Sorry, you need to enable JavaScript to visit this website.

രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ മത്സരം

ഭോപ്പാല്‍-  അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമിപൂജക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്യാന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മത്സരം.

ഓരോ ഇന്ത്യക്കാരന്റെയും സമ്മതത്തോടെയാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ശിലാസ്ഥാപനം നടക്കുന്നതെന്ന്   മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാകാന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി  ആഗ്രഹിച്ചിരുന്നുവെന്ന് കമല്‍ നാഥിന്റെ സഹപ്രവര്‍ത്തകന്‍ ദിഗ്‌വിജയ സിംഗും പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ ജനങ്ങള്‍ വളരെക്കാലമായി ഇത് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നതാണ്. ഓരോ ഇന്ത്യക്കാരന്റെയും സമ്മതത്തോടെയാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. ഇത് ഇന്ത്യയില്‍ മാത്രമേ സാധ്യമാകൂ- കമല്‍നാഥ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

എല്ലാവരുടെയും വിശ്വാസത്തിന്റെ കേന്ദ്രമാണ് രാമനെന്നാണ്  ദിഗ് വിജയ് സിംഗ് പറഞ്ഞത്. നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രം രാമനാണ്.  രാമനിലുള്ള വിശ്വാസത്തോടെയാണ് രാജ്യം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് അയോധ്യയിലെ രാമന്റെ ജന്മസ്ഥലത്ത്  മഹാക്ഷേത്രം പണിയണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നത്. അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിജിക്കും ഇതായിരുന്നു ആഗ്രഹം- ദിഗ് വിജയ് സിംഗ് ട്വീറ്റ് ചെയ്തു.
ക്ഷേത്ര നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്ത മഹൂര്‍ത്തത്തെ അദ്ദേഹം ചോദ്യംചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ ഓഗസ്റ്റ് അഞ്ചിനാണ് ചടങ്ങ്.
മുഹൂര്‍ത്തെത്തെ കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍, ഈ രാജ്യത്തെ 90 ശതമാനത്തിലധികം ഹിന്ദുക്കളും അതില്‍ വിശ്വസിക്കുന്നവരായിരിക്കും.
ഓഗസ്റ്റ് അഞ്ചിന് ശിലാസ്ഥാപനം നടത്തുന്നതിന് അനുയോജ്യമായ മുഹൂര്‍ത്തമില്ലെന്ന് പറയുന്നുണ്ട്. ഇക്കാര്യത്തില്‍ താന്‍ നിഷപക്ഷത പുലര്‍ത്തുകയാണെങ്കിലും  ഇത് മതവികാരങ്ങളോടും വിശ്വാസങ്ങളോടുമുള്ള കളിയാണെന്ന്  കോണ്‍ഗ്രസ് നേതാവ് ഓര്‍മിപ്പിച്ചു.

സംസാരിക്കുമ്പോഴൊക്കെ വിമര്‍ശിക്കുക ചിലരുടെ ശീലമാണെന്നാണ് ദിഗ് വിജയ് സിംഗിന്റെ ട്വീറ്റുകളെ കുറിച്ചുള്ള ചോദ്യത്തിന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ നരോത്തം മിശ്രയുടെ പ്രതികരണം.

അറിയാതെ അവരുടെ വിമര്‍ശനങ്ങളില്‍  കുറഞ്ഞത് രാമന്റെ നാമമെങ്കിലും വരുന്നുണ്ടല്ലോ എന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസാണ് ക്ഷേത്ര നിര്‍മാണം വൈകിപ്പിക്കാന്‍ ശ്രമിച്ചതെന്ന് മിശ്ര പറഞ്ഞു.

കോടതിയില്‍ രാം ക്ഷേത്രം നിര്‍മിക്കുന്നതിനെതിരെ നിലകൊണ്ട കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും മറ്റം രാമന്‍ സാങ്കല്‍പ്പിക കഥാപത്രമാണെന്നാണ് വാദിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News