കോവിഡ് മുദ്രകുത്തി അപമാനിച്ചു; വ്യാപാരിയും ഭാര്യയും ജീവനൊടുക്കി

കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിജനമായ അനന്തപ്പൂര്‍.

അനന്തപ്പൂര്‍- കോവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍നിന്ന് മടങ്ങിയ വ്യാപാരിയും ഭാര്യയും ജീവനൊടുക്കി. കോവിഡ് രോഗികളെന്ന് മുദ്രകുത്തി ജനങ്ങള്‍ അപമാനിച്ചതിനെ തുടര്‍ന്നണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. ആന്ധ്രപ്രദേശിലെ അനന്തപ്പൂരിലാണ് സംഭവം.

വ്യാപാരിയുടെ അമ്മ 15 ദിവസം മുമ്പ് ആസ്ത്മയെ തുടര്‍ന്നു മരിച്ചിരുന്നു. ഇതിനുശേഷമാണ് ദമ്പതികള്‍ കോവിഡ് പരിശോധന നടത്തിയതും പോസിറ്റീവ് സ്ഥിരീകരിച്ചതും.  ജൂലൈ 26 നാണ് ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന്  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. കരുണാകര്‍ പറഞ്ഞു. ഇവര്‍ക്ക് ഒരു മകനുണ്ട്.

രോഗം സ്ഥിരീകരിച്ച ശേഷം അനന്തപുരിലെ നാരായണ കോളേജ് കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ച ഇവരെ വീട്ടു നിരീക്ഷണം നിര്‍ദേശിച്ച് ജൂലൈ 31 ന് രാത്രി ഡിസ്ചാര്‍ജ്  ചെയ്തു.

അടുത്തിടെ ചെറിയ ഷോപ്പ് വിറ്റ് സ്വന്തമായി ഒരു പലവ്യഞ്ജന കട ആരംഭിച്ചതിലൂടെ ദമ്പതികള്‍ക്ക്  സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ദമ്പതികളുടെ കുടുംബാംഗങ്ങളും പരിചയക്കാരും പറയുന്നതെന്നും സി.ഐ കരുണാക്കര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest News