നീലേശ്വരം പീഡനക്കേസ്; ഗര്‍ഭച്ഛിദ്രം നടത്തിയ  ഡോക്ടര്‍ക്കെതിരെ ഇതുവരെയും കേസെടുത്തില്ല

കാസര്‍കോട്-നീലേശ്വരം പീഡനക്കേസില്‍ പോലീസില്‍ അറിയിക്കാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്കെതിരെ ഇതുവരെയും കേസെടുത്തില്ലെന്ന് ആരോപണം. അന്വേഷണം തുടങ്ങി ഇരുപത് ദിവസം പിന്നിട്ടിട്ടും ഡോക്ടര്‍ക്കെതിരെ തെളിവുകള്‍ കിട്ടിയില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. ജൂണ്‍ 22നാണ് അച്ഛനും അമ്മയും പതിനാറുകാരിയെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഗര്‍ഭഛിദ്രത്തിനായി കൊണ്ടുപോയത്. ഭ്രൂണ അവശിഷ്ടങ്ങള്‍ അതേ ദിവസം വീട്ടുപറമ്പില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെ കുഴിച്ചിട്ടു. ഇത് കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. മൂന്ന് മാസം പ്രായമായ ഭ്രൂണമാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്തവരുടെ ഗര്‍ഭച്ഛിദ്രം നടത്തുമ്പോള്‍ പോലീസിനെ അറിയക്കണമെന്ന ചട്ടം ഡോക്ടര്‍ പാലിച്ചില്ല. പോക്‌സോ നിയമപ്രകാരം ഇത് കുറ്റകൃത്യമാണ്.
ഡോക്ടറെ ഒരു തവണ ചോദ്യം ചെയ്‌തെങ്കിലും കേസെടുക്കാന്‍ തക്ക തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് പോലീസ് വിശദീകരണം. ഡിഎന്‍എ പരിശോധനയുള്‍പ്പെടെ നടത്താന്‍ ഭ്രൂണ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. മദ്രസാധ്യാപകനായ അച്ഛനടക്കം പെണ്‍കുട്ടിയെ പീഡിപ്പിച്ച ഏഴ് പേരില്‍ ആറ് പേരും ഇതിനകം പിടിയിലായി. ഏഴാം പ്രതി പടന്നക്കാട് സ്വദേശി ക്വിന്റല്‍ മുഹമ്മദ് ഒളിവിലാണ്.
 

Latest News