Sorry, you need to enable JavaScript to visit this website.

അറബ് ലോകത്തെ ആദ്യ ആണവ നിലയം പ്രവര്‍ത്തനം തുടങ്ങി

അബുദാബി - അറബ് ലോകത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി അറബ് ലോകത്തെ ആദ്യ ആണവ നിലയം യു.എ.ഇയില്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ആണ് സമാധാനപരമായ ആണവോര്‍ജങ്ങള്‍ക്കുള്ള അറബ് ലോകത്തെ ആദ്യ റിയാക്ടര്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയ കാര്യം അറിയിച്ചത്.
'നാലു ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ നാലിലൊന്ന് സുരക്ഷിതവും വിശ്വാസയോഗ്യവുമായ നിലക്കും വാതക ബഹിര്‍ഗമനമില്ലാതെയും ലഭിക്കും. ശാസ്ത്ര വഴിയിലെ പ്രയാണം പുനരാരംഭിക്കാനും മറ്റു വന്‍ രാജ്യങ്ങളുമായി മത്സിക്കാനും അറബികള്‍ക്ക് കഴിയുമെന്ന സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ഒന്നും അസാധ്യമല്ല' -ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പറഞ്ഞു.
ബറാക ആണവോര്‍ജ പ്ലാന്റിലെ യൂനിറ്റ് ഒന്നാണ് എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ ഉപസ്ഥാപനമായ നവാഹ എനര്‍ജി കമ്പനി വിജയകരമായി പ്രവര്‍ത്തിപ്പിച്ചത്. ആണവ റിയാക്ടറില്‍ വിജയകരമായി ഇന്ധനം നിറക്കുകയും സമഗ്ര പരിശോധനകള്‍ നടത്തുകയുമായിരുന്നു. അടുത്ത അറുപതു വര്‍ഷത്തേക്ക് രാജ്യത്തിനാവശ്യമായ ശുദ്ധമായ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്രക്രിയാ ദിശയുടെ ഭാഗമായ, യു.എ.ഇയുടെ സമാധാനപരമായ ആണവോര്‍ജ പദ്ധതിയിലെ ചരിത്രപരമായ നാഴികക്കല്ലാണ് ബറാക ആണവ നിലയ റിയാക്ടര്‍ പ്രവര്‍ത്തിപ്പിച്ചത്. നിരവധി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ബറാക ആണവ നിലയത്തിലെ യൂനിറ്റ് ഒന്നിനെ യു.എ.ഇ ഇലക്ട്രിസിറ്റി ഗ്രിഡുമായി ബന്ധിപ്പിക്കും.
'ഇന്ന് യു.എ.ഇ സംബന്ധിച്ചേടത്തോളം ചരിത്രപരമായ ഒരു നിമിഷമാണ്. ഒരു ദശകത്തിലേറെ നീണ്ട ദര്‍ശനം, തന്ത്രപരമായ ആസൂത്രണം, ശക്തമായ പ്രോഗ്രാം മാനേജ്‌മെന്റ് എന്നിവയുടെ പരകോടിയാണിത്'- എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ സി.ഇ.ഒ മുഹമ്മദ് ഇബ്രാഹിം അല്‍ഹമ്മാദി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്ന് ലഭ്യമാക്കുക, സുരക്ഷിതവും വിശ്വനീയവും മലിനീകരണരഹിതവുമായ വൈദ്യുതി ഉപയോഗിച്ച് ഭാവിയിലെ വളര്‍ച്ചയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്ന ദിശയിലുളള മറ്റൊരു ചുവടുവെപ്പാണ് നടത്തിയിരിക്കുന്നതെന്നും മുഹമ്മദ് ഇബ്രാഹിം അല്‍ഹമ്മാദി പറഞ്ഞു.
സുരക്ഷിതവും ശുദ്ധവും വിശ്വസനീയവും ആയ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ആണവോര്‍ജ നിലയം വികസിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെയും ആഗോള തലത്തിലെ 33-ാമത്തെയും രാജ്യമാണ് യു.എ.ഇ. രാജ്യത്തിന്റെ ഊര്‍ജ മേഖലയുടെ വൈദ്യുതീകരണത്തിലേക്കും വൈദ്യുതി ഉല്‍പാദനത്തിന്റെ ഡീകാര്‍ബണൈസേഷനിലേക്കും നീങ്ങാനുള്ള ശ്രമങ്ങള്‍ക്ക് ബറാക പ്ലാന്റ് കാര്യമായ സംഭാവന നല്‍കുന്നു. പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബറാക ആണവ നിലയം ഓരോ വര്‍ഷവും 2.1 കോടി ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടഞ്ഞുകൊണ്ട് 5.6 ഗിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. യു.എ.ഇയിലെ റോഡുകളില്‍ നിന്ന് വര്‍ഷത്തില്‍ 32 ലക്ഷം കാറുകളെ അകറ്റിനിര്‍ത്തുന്നതിന് തുല്യമായ കാര്‍ബണ്‍ ബഹിര്‍ഗമനമാണ് ബറാക ആണവ നിലയം തടയുക. അബുദാബി എമിറേറ്റിലെ അല്‍ദഫ്‌റ ഏരിയയിലാണ് ബറാക ആണവ നിലയമുള്ളത്. നവാഹ എനര്‍ജി കമ്പനിക്കാണ് ആണവ നിലയം പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ചുമതല.

 

Latest News