മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാതെ ബ്രിട്ടീഷ് യാത്രക്കാര്‍;  വിമാനത്തിനുള്ളില്‍ പൊരിഞ്ഞ തല്ല് 

ലണ്ടന്‍-ബ്രിട്ടീഷ് പൗരന്മാര്‍ക്ക് കോവിഡ് പ്രതിരോധം, സാമൂഹ്യ അകലം പാലിക്കല്‍ എന്നൊക്കെ പറയുന്നത് ഇപ്പോഴും അവജ്ഞയാണ്. മാസ്‌ക് വയ്ക്കാന്‍ പോലും മടിയാണ്. കഴിഞ്ഞ ദിവസം ആംസ്റ്റര്‍ഡാമില്‍ നിന്നും ഇബിസ ദ്വീപിലേക്ക് പറന്നുയര്‍ന്ന കെ എല്‍എം വിമാനത്തില്‍ രണ്ട് ബ്രിട്ടീഷ് യാത്രക്കാര്‍ കാരണം പൊരിഞ്ഞ അടി നടന്നു. ഫേസ് മാസ്‌ക് ധരിക്കാന്‍ ഇവര്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു ബാക്കി യാത്രക്കാരുമായി കൂട്ടയടി നടന്നത്.
ആംസ്റ്റര്‍ഡാമില്‍ നിന്നും പറന്നുയര്‍ന്ന ഉടനെയായിരുന്നു സംഭവം. ഫേസ് മാസ്‌ക് ധരിക്കാന്‍ കൂട്ടക്കാത്ത ബ്രിട്ടീഷ് യാത്രക്കാരെ മറ്റുള്ളവര്‍ ചോദ്യം ചെയ്തതോടെയാണ് ബഹളം ആരംഭിച്ചത്. ഒരു സഹയാത്രികന്‍ എടുത്ത വീഡിയോയില്‍ ഇവര്‍ മറ്റുള്ളവരുമായി ഉന്തും തള്ളും നടത്തുന്നത് കാണാം. വിമാനത്തില്‍ കുട്ടികളും ഉണ്ട്. മാസ്‌ക് ധരിക്കാത്തത് അവരുടെ ജീവന്‍ അപകടത്തിലാകും എന്ന് മറ്റുള്ള യാത്രക്കാര്‍ ഉച്ചത്തില്‍ പറയുന്നുണ്ട്. മറ്റു യാത്രക്കാരുടെ സഹായത്തോടെ രണ്ടുയാത്രക്കാരേയും ബന്ധനസ്ഥരാക്കി ഇബിസയില്‍ ഇറങ്ങിയ ഉടനെ സ്പാനിഷ് പോലീസിന് കൈമാറുകയും ചെയ്തു. ആദ്യത്തെ ബോര്‍ഡിംഗ് കോള്‍ മുതല്‍ ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിലെ അറൈവല്‍ ഗേറ്റ് കടക്കുന്നതുവരെ ഫേസ് മാസ്‌ക് ധരിക്കണം എന്നത് കെഎല്‍എം വിമാനക്കമ്പനിയുടെ നിബന്ധനയാണ്. അത് പാലിക്കാതെയാണ് രണ്ട് ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ പോരിന് ഇറങ്ങിയത്.10 വയസില്‍ താഴെയുള്ളവരും ആരോഗ്യപരമായ കാരണങ്ങളാല്‍ മാസ്‌ക് ധരിക്കാന്‍ കഴിയാത്തവരും ഒഴിച്ച് മറ്റുള്ളവരെല്ലാം വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കണം എന്നത് കെഎല്‍എം നിര്‍ബന്ധമാക്കിയിട്ടുണ്ട്. പല വിമാനത്താവളങ്ങളിലും മാസ്‌ക് ഇതിനോടകം നിര്‍ബന്ധമാണ്. വിമാനത്തിനുള്ളില്‍ ഭക്ഷണം കഴിക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യുമ്പോള്‍ പരിമിതമായ സമയം മാസ്‌ക് നീക്കം ചെയ്യാന്‍ യാത്രക്കാര്‍ക്ക് അനുമതിയുണ്ട്.


 

Latest News