കോഴിക്കോട്ട് കോവിഡ് മരണം; ക്ലിനിക്ക് അടച്ചു

കോഴിക്കോട്- മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി കോവിഡ് ബാധിച്ചു മരിച്ചു. 80കാരനായ മലയില്‍ പറമ്പില്‍ മരക്കാര്‍കുട്ടിയാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഒരാഴ്ച മുമ്പാണ് പനിയും ശ്വാസം തടസ്സവും പിടിപെട്ട് ചികിത്സ തേടിയത്. ഇദ്ദേഹം ആദ്യ ചികിത്സ തേടിയ കക്കട്ടില്‍ കരുണാ ക്ലിനിക്ക് അടച്ചു. ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ഇവരില്‍ അഞ്ചോളം പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ക്ലിനിക്കിലെ ചികിത്സയ്ക്കു ശേഷം ശ്വാസംമുട്ടല്‍ വന്നതോടെ കോഴിക്കോട് ഇഖ്‌റഅ് ഹോസ്പിറ്റലില്‍ ചികിത്സ തേടി. ഇവിടെ നിന്നാണ് കോവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളെജിലേക്കു മാറ്റുകയായിരുന്നു. 

കക്കട്ടിലിലെ കരുണാ ക്ലിനിക്കില്‍ ജൂലൈ 24 രാവിലെ 9.30 മുതല്‍ 10.45 വരേയും 28ാം തീയതി 9.30 മുതല്‍ 10.30 വരേയും ഓഗസ്റ്റ് ഒന്നാം തീയതി പത്തു മണി മുതല്‍ ഒരു മണി വരേയും ചകിത്സ തേടിയെത്തിവരോട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാന്‍ അറിയിപ്പു നല്‍കി.
 

Latest News