Sorry, you need to enable JavaScript to visit this website.

കോവിഡ് കീഴ്‌പെടുത്തിയ ദിനങ്ങള്‍ക്കൊടുവില്‍ പ്രാര്‍ഥന പോലെ അവള്‍ വന്നു

അജ്മാന്‍- കോവിഡിനെതിരായ പോരാട്ടത്തിനിടെ വൈറസിന്റെ പിടിയിലകപ്പെട്ട പൂര്‍ണ ഗര്‍ഭിണിയായ മലയാളി നഴ്‌സ് പ്രിയങ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കാസര്‍കോട് രാജപുരം സ്വദേശിനി പ്രിയങ്ക സുമേഷിന്റെ കുഞ്ഞിന് പേരിട്ടത് പ്രാര്‍ഥന.
യു.എ.ഇയില്‍ കോവിഡ് വ്യാപനസമയത്തുതന്നെ രോഗബാധിതരെ പരിചരിക്കാന്‍ സേവനനിരതയായി അജ്മാന്‍ തുംബെ ആശുപത്രിയില്‍ പ്രിയങ്കയുണ്ടായിരുന്നു. ഒടുവില്‍ രോഗബാധിതയായി. പോസിറ്റീവ് ഫലം വരുമ്പോള്‍ ഗര്‍ഭിണി. പിന്നീട് അതിജീവനത്തിന്റെ കഠിനപാതകള്‍. എല്ലാം മറികടന്ന് അമ്മയും കുഞ്ഞും ഒന്നുചേരാന്‍ വേണ്ടിവന്നത് 40 ദിവസം.

ജോലിക്കിടെയാണ് പ്രിയങ്കക്ക് പനി, ശ്വാസതടസ്സം തുടങ്ങി ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു. അതേ ആശുപത്രിയില്‍ തന്നെ വിദഗ്ധ ചികിത്സ തുടങ്ങി. ന്യൂമോണിയ ബാധിച്ച് ആരോഗ്യം വഷളായതായോടെ രണ്ടാഴ്ച വെന്റിലേറ്ററില്‍. പൂര്‍ണഗര്‍ഭിണിയായിരുന്നതുകൊണ്ട് ആരോഗ്യാവസ്ഥ സങ്കീര്‍ണമായി. അതോടെ സിസേറിയന്‍ നടത്തി എത്രയും വേഗം കുഞ്ഞിനെ പുറത്തെടുക്കാനായി ശ്രമം. ഐ.സി.യുവില്‍ ആയിരിക്കുമ്പോള്‍ തന്നെയായിരുന്നു പ്രസവം. കുഞ്ഞിന് ഒരുതരത്തിലും വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ ജീവനക്കാര്‍ കഠിനമായി പരിശ്രമിച്ചു.

പ്രിയങ്ക രോഗാവസ്ഥയില്‍നിന്ന് പൂര്‍ണമായും സുഖംപ്രാപിക്കാന്‍ ദിവസങ്ങളെടുത്തു. ഒടുവില്‍ രണ്ടുപേരെയും തനിക്ക് പൂര്‍ണ ആരോഗ്യത്തോടെ തിരികെ ലഭിച്ചതായി ഭര്‍ത്താവ് സുമേഷ് ജോസഫ് പറഞ്ഞു.

പത്ത് വര്‍ഷമായി സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തുവരികയാണ് പ്രിയങ്ക. എട്ടും ആറും വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട് ഈ ദമ്പതിമാര്‍ക്ക്. ഏഴ് വര്‍ഷമായി ഒരു പെണ്‍കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. കോവിഡ് മുന്നണിപ്പോരാളി എന്ന നിലയില്‍ പ്രിയങ്കയുടെ എല്ലാ ആശുപത്രി ചെലവുകളും തുംബെ ഗ്രൂപ്പ് എഴുതിത്തള്ളി.

 

Latest News