Sorry, you need to enable JavaScript to visit this website.

നജീബ് മടങ്ങുന്നു, പ്രവാസം പകർന്ന നന്മയുടെ പാഠങ്ങളുമായി

ജിദ്ദ- നീണ്ട മുപ്പത്തൊന്ന് വർഷത്തെ പ്രവാസത്തിനിടെ മലപ്പുറം ചാപ്പനങ്ങാടി സ്വദേശി നജീബ് തോട്ടോളി പഠിച്ചത് നന്മയുടെയും മാനവികതയുടെയും നല്ല പാഠങ്ങൾ. മലയാളം ന്യൂസ്, അറബ് ന്യൂസ് പത്രശൃംഖലയുടെ പ്രസാധകരായ സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനവും ഔദ്യോഗിക പരസ്യ ഏജൻസിയുമായ അൽഖലീജിയ്യ അഡ്വർടൈസിംഗ് കമ്പനിയിൽ നിന്ന് വിരമിച്ച് നാളെ നാട്ടിലേക്ക് മടങ്ങുമ്പോൾ നജീബിന്റെ മനസ്സിൽ ആടുജീവിതത്തിലെ നജീബിനെപ്പോലെയുള്ള കയ്‌പേറിയ അനുഭവങ്ങൾ അത്രയൊന്നുമില്ല. പക്ഷേ ക്ലേശമനുഭവിക്കുന്ന സ്വന്തം നാട്ടുകാർക്ക് തുണയും തണലുമായ ജിദ്ദ - ചാപ്പനങ്ങാടി മഹല്ല് കമ്മിറ്റിയുടെ സേവന പ്രവർത്തനങ്ങളിൽ ഒരു കൈ സഹായത്തിന് എന്നുമുണ്ടായതിന്റെ ചാരിതാർഥ്യമേറെയുണ്ട്.  


ബാപ്പ തോട്ടോളി അബു ജിദ്ദയിൽ അറബ് ന്യൂസിന്റെ ആരംഭകാലം തൊട്ടേ എഡിറ്റോറിയൽ മുതൽ അച്ചടി വരെയുള്ള ചലനങ്ങൾക്കൊപ്പം സഞ്ചരിച്ച വിശ്വസ്തനായ സ്റ്റാഫംഗമായിരുന്നു. 1989 ൽ ജിദ്ദയിലെത്തിയ നജീബിനെ ബാപ്പയാണ് അറബ് ന്യൂസിന്റെ ഓഫീസിലേക്ക് കൈപിടിച്ചു കൊണ്ടു വന്നത്. ഓഫീസ് ബോയ് ആയിട്ടായിരുന്നു തുടക്കം. കൗമാരം വിട്ടുമാറാത്ത നജീബിനെ എല്ലാവർക്കും ഇഷ്ടമായി. ആദ്യകാലത്തെ പത്ര രൂപകൽപനയും അച്ചടി സംവിധാനവും വിതരണവുമൊക്കെ വായനയിൽ അതീവ തൽപരനായ നജീബ് ജിജ്ഞാസയോടെ നോക്കിക്കണ്ടു. ന്യൂസ് റൂമിലെ സാധാരണ സ്റ്റാഫ് മുതൽ പത്രാധിപ പ്രതിഭകളായ ഫാറൂഖ് ലുഖ്മാൻ, ഖാലിദ് അൽ മഈന എന്നിവർ വരെയുള്ളവരുമായി നജീബിന് ചങ്ങാത്തത്തിനുള്ള സ്വാതന്ത്ര്യം ലഭിച്ചു. എല്ലാവരുടെയും കാബിനിലേക്ക് ധൈര്യമായി കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം. 


മുതിർന്നവർക്കിടയിലെ 'കുട്ടി' യെന്നൊരു പരിഗണനയാകണം കാരണമെന്ന് നജീബ് കരുതുന്നു. ഹിന്ദി സിനിമകളുടെ ആരാധകനായ ഫാറൂഖ് ലുഖ്മാൻ, നജീബിനിട്ട ചെല്ലപ്പേര് ധാരാസിംഗ് എന്നായിരുന്നു! 
ഒഴിവു സമയങ്ങളിൽ അറബ് ന്യൂസ് എഡിറ്റർമാരുടെ കസേരകൾക്കരികെയിരുന്ന് പത്രം പിറവിയെടുക്കുന്നത് നജീബ് സാകൂതം വീക്ഷിച്ചു. സ്റ്റോക്ക് മാർക്കറ്റ് പേജുകൾ ചെയ്യുന്നതും അവയുടെ ഡമ്മിയുണ്ടാക്കുന്നതുമൊക്കെ പഠിച്ച നജീബ്, അറബ് ന്യൂസ് പേജുകളുടെ നെഗറ്റീവിലുള്ള ബ്രോമെയ്ഡ് തകിടുകളുമായി ഡെഡ്‌ലൈന് തൊട്ടുമുമ്പേ പ്രസിലേക്കോടും. രസകരമായ ജോലിയായിരുന്നു അതെന്ന് നജീബ് ഓർക്കുന്നു. സൗദി ലോക്കൽ പേജ് ചെയ്തിരുന്ന ഡോ. വലീദ് അൽഹാഷിമാണ് പേജ് ചെയ്യുന്നതെങ്ങനെയെന്ന് പഠിപ്പിച്ചത്. അങ്ങനെ പേജ് ചെയ്യുന്നതും പഠിക്കാനായി.  


സൗദി ഇന്നലെ, ഇന്ന് എന്ന പേരിൽ അറബ് ന്യൂസ് സംഘടിപ്പിച്ച എക്‌സിബിഷന്റെ ചുമതലക്കാരിലൊരാളായി ഉയരാനും നജീബിന് ഭാഗ്യം കിട്ടി. ഓഫീസ് ബോയിയിൽ നിന്ന് ക്രമേണ ടെലിഫോൺ ഓപറേറ്ററായും സ്‌റ്റോർകീപ്പറായും മാറി വിവിധ തസ്തികകളിൽ നജീബ് കമ്പനിയുടെ അവിഭാജ്യ ഭാഗമായി മാറി. 1999 ൽ മലയാളം ന്യൂസ് ആരംഭിക്കുമ്പോഴും തുടർന്ന് പത്രം വളർച്ചയുടെ പടവുകൾ കീഴടക്കുമ്പോഴും ഓരോ പരിഷ്‌കരണ ഘട്ടങ്ങൾക്കും നജീബ്  സസന്തോഷം സാക്ഷ്യം വഹിച്ചു. ഇതിനിടെ ബാപ്പ, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.

2010 ൽ ജിദ്ദയിൽ നിന്ന് റിയാദ് അൽഖലീജിയ പരസ്യക്കമ്പനിയുടെ ഹെഡ്   ഓഫീസിലേക്ക് മാറിയ നജീബ് അറബ് ന്യൂസ്, മലയാളം ന്യൂസ് ഉൾപ്പെടെയുള്ള പത്രഗ്രൂപ്പിന്റെ ഇരുപതോളം പ്രസിദ്ധീകരണങ്ങളുടെ പ്രിന്റ്- ഓൺലൈൻ പതിപ്പുകളുടെ ഓരോ ചലനങ്ങളും നേരിൽ കണ്ടറിഞ്ഞ ശേഷം, പരസ്യ വിഭാഗത്തിലെ സീനിയർ ബുക്കിംഗ് കോ ഓർഡിനേറ്ററായാണ് ഇക്കഴിഞ്ഞ നാൾ ജോലിയോട് വിട പറഞ്ഞത്. നിരവധി വ്യക്തികൾ, സംഭവങ്ങൾ, ആഗോള ചലനങ്ങൾ, രാജ്യവും ഭാഷയും കടന്ന സൗഹൃദങ്ങൾ -നജീബിന് മൂന്നു പതിറ്റാണ്ടിന്റെ ജിദ്ദ, റിയാദ് ജീവിതം പകർന്നത് ഇവയൊക്കെയാണ്. മികച്ച വായനക്കാരനായതുകൊണ്ട് തിരികെപ്പോകുമ്പോൾ വലിയൊരു ഭാഗം ബാഗേജും പുസ്തകങ്ങളാണ്. 


കമ്പനിയിലേക്ക് പുതുതായി കടന്നുവന്ന യുവതലമുറയിലെ സൗദികൾ നജീബിനെ സ്‌നേഹാദരവോടെയാണ് യാത്രയാക്കിയത്.  അവരിൽ ചിലരുടെ പിതാക്കൾ നജീബിന്റെ സഹപ്രവർത്തകരായിരുന്നു. മധ്യേഷ്യയിലെ ഏറ്റവും പ്രസിദ്ധമായ പ്രസാധക ഗ്രൂപ്പിന്റെ ആത്മാംശമത്രയും ആയുസ്സിന്റെ വലിയൊരു ഭാഗം ഹൃദയത്തിൽ സ്വാംശീകരിച്ചുള്ള ഈ തിരിച്ചുപോക്ക്, മനസ്സിൽ വലിയ വിങ്ങലും നഷ്ടബോധവുമുണ്ടാക്കുന്നുണ്ടെന്ന് നജീബ് പറയുന്നു. കമ്പനിയിലെ ഗുരുസ്ഥാനീയരായ പലരും മരിച്ചുപോയി. ഫാറൂഖ് ലുഖ്മാന്റെ വേർപാട് സഹിക്കാനാവാത്തതാണ്. കുട്ടികളെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ കളിതമാശകളും പൊട്ടിച്ചിരിയും. ജിലേബി പ്രിയനായിരുന്നു അദ്ദേഹം. 


- താൽ യാ, ധാരാസിംഗ് എന്ന അദ്ദേഹത്തിന്റെ ഉച്ചത്തിലുള്ള വിളിയിപ്പോഴും കാതിൽ അലയടിക്കുന്നു, ഇത് പറയവേ, നജീബിന്റെ കണ്ണുകൾ നനഞ്ഞു. 1991 മെയ് 21 ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ ടേയ്ക്കിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു എന്ന ബ്രേയ്ക്കിംഗ് ന്യൂസ് കണ്ട് ന്യൂസ് റൂമാകെ ഞെട്ടിത്തരിച്ചു നിന്നത് നജീബിന് മറക്കാനാവാത്ത അനുഭവം. രണ്ടു മാസം മുമ്പ് മുംബൈയിൽ മരണപ്പെട്ട ജാവീദ് ജിവാനിയെന്ന എഡിറ്ററാണ് അന്ന് അറബ് ന്യൂസ് ഒന്നാം പേജ് കട്ടിയേറിയ കറുത്ത അക്ഷരങ്ങളിൽ രൂപകൽപന ചെയ്തതെന്നും പത്രത്തിന്റെ നെഗറ്റീവുമായി താനാണ് താഴെ പ്രസിലെക്കോടിയതെന്നും നജീബ് ഓർക്കുന്നു.    

അറബ് ന്യൂസ് ക്രിക്കറ്റ് ടീമംഗം കൂടിയായിരുന്നു നജീബ്. പതിനെട്ട് വർഷം ജിദ്ദ - ചാപ്പനങ്ങാടി മഹല്ല് കമ്മിറ്റി സജീവ പ്രവർത്തകനുമായിരുന്നു. ആറു വർഷത്തിലധികം കുടുംബം ജിദ്ദയിലുണ്ടായിരുന്നു. ഭാര്യ സാജിദ. മക്കൾ: ഹിഷാം, ഹിബ, ഹിസാന, ഹാഷിം. 


    

Tags

Latest News