പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമൊത്തുള്ള ലൈംഗിക ബന്ധം ബലാല്‍സംഗം: സുപ്രീം കോടതി

ന്യുദല്‍ഹി- 15-നും 18-നുമിടയില്‍ പ്രായമുള്ള ഭാര്യയുമൊത്തുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമാണെന്നും ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യമാണെന്നും സുപ്രീം കോടതി ഉത്തരവ്. ബലാല്‍സംഗത്തിനെതിരായ നിയമത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 18 വയസ്സിനു താഴെ പ്രായമുള്ള ഭാര്യയുമൊത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗമായി പരിഗണിക്കില്ലെന്ന ഇളവ് ഇതുവരെ ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) 375-ാം വകുപ്പില്‍ അനുവദിച്ചിരുന്നു. ഇന്നത്തെ സുപ്രധാന ഉത്തരവോടെ ഇത് ഇല്ലാതായി. ഈ വിധി വൈവാഹിക ജീവിതത്തിലെ ബലാല്‍സംഗക്കേസുകളെ സംബന്ധിച്ചല്ലെന്ന്  കോടതി പ്രത്യേകം വ്യക്തമാക്കുകയും ചെയ്തു. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണു വിധി. 

 

'ഐപിസി ചട്ടപ്രകാരമുള്ള ബലാല്‍സംഗത്തിനെതിരായ നിയമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഭര്‍ത്താവിന് ഇളവ് അനുവദിക്കുന്നത് ഭരണഘടനയ്‌ക്കെതിരാണ്. പെണ്‍കുട്ടിയുടെ മൗലികാവകാശത്തെ ഹനിക്കുന്നതുമാണ്' കോടതി വ്യക്തമാക്കി. ഈ കോടതി വിധി രാജ്യത്തുടനീളം ബാല്യവിവാഹത്തിനിരയായ 2.3 കോടി പെണ്‍കുട്ടികള്‍ക്ക് ആശ്വാസമാകും. ബാല്യവിവാഹങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി സാമൂഹിക നീതി നിയമങ്ങള്‍ അതിന്റെ സത്ത ഉള്‍ക്കൊണ്ട് നടപ്പാക്കപ്പെടുന്നില്ലെന്നും നിരീക്ഷിച്ചു.

 

ഇന്‍ഡിപെന്‍ഡന്റ് തോട്ട് എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന കോടതി വിധി ഉണ്ടായത്. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് വിവാഹിതരായ 15-നും 18-നും ഇടയില്‍ പ്രായമുള്ള ഭാര്യമാരുമായി ലൈംഗിബന്ധത്തിലേര്‍പ്പെടുന്ന ഭര്‍ത്താക്കന്‍മാരെ സംരക്ഷിക്കുന്ന ഐപിസി വകുപ്പിലെ ഇളവ് എടുത്തുമാറ്റണെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പതിനഞ്ച് വയസിന് താഴെയുള്ളവരുമായുള്ള വിവാഹം നേരത്തെ തന്നെ ബലാത്സംഗ കേസിന്‍റെ പരിധിയില്‍ വരുന്നതാണ്. 

Latest News