ഓസ്ട്രിയയിലെ ബുര്‍ഖ നിരോധനം: പോലീസിനു കണ്‍ഫ്യൂഷന്‍ തീരുന്നില്ല

വിയെന്ന- ഒക്ടോബര്‍ ഒന്നു മുതല്‍ ഓസ്ട്രിയയില്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറക്കുന്ന ഇസ്ലാമിക വേഷമായ ബുര്‍ഖയും നിഖാബും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇതു പൊലീസിനെ ആകെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുകയാണ്. മുഖം മറക്കുന്ന തരത്തില്‍ ഒരു സ്രാവിന്റെ വേഷം കെട്ടിയ പുരുഷനെതിരെ ഈ നിയമം പ്രയോഗിക്കാമോ എന്നതിനെ ചൊല്ലിയാണ് ആശയക്കുഴപ്പമുണ്ടായത്. അധികൃതര്‍ ഇതു സമ്മതിക്കുകയും ചെയ്തു. ഇതൊരു പുതിയ നിയമമായത് കൊണ്ട് സ്വാഭാവികമായും ചില അവയ്ക്ത സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്ന് വിയെന്ന പോലീസ് ഉദ്യോഗസ്ഥനായ മാന്‍ഫ്രെഡ് റെയ്ന്താലര്‍ പറയുന്നു. 

 

ഇവ പരിഹരിക്കേണ്ടതുണ്ടെന്നും എന്നാല്‍ ഇതിന് നിയമപരമായ കീഴ്‌വഴക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായും മുഖം മറയ്ക്കുന്ന ഇസ്ലാമിക വേഷം വിലക്കിയ അവസാന യൂറോപ്യന്‍ രാജ്യമാണ് ഓസ്ട്രിയ. എന്നാല്‍ വിവേചനത്തിനെതിരെ പരാതി ഉയരാതിരിക്കാന്‍ മറ്റു മുഖം മൂടികളെ ഈ നിയമപരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. മാസ്‌കുകള്‍, സാംസ്‌കാരിക പരിപാടികളില്‍ ഉപയോഗിക്കുന്ന മുഖംമൂടികള്‍, ജോലിസ്ഥലത്ത് ധരിക്കുന്ന മുഖംമൂടികള്‍, തണുപ്പ് കാലത്ത് ധരിക്കുന്ന സ്‌കാര്‍ഫ് എന്നിവയെ ഈ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

 

എങ്കിലും മക് ഷാര്‍ക്ക് എന്ന കമ്പ്യൂട്ടര്‍ ശൃംഖലയുടെ പരസ്യപ്രചാരണത്തിന്റെ ഭാഗമായി സ്രാവിന്റെ വേഷം ധരിച്ചയാളെ പിടികൂടിയതും, സ്‌കാര്‍ഫ് ധരിച്ച് സൈക്കിളോടിച്ച പെണ്‍കുട്ടിയെ പിടിച്ച സംഭവവും വ്യക്തമാക്കുന്നത് മുഖാവരണ നിരോധനം സംബന്ധിച്ച് പോലീസിന്റെ ആശയക്കുഴപ്പം തീര്‍ന്നിട്ടില്ലെന്നാണ്.. 

 

പുര്‍ണമായും മുഖം മറച്ച് വസ്ത്രം ധരിക്കുന്ന രീതി ഓസ്ട്രിയയില്‍ വളരെ അപൂര്‍വമാണെങ്കിലും ഇത് പൂര്‍ണമായും നിരോധിച്ചതിലൂടെ മധ്യവര്‍ത്തി പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ലക്ഷ്യം രാജ്യത്ത് പിന്തുണ ഏറിവരുന്ന കുടിയേറ്റ വിരുദ്ധ, തീവ്രവലതു പക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടിക്കു തടയിടാനാണെന്ന് വിലയിരുത്തപ്പെടുന്നു. 

Latest News