ദുബായ്- കൊറോണ വൈറസിനെതിരായ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങളില്‍ പങ്കാളിയായി മലയാളി വനിത. അബുദാബിയില്‍ താമസിക്കുന്ന കൊച്ചിക്കാരിയായ 35 കാരി വര്‍ഷ ശ്രീനിവാസ് ആണ് കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധയായത്. അബുദാബിയിലെ ഫെയിം മീഡിയാ പ്രൊഡക്്ഷന്‍സിന്റെ ഉടമയാണ് വര്‍ഷ.
നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് കോവിഡ് പരീക്ഷണ വാക്‌സിന്റെ ഡോസ് കുത്തിവെച്ചത്. ആദ്യ ഡോസാണ് വര്‍ഷയുടെ ശരീരത്തില്‍ കുത്തിവെച്ചത്. 21 ദിവസത്തിന് ശേഷം അടുത്ത കുത്തിവെപ്പ് എടുക്കും. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരിക്കും. ഡോക്ടര്‍മാരടങ്ങുന്ന സംഘം ഇവരുടെ മാനസിക ശാരീരിക ആരോഗ്യ നില നിരന്തരം വിലയിരുത്തും.
വാക്‌സിന്‍ പരീക്ഷണത്തിന് ജനങ്ങള്‍ മുന്നോട്ടു വരണമെന്ന യു.എ.ഇയുടെ ആഹ്വാനം വലിയ രീതിയില്‍ ഏറ്റെടുത്തിരിക്കുകയാണ് മലയാളി സമൂഹം. രണ്ടു കുട്ടികളുടെ അമ്മയാണ് വര്‍ഷ ശ്രീനിവാസ്.






