Sorry, you need to enable JavaScript to visit this website.

വീണ്ടും തളിർക്കുന്ന നഞ്ചൻഗോഡ് സ്വപ്നങ്ങൾ

ഒട്ടേറെ തവണ എസ്റ്റിമേറ്റ് തയാറാക്കുകയും സർവേ നടക്കുകയും ചെയ്ത നിലമ്പൂർ-നഞ്ചൻഗോഡ് പാത യാഥാർഥ്യമാകേണ്ടത് കേരളത്തിന്റെ വികസനത്തിന് അനിവാര്യമായ കാര്യമാണ്. മുൻവർഷങ്ങളിലും കേന്ദ്ര സർക്കാർ ഇതിനുള്ള നടപടികൾ എടുത്തിട്ടുണ്ടെങ്കിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ഇഛാശക്തി ഒരു സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. 

കേരളത്തിൽ റെയിൽ പാതകളുടെ വികസനം വർഷങ്ങളായി സ്തംഭിച്ചു നിൽക്കുകയാണ്. പ്രാദേശികമായ ഗതാഗത സൗകര്യങ്ങൾക്ക് ഉപകരിക്കുന്ന കൊച്ചി മെട്രോ മാറ്റിനിർത്തിയാൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റെയിൽ പാതകളിൽ കാര്യമായ വികസനം നടപ്പായിട്ടില്ല. വരുമാന നഷ്ടത്തിന്റെ പേരിൽ സംസ്ഥാനത്തെ പല സ്റ്റേഷനുകളിലും അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പോലും റെയിൽവേ തയാറാകുന്നില്ല. വരുമാനം കുറഞ്ഞ റെയിൽെേവ സ്‌റ്റേഷനുകളിൽ തീവണ്ടികൾക്ക് സ്‌റ്റോപ്പ് അനുവദിക്കില്ലെന്ന നയവും തുടങ്ങിക്കഴിഞ്ഞു. 
കേരളത്തോടുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അവഗണനയുടെ ഏറെ കാലപ്പഴക്കമുള്ള ഉദാഹരണമാണ് നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽ പാത. ബ്രിട്ടീഷ് ഭരണകാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന ഈ പാതക്ക് വേണ്ടി സ്വാതന്ത്ര്യാനന്തര ഭാരതത്തിലും ശക്തമായ ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ പോലും അസ്തമിച്ചു നിൽക്കുകയാണ്. ഇതിനിടയിലാണ് ഈ പാതയുടെ നിർമാണത്തിനുള്ള പദ്ധതി രേഖ തയാറാക്കുന്നതിനുള്ള ഒരു നിർദേശം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ നിന്ന് എത്തിയിട്ടുള്ളത്. ഇതിനുള്ള ചുമതല കേരള റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷനെ ഏൽപിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി വയനാട് എം.പിയായ രാഹുൽ ഗാന്ധിയെ രേഖാമൂലം അറിയിച്ചിരിക്കുകയാണ്.
നഞ്ചൻകോഡ് പാതയുടെ കാര്യത്തിൽ ഇത്തരത്തിലുള്ള നടപടികൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ഓരോ തവണയും സർക്കാർ നിർദേശങ്ങൾ വരുമെങ്കിലും പിന്നീട് എവിടെയുമെത്താറില്ല. എങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ ഉണ്ടാകുന്ന ഓരോ നടപടിയും പ്രതീക്ഷകൾ ഉണർത്തുന്നതാണ്.
കേരളത്തെയും കർണാടകയെയും കുറഞ്ഞ ദൂരം കൊണ്ട് ബന്ധിപ്പിക്കുന്ന നഞ്ചൻഗോഡ് റെയിൽപാത സുവർണ ഇടനാഴിയെന്നാണ് ബ്രിട്ടീഷ് കാലം മുതൽ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 1881 ലാണ് ഈ പാതയെ കുറിച്ചുള്ള ആദ്യപഠനം നടക്കുന്നത്. കേരളത്തിൽ മലപ്പുറം, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് തമിഴ്്‌നാട്ടിലൂടെ കർണാടകയിലേക്ക് കടന്നു പോകുന്ന പാത ജനങ്ങളുടെ യാത്രാസൗകര്യങ്ങളിൽ മാത്രമല്ല ചരക്കു ഗതാഗതത്തിലും വലിയ മാറ്റങ്ങൾക്ക് സഹായകമാകുന്നതാണ്. നിലമ്പൂരിൽ തുടങ്ങി തമിഴ്്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള ദേവാലയിലൂടെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിലേക്ക് കടന്ന് കർണാടകയിലെ ചാംനഗർ ജില്ലയിലെ മധുർ എന്ന സ്ഥലത്തു കൂടി മൈസൂരിനടുത്തുള്ള നഞ്ചൻഗോഡ് അവസാനിക്കുന്ന പാതക്ക് 236 കിലോമീറ്ററാണ് ദൂരം. കേരളത്തിൽ നിന്ന് കർണാടകയിലേക്കുള്ള ദൂരത്തിൽ 70 കിലോമീറ്ററിന്റെയും മൈസൂരിലേക്കുള്ള ദൂരത്തിൽ 360 കിലോമീറ്ററിന്റെയും കുറവ് ഈ പാത വരുന്നതിലൂടെ ഉണ്ടാകും. 
സാമ്പത്തിക ബാധ്യതയുടെ പേരിലാണ് പാതയുടെ നിർമാണത്തിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ റെയിൽവേ പിറകോട്ടു പോയത്. 2010 ൽ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 4266 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഈ എസ്റ്റിമേറ്റിന് അന്നത്തെ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗീകാരം നൽകിയിരുന്നു. നിർമാണ ചെലവിന്റെ ഒരു ഭാഗം വഹിക്കാമെന്ന് 2014 ൽ കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള സഹകരണത്തിന് തമിഴ്്‌നാട്, കർണാടക സർക്കാരുകൾ മുന്നോട്ടു വരാതിരുന്നത് അന്ന് തിരിച്ചടിയായി. 
പാരിസ്ഥിതിക പ്രശ്്‌നങ്ങളും ഈ പാതക്ക് വിലങ്ങു തടിയായി. ബന്ദിപ്പൂർ കടുവാ സങ്കേതം, വയനാട് വന്യജീവി സങ്കേതം എന്നിവയിലൂടെ 22 കിലോമീറ്റർ കാട്ടിനുള്ളിലൂടെ കടന്നു പോകുന്ന പാത വന്യജീവികൾക്ക് ശല്യമാകുമെന്ന വാദം ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിന്റെ പേരിൽ ഹൈക്കോടതി പാത നിർമിക്കുന്നതിന് അനുമതി നൽകാനാവില്ലെന്നും ഉത്തരവിട്ടിരുന്നു. നിലവിൽ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് റോഡ് സംവിധാനങ്ങൾ ഉണ്ടെന്നും കാട്ടിനുള്ളിലൂടെ മറ്റൊരു യാത്രാമാർഗം ആവശ്യമില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇത്തരം എതിർപ്പുകളും നിയമ തടസ്സങ്ങളും നിലനിൽക്കുന്നതിനിടയിയാണ് പാതയുടെ പദ്ധതിരേഖ തയാറാക്കാൻ റെയിൽവേ മന്ത്രാലയം നിർദേശം നൽകിയിട്ടുള്ളത്.
കേരളത്തിന്റെ വാണിജ്യ മേഖലയിൽ വലിയ പുരോഗതിക്ക് ഈ പാത സഹായകമാകുമെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. മൈസൂരിൽ നിന്ന് നിലമ്പൂരിൽ എത്തുന്ന ബ്രോഡ്‌ഗേജ് പാത അവിടെ നിന്ന് ഷൊർണൂർ വരെ ബന്ധിപ്പിച്ചാൽ കേരളത്തിന്റെ റെയിൽവേ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് സഹായകമാകും. കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും പ്രതിദിനം ശരാശരി അര ലക്ഷം പേർ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വിവിധ റൂട്ടുകളിലൂടെ കേരളത്തിൽ നിന്ന് ദിവസേന 240 ബസുകളാണ് ബാംഗ്ലൂരിലേക്ക് സർവീസ് നടത്തിയിരുന്നത്. സ്വകാര്യ വാഹനങ്ങൾ വേറെയും. ആയിരത്തിലേറെ ട്രക്കുകളാണ് ഒരു ദിവസം ചരക്കുകളുമായി അതിർത്തി കടന്നെത്തുന്നത്. റെയിൽവേ വരുന്നതോടെ സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂരിലേക്കുള്ള ദൂരം ഒരു മണിക്കൂറായി കുറയും. ചരക്കു ഗതാഗതത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കാനും ഇത് ഉപകരിക്കും. കേരളത്തിന്റെ സാമ്പത്തിക വാണിജ്യ മേഖലകളിൽ വലിയ കുതിച്ചു ചാട്ടത്തിന് ഈ പാത സഹായകമാകും.
ഒട്ടേറെ തവണ എസ്റ്റിമേറ്റ് തയാറാക്കുകയും സർവേ നടക്കുകയും ചെയ്ത നിലമ്പൂർ-നഞ്ചൻഗോഡ് പാത വൈകി?ാണെങ്കിലും യാഥാർഥ്യമാകേണ്ടത് കേരളത്തിന്റെ വികസനത്തിന് അനിവാര്യമായ കാര്യമാണ്. മുൻവർഷങ്ങളിലും കേന്ദ്ര സർക്കാർ ഇതിനുള്ള നടപടികൾ എടുത്തിട്ടുണ്ടെങ്കിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ഇഛാശക്തി ഒരു സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പദ്ധതി യാഥാർഥ്യമാക്കുന്നതിൽ കേരള സർക്കാരിന്റെയും കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുടെയും ഇടപെടലുകളും സമ്മർദവും അനിവാര്യമാണ്.

Latest News