും നഗരത്തിലേക്കുള്ള എന്റെ യാത്ര തനിച്ചായിരുന്നു. അവിടെ രണ്ടോ മൂന്നോ ദിവസം ചുറ്റിക്കറങ്ങുക വളരെ എളുപ്പമാണ്. വളരെ ചെറിയ നഗരമാണെങ്കിലും സന്ദർശകരുടെ ബാഹുല്യം ഈ നഗരത്തെ എപ്പോഴും വീർപ്പുമുട്ടിക്കുക പതിവാണ്. വിമാനത്തിന്റെ വാതിൽ തുറന്നപ്പോൾ തന്നെ ഈ നഗരത്തിന്റെ വിസ്മയം എന്നെ അത്ഭുതപ്പെടുത്തി.  എയ്‌റാബ്രിഡ്ജിലൂടെ നടന്നെത്തുമ്പോൾ യാത്രക്കാരെ എതിരേൽക്കുന്ന അതിമനോഹരമായ നിയോൺ പരസ്യപ്പലകയിൽ അറിയാതെ ഏറെ നേരം നോക്കിനിന്നു. 'ഭൂമിയിലെ സ്വർഗത്തിലേക്ക്' സ്വാഗതമെന്ന വാചകം വായിക്കാതെ പോകാനാവില്ല. സംഗീതത്തിന്റെ മാസ്മരികതയിൽ അക്ഷരങ്ങൾ നൃത്തം വെക്കുമ്പോൾ നാമും ചുവടു വെച്ചുപോകും.

 

വിമാനമിറങ്ങി നടന്നു നീങ്ങുന്നതോടെ വർണാഭമായ വെളിച്ചത്തിലൂടെ ആടിപ്പാടി യാത്രക്കാരെ സമീപിക്കുന്ന സുന്ദരികൾ.   അവർ നിങ്ങളെ ആനയിച്ചു കൊണ്ടുപോകുന്നത് മറ്റൊരു വിശാലവും വൈവിധ്യ നിറങ്ങളിൽ അലങ്കരിച്ചതുമായ ലോബിയിലേക്കായിരിക്കും. അവിടെയുള്ള പലതരം ചൂതാട്ട യന്ത്രങ്ങളെ പരിചയപ്പെടുത്തുന്നതോടെ ജാക്ക് പോട്ടടക്കമുള്ള സമ്മാനങ്ങൾ  നേടാമെന്ന വലിയ മോഹന വാഗ്ദാനങ്ങൾ പറഞ്ഞു പ്രലോഭിപ്പിക്കും. അവർ ഓരോ ചൂതാട്ട മെഷീനുകളും പ്രവർത്തിപ്പിച്ചു കാണിക്കും. പത്തോ അമ്പതോ ഡോളറിൽ തുടങ്ങുന്ന കളികൾ അവസാനിക്കാൻ മണിക്കൂറുകൾ ചെലവിടേണ്ടി വരും. നേടാനും നഷ്ടപ്പെടാനുമുള്ള അവസരം നിങ്ങളുടേത് മാത്രമായിരിക്കും. വിമാനത്തിൽ  വന്നിറങ്ങുന്ന ഓരോ യാത്രക്കാരനും മണിക്കൂറുകൾ കഴിഞ്ഞാണ് ഇമിഗ്രേഷൻ, കസ്റ്റംസ് കൗണ്ടറുകളിൽ എത്തുക. അതിനിടയിൽ നിങ്ങളോടൊപ്പമുണ്ടായിരുന്ന സുന്ദരി പുതിയ യാത്രക്കാരെ തേടി പോകും. സ്വർഗ കവാടത്തിലെ ഈ മാലാഖമാർ  പുതിയ ഇരകളെയും കൊണ്ട് ചൂതാട്ട ഹാളിലേക്ക് പോകും. ഇടതടവില്ലാതെ വന്നിറങ്ങുന്ന യാത്രക്കാർ വെറും ഇരകൾ മാത്രമായിരിക്കും.


അമേരിക്കയിലെ ഓരോ നഗരത്തിനും വ്യത്യസ്ത കഥകൾ പറയാനുണ്ട്.  അതൊക്കെ തന്നെ അമേരിക്കയുടെ കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.  പുതിയ തലമുറക്ക് മനസ്സിലാവുന്ന വിധത്തിൽ സംവിധാനം ചെയ്ത മ്യൂസിയങ്ങൾ ഓരോ നഗരത്തിലുമുണ്ട്. നവാഡ സ്‌റ്റേറ്റ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ  ഓടിയെത്തുന്നത് ഒരു പഴയ കൃഷി ഭൂമിയുടെ കഥയാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് നവാഡയിൽ കൃഷിയുമായി മനുഷ്യർ ജീവിതം ആരംഭിക്കുന്നത്. കൊളറാഡാ നദിയുമായി ബന്ധപ്പെടുത്തി കൊണ്ടായിരുന്നു അവിടത്തെ കൃഷിയിടങ്ങൾ. കാലക്രമത്തിൽ കൃഷിപ്പണി കുറഞ്ഞു വന്നതോടെ മറ്റു കച്ചവടങ്ങൾ ചെയ്യാൻ  തുടങ്ങി. പിന്നീട് മെക്‌സിക്കോയിൽ നിന്ന് വന്ന അറുപതംഗ സംഘത്തിൽപ്പെട്ട   ആന്റോണിയോ ആർമി ജോ പുതിയ കച്ചവട സമ്പ്രദായം 'ലോസ് ആഞ്ചലോസ്' കേന്ദ്രമായി ആരംഭിച്ചു. അദ്ദേഹം തന്നെയാണ് ഈ സിറ്റിയ്ക്ക് 'ലാസ് വെഗാസ്' എന്ന് പേരിട്ടത്. 


സന്ധ്യ ആകുന്നതോടെ ലാസ് വാഗസ് രാത്രി ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ഉറക്കമില്ലാത്ത ഉത്സവ രാത്രികളാണ് അവിടത്തെ ഓരോ നിമിഷങ്ങളും. തെരുവുകൾ സംഗീത സാന്ദ്രമാവുന്നതോടെ നിറങ്ങളിൽ നൃത്തം ചവിട്ടി മാത്രമേ നടന്നു നീങ്ങാൻ കഴിയൂ. സംഗീതത്തിന്റെ ചുവടിൽ ആടിയും പാടിയും രാത്രികൾ തെരുവുകളിൽ  കഴിയുന്നു. പ്രസിദ്ധമായ എല്ലാ ചൂതാട്ട കമ്പനികളും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ലോകത്തിലെ അതിസമ്പന്നർ ചൂതാട്ടത്തിനായി മാസങ്ങളോളം ഇവിടെ താമസിക്കുന്നു. 48 കിലോമീറ്ററിൽ നീണ്ടുകിടക്കുന്ന ഒരു നഗരത്തിൽ ഉറക്കമില്ലാത്ത രാവുകളിൽ എല്ലാ ഹോട്ടലുകളിലും കാസിനോകൾ പ്രവർത്തിക്കുന്നു. കോടിക്കണക്കിനു ഡോളറിന്റെ ചൂതാട്ടമാണ് ഓരോ രാത്രിയിലും ഇവിടെ നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ എം.ജി.എം ഈ നഗരത്തിലാണ്. അവിടെയാണ് വലിയ കാസിനോകൾ ഉള്ളതും സമ്പന്നരുടെ ചൂതാട്ടം നടക്കുന്നതും. 6652 മുറികളുള്ള ഈ ഹോട്ടൽ ഏഴ് ഏക്കർ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. ആധുനിക കരവിരുതുകൾ കൂട്ടിച്ചേർത്ത ഈ കെട്ടിടത്തിലാണ് ചൂതാട്ടത്തിനെത്തുന്നവർ താമസിക്കുന്നത്. റൂം ചെക്കിൻ-ചെക്ക് ഔട്ടിനായി മുപ്പത്തിലധികം കൗണ്ടറുകളുണ്ട്. റൂമിൽ വെച്ചു തന്നെ സ്വയം ചെക്കൗട്ട് ചെയ്യാനുള്ള സംവിധാനവുമുണ്ട്. ലോകത്തിലെ എല്ലാ ഹോട്ടൽ ശൃംഖലകളും ഈ കൊച്ചു നഗരത്തിൽ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. 


ലാസ് വെഗാസിന്റെ മറ്റൊരു പ്രത്യേകത ഇതൊരു 'കല്യാണ നഗരം' കൂടിയാണ്. ലോക പ്രശസ്ത ഹോളിവുഡ് താരങ്ങളുടെയും, വൻ കച്ചവട പ്രമാണിമാരുടെയും വിവാഹങ്ങൾ നടക്കുന്നത് ഇവിടെ വെച്ചാണ്. ഏകദേശം രണ്ടു ലക്ഷത്തോളം ഹോട്ടൽ  മുറികൾ ഈ കൊച്ചു നഗരത്തിലുണ്ട്. അവയിൽ തൊണ്ണൂറു ശതമാനവും എല്ലാ അവസരത്തിലും നിറഞ്ഞു കവിയുന്നു. ഞാൻ താമസിച്ച ഹോട്ടലിലും അന്നൊരു കല്യാണം നടന്നു. തികച്ചും വ്യത്യസ്തമാണ് അമേരിക്കൻ വിവാഹച്ചടങ്ങുകൾ. 


ചൂതാട്ട ശാലകൾ പഴയപോലെ പ്രവർത്തിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. ചൂതാട്ട മുതലാളിമാർ അങ്കലാപ്പിലാണ്. ചൂതാട്ടത്തിനായി എത്തുന്നവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചതായി ഹോട്ടൽ ഉടമ പീറ്റർ ബാൻസൺ പറയുന്നു. ഞാൻ കാര്യം തിരക്കി. അയാൾ സുസ്‌മേരവദനനായി പറഞ്ഞു: 'സ്മാർട്ട് ഫോൺ കാസിനോ' ആണ് പുതിയ വില്ലൻ. 'ഹഗ് കാസിനോ' എന്ന പുതിയ ആപ്പ് വിപണിയിൽ സുലഭമാണ്. പാരമ്പര്യമായി തുടരുന്ന കാസിനോ കളികൾ മാറ്റിമറിക്കാൻ ആധുനിക സാങ്കേതിക വിദ്യ നടപ്പിൽ വന്നുകഴിഞ്ഞു. തുടക്കത്തിൽ തന്നെ 200 തവണ ഫ്രീയായി കളിക്കാനുള്ള പരസ്യവുമായാണ് ആപ്പ് പുറത്തിറങ്ങിയത്. യൂബർ ടാക്‌സികൾ പാരമ്പര്യ ടാക്‌സികളെ കീഴടക്കിയ പോലെ അനതിവിദൂരമായ ഭാവിയിൽ കാസിനോകളും സ്മാർട്ട് ഫോൺ കാസിനോകൾ കീഴടക്കും.  (അവസാനിച്ചു)

Latest News