Sorry, you need to enable JavaScript to visit this website.

സഖ്യം- നൂറ്റൊന്ന് ആവർത്തനവും വെർച്വൽ കൺസൾട്ടൻസിയും

പട്ടം താണുപിള്ള എന്ന രാഷ്ട്രീയ നേതാവിനെ കേരളം മറക്കുമോ? ഇല്ല, പാടില്ല. അത്രയും സവിശേഷതകളുള്ള മറ്റൊരാൾ ഇല്ല. 'മുൻ കോപ'ത്തിനാണെങ്കിൽ ചരിത്രത്തിലോ പുരാണങ്ങളിലോ അരിച്ചുപെറുക്കിയാലും കിട്ടില്ല. പ്രൗഢി കാഴ്ചയിൽ ഒതുങ്ങും. ആദ്യം  'പ്രധാനമന്ത്രി' ആയി തിരുവിതാംകൂറിലെ അധികാരം. 'അവിശ്വാസ'ങ്ങൾ ഇന്ത്യയിലാധ്യം അവതരിച്ചതു തന്നെ അക്കാലത്തായിരുന്നോ എന്നു സംശയം. കേരള സംയോജന ശേഷം.
1962 ൽ പട്ടത്തെ മുഖ്യമന്ത്രിക്കസരേയിൽ നിന്നും പഞ്ചാബിലേക്ക് പറത്തി കോൺഗ്രസ് കളിതമാശകൾ തുടങ്ങി. അവിടെ ഗവർണറായ ശേഷമാണ് പ്രസിദ്ധമായ 'മുൻദേഷ്യ'ത്തിന് ശമനം കണ്ടത്. സർദാർജിമാരോട് കോപിച്ചാൽ അവർക്കു മനസ്സിലാകില്ല. പഞ്ചാബി ഇങ്ങോട്ടും വഴങ്ങില്ല 'സർദാർജി ഫലിതങ്ങൾ' കുറേശ്ശെ ആരോ ദിനംപ്രതി വിവർത്തനം ചെയ്തു കേൾപിച്ചതാണ് പട്ടത്തിന്റെ 'ശമന' കാരണമെന്നാണ് കേൾവി. പട്ടം കേരളത്തിൽ വീണ്ടും പ്രവേശിക്കരുതെന്നു വാശിയുണ്ടായിരുന്നതിനാൽ കേന്ദ്രം കാരണവരെ ആന്ധ്രയിലേക്ക് പറത്തി. കാലാവധി കഴിഞ്ഞ് നാട്ടിലെത്തി രണ്ടു കൊല്ലം കഴിഞ്ഞ് അന്തരിച്ചു. കോൺഗ്രസിന്റെ 'പട്ടം പറത്തിയുള്ള കളി' കൊണ്ട് മെച്ചമൊന്നും ഉണ്ടായില്ല. കോൺഗ്രസ് മുഖ്യമന്ത്രിയായി കാലെടുത്തു വെച്ച ശങ്കറിനെതിരെ അന്നു തുടങ്ങി കൂടോത്രങ്ങൾ. അദ്ദേഹവും സന്നിധാനത്ത് എത്തിയില്ല.
പട്ടത്തിന്റെ ചരമദിന കാര്യത്തിലുണ്ട് ഒരു ചേരിതിരിവ്. ജൂലൈ 27 ന് എന്ന് നിയമസഭാ രേഖകളും ഗൂഗിൾ വിക്കി പീഡിയയും ഒരു വശത്ത്. 26 ന് എന്ന് മറ്റൊരു മീഡിയകളും, അദ്ദേഹത്തിന്റെ കൊച്ചു മകളും കുടുംബവും മറുവശത്ത്. പല ചരിത്ര  പുരുഷന്മാർക്കും ഇങ്ങനെയൊരു വൈതരണിയുണ്ടാകും; മരണ ശേഷം മത്രം. (ശ്രീനാരായണ ഗുരുവിന്റെ കാര്യത്തിലും ഇപ്പോൾ ജനനവർഷക്കാര്യത്തിൽ രണ്ടു ചേരിയുണ്ട്. അതു കണിച്ചുകുളങ്ങര- ഗോകുലം ഗ്രൂപ്പുകാരാണോ എന്നറിയില്ല). യഥാർഥത്തിൽ പട്ടം ഒരു ദിവസം നേരത്തേ അന്തരിച്ചു. 26 ന് തന്നെ. പട്ടത്തിന്റെ എക്കാലത്തെയും പ്രസക്തമായ ഒരു പ്രയോഗമുണ്ട്- സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാനാർഥിയായി ഏതു 'കുറ്റിച്ചൂലിനെ' മത്സരിപ്പിച്ചാലും ജയിക്കും'. അനുയായികൾക്ക് രോമാഞ്ചം പകർന്ന ആ പ്രയോഗം പിന്നീട് ദേശസാൽക്കരിക്കപ്പെട്ടു. കുറ്റിച്ചൂലുകളുടെ എണ്ണം ഇന്ത്യൻ രാഷ്ട്രീയത്തിൽ ദിനംപ്രതി വർധിച്ചു. ദില്ലിയിലെ ആം ആദ്മി പാർട്ടി സ്വന്തം ചിഹ്നമായി 'ചൂൽ' ആണ് തെരഞ്ഞെടുത്തത്. കുറച്ചുകാലം ചപ്പുചവറുകൾ തൂത്തുവാരിക്കഴിയുമ്പോൾ അതും 'കുറ്റിച്ചൂ'ലായി മാറും. പട്ടം താണുപിള്ളയുടെ ആ പ്രയോഗം തങ്ങളുടെ ചിഹ്നത്തിനും പ്രതിനിധികൾക്കും ഉണ്ടാകുമോ എന്നു ചിന്തിച്ച് തല പുണ്ണാക്കേണ്ട കാര്യം അരവിന്ദ് കെജ്‌രിവാളിനുള്ളതാണ്.
****                                ****                   ****
ന്മ    കോവിഡ് സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതു വരെ ജില്ല മുതൽ താഴേക്കുള്ള എല്ലാ സമ്മേളനങ്ങളും നീട്ടിെവക്കാൻ സി.പി.എം തീരുമാനിച്ചത് ആരോഗ്യത്തിന് നന്ന്. പല ബ്രാഞ്ചുകളും വീട്ടിലിരുന്ന് പൊടിതട്ടി അമർഷം തീർക്കുകയാണ്. ഒരു സ്വർണകുമാരിയുടെ രംഗ പ്രവേശനം കണ്ടും കേട്ടും ശ്വാസം മുട്ടിക്കഴിയുന്ന കൊച്ചു സഖാക്കൾ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. പരിധി വിട്ടാൽ പിടിച്ച് അലൻ താഹമാരാക്കി തള്ളിപ്പറയേണ്ടിവരും. പക്ഷേ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പാത്തും പതുങ്ങിയും വരുന്നു. തോമസ് ചാണ്ടിയുടെയും ചില പഞ്ചായത്തുകാരുടെയും ഒഴിവ് നികത്താൻ തൽക്കാലം തെരഞ്ഞെടുപ്പ് കമ്മീഷനും നിർബന്ധമില്ല. രോഗി കൊതിച്ചതും പാല് വൈദ്യൻ കൽപിച്ചതും പാല് എന്ന പഴഞ്ചൊല്ല് ഈ അവസരത്തിൽ ഓരോ സംസ്ഥാന മന്ത്രിയും കമ്മിറ്റിയംഗവും ജില്ലാ ഭരണകൂടങ്ങളും നന്ദിപൂർവം ഓർക്കണം. ഏതു മഹാനാണോ ആവോ, ഇത്തരം ഒരു മുൻകൂർ ജാമ്യ വ്യവസ്ഥ ഏർപ്പാടു ചെയ്തത്? ആരായാലും 'ഓൻ നമ്മടെ ആളാ' എന്ന നയനാർ സഖാവിന്റെ വാക്കുകൾ ഇപ്പോൾ കർണ പീയൂഷമായി മാറുന്നു. പാർട്ടി കോൺഗ്രസ് എന്ന് വേണമെന്ന് പിന്നീട് തീരുമാനിക്കും. എല്ലാം 'വെർച്വൽ' സമ്മേളനമായാൽ ഒരു രസവുമില്ല. പല അന്തർദേശീയവും ചർച്ച ചെയ്യണം. സാംസ്‌കാരികം, സാഹിത്യം, പനി, ചുമ എന്നു വേണ്ട കോവിഡ് ലക്ഷണങ്ങൾക്കും വെവ്വേറെ 'സെഷനു'കൾ വേണം. അതിനൊക്കെ ചെലവുണ്ട്. വെർച്വൽ പിരിവും നോക്കാം. പക്ഷേ, ബൂർഷ്വാ പാർട്ടികൾ തുടങ്ങി വെക്കട്ടെ. നമ്മൾ പണ്ടു കംപ്യൂട്ടറും സ്വാശ്രയ കോളേജും വരെ എറിഞ്ഞു പൊട്ടിച്ചവരാണ്. പിന്നെ തിരുത്തുകയും ചെയ്തു.
ഇപ്പോഴാണ് 'കൺസൾട്ടൻസി'കളുടെ ഗുണം അറിയുന്നത്. പാർട്ടി സമ്മേളനങ്ങൾ മാറ്റിവെക്കുവാൻ ഏതു കൺസൾട്ടൻസിയാണ് ഉപദേശിച്ചതെന്ന് നാളെ ന്യൂജെൻ സഖാക്കൾ ചോദിക്കാതിരുന്നാൽ മതി. ശുദ്ധഗതിക്കാരനായ മന്ത്രി ജയരാജൻ അത്രക്കങ്ങു തുറന്നു പറയേണ്ടിയിരുന്നില്ല. കൺസൾട്ടൻസി ഇല്ലാതെ വികസനം വരില്ലത്രേ! സഖാവ് 'വ്യവസായവും സമരവും' എന്ന അധ്യായം വായിച്ചിട്ടില്ല. ഗിഫ്റ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും നമ്മുടെ പേരില്ലാത്തവയാണെങ്കിൽ സ്വീകരിക്കാവുന്നത്രേയുള്ളൂ. സ്വകാര്യ സ്വത്തു സമ്പാദനത്തോടാണ് എതിർപ്പ്.
റീ ബിൽഡ് കേരള, മിന്റ് കൺസൾട്ടൻസി, ചെറുവള്ളി എയർപോർട്ട് സാങ്കേതിക പഠനം, ഹൗസ്‌കൂപ്പർ ജീവനക്കാരുടെ ശമ്പളം, ഐ.എ.എസുകാർക്കു ഇലക്ട്രിക് കാർ സമ്മാനം എന്നിവയൊക്കെ കൺസൾട്ടന്റ് മിടുക്കന്മാരാണ് പറഞ്ഞു തന്നത്. നമ്മൾ പരസ്യമായി ഓണം ആഘോഷിക്കേണ്ട. പക്ഷേ കുഞ്ഞുങ്ങൾക്ക് അടപ്രഥമനും ചോക്‌ലെറ്റുമെങ്കിലും സമ്മാനിക്കേണ്ട?
'ഗ്രഹണ സമയത്ത് ഞാഞ്ഞൂലും' എന്ന പോലെ സി.പി.ഐ ഇടക്കിടെ 'കൺസൾട്ടൻസി'യെ തോണ്ടി നോവിക്കുന്നുണ്ട്. അവരെ പണ്ടേ അത്ര വിശ്വസിക്കാൻ കൊള്ളില്ല. ഇനിയുള്ളത് സീതാറാം യെച്ചൂരിക്ക് രമേശ് ചെന്നിത്തല അയച്ചതായി അറിയുന്ന കത്താണ്. യെച്ചൂരി സഖാവിനു പണ്ടു മുതൽക്കേ ധാരാളം കത്തുകൾ കിട്ടാറുണ്ട്. ജെ.എൻ.യുവിൽ പഠിക്കുന്ന കാലത്തു പോലും സഖാവ് അത്ര കൃത്യമായൊന്നും മറുപടി എഴുതിയിട്ടില്ല. ചെന്നിത്തലക്ക് ഫോണിൽ വിളിക്കാമായിരുന്നു. ഫോണെടുക്കാഞ്ഞിട്ടാണെന്നു അങ്ങോർ പറയും. എ.കെ.ജി ഭവന് ടെലിഫോൺ ബില്ലിൽ കുടിശ്ശികയൊന്നുമില്ല, പിണറായിയുടെ സഹായം കൊണ്ട്. കത്ത് വായിച്ചു തള്ളിക്കളയുകയോ താഴത്തെ ചവറ്റു കുട്ടയിലിടുകയോ ചെയ്യണമെന്ന കാര്യം യെച്ചൂരിക്കു തന്നെ പാർട്ടി വിട്ടുകൊടുത്തു.
****                            ****                  ****
ഏറ്റവും കൂടുതൽ അസംബന്ധങ്ങൾ കേൾക്കേണ്ടിവരുന്ന ഒരു പാവം സുന്ദരനാണ് (ആ പ്രയോഗം വെള്ളാപ്പള്ളിയുടേതാണ്, നന്ദി) രമേശ് ചെന്നിത്തല, നാട്ടിലെ മഹാത്മാ സ്‌കൂൾ മുതൽ തിരുവനന്തപുരം ലോ കോളേജ് വരെ പഠിക്കുന്നതിനിടയിൽ ഒരു ദിവസം പോലും കോൺഗ്രസിന്റെ കൈ പിടിക്കാതിരുന്നിട്ടില്ല. ആദ്യത്തെ പിറന്നാൾ ദിനം മുതൽ ഇന്നേവരെ ഖദർ മാത്രമേ ധരിച്ചിട്ടുള്ളൂ. എന്നിട്ടും കോടിയേരി സഖാവ് അദ്ദേഹം സംഘ പരിവാറിന്റെ പ്രിയങ്കരൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. രണ്ടു വയസ്സിന്റെ മൂപ്പുള്ളതുകൊണ്ടാകാം സഖാവ് ഈ ധിക്കാരം കാട്ടുന്നത്. എല്ലാം ക്ഷമിക്കുന്ന ഒരു ഗാന്ധിയൻ ഹൃദയമുള്ളതുകൊണ്ടാണ് രമേശ്ജി സംഘർഷത്തിനു പുറപ്പെടാത്തത്. മാത്രമല്ല, കോടിയേരി സ്വന്തം സാന്നിധ്യം അറിയിക്കാൻ വല്ലപ്പോഴും ശബ്ദമുണ്ടാക്കുന്ന പ്രകൃതവുമാണ്. കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിലും മൂന്നു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സഖാവ് ആവർത്തിച്ചു പോരുന്ന ഒരു ഭാഷാ പ്രയോഗമാണ് കോലീബി സഖ്യം. കോൺഗ്രസ് - ലീഗ് - ബി.ജെ.പി സഖ്യത്തെക്കുറിച്ച് ഇത്ര കണിശമായി പഠിച്ച മറ്റൊരു നേതാവ് ഇന്ത്യയിൽ ഇല്ല. എന്നിട്ടെന്തേ, ബി.ജെ.പി നേമത്തെ ഒറ്റ സീറ്റിൽ കഴിഞ്ഞു പോരുന്നു എന്നു ചോദിക്കരുത്. ലോക്‌സഭാ മത്സരത്തിൽ പൂജ്യം മാർക്ക് നേടുന്നുവെന്നും ചോദിക്കേണ്ട. തെരഞ്ഞെടുപ്പിന് ഒരു കൊല്ലം മുമ്പേ, ഒരു മുഴം നീട്ടി എറിയുന്ന ഏർപ്പാട് നമ്മുടെ ആചാരമാണെന്നും ധരിച്ചാൽ മതി. എന്നിട്ട് പാവം ചെന്നിത്തലക്ക് കൂടി ഒരേറ് ഇരുന്നോട്ടെ എന്ന പരിപാടിയും! സ്വന്തം 'പ്രസ് മീറ്റിനു' പോലും പ്രതിപക്ഷ നേതാവിനു സമയം തികയുന്നില്ല. ആവശ്യമായ രേഖകൾ സെക്രട്ടറിയേറ്റ്, എ.കെ.ജി സെന്റർ, എമ്മെല്ലേ മന്ദിരം, പി.എസ്.സി ഓഫീസ് പരിസരങ്ങളിൽനിന്നു നുള്ളിപ്പെറുക്കി എടുത്തുകൊണ്ട് തന്റെ സൈബർ സി.ഐ.ഡികൾ എത്തും വരെ ജലപാനം കഴിക്കാത്ത ദേഹമാണ് ചെന്നിത്തല. 'കോടിയേരിയോട് പോയി പണി നോക്കണം ഹേ' എന്നു പറയാൻ കോൺഗ്രസിൽ ആണുങ്ങളില്ലാതെ പോയി. ഓ, അതു തന്നെയാണല്ലോ ദില്ലിയിലെയും അവസ്ഥ!
'നിന്നെ ഞാൻ പപ്പടമാക്കിക്കളയും' എന്നു വീമ്പിളക്കുന്ന ശീലം സ്‌കൂൾ തലത്തിലെ കൊച്ചു ചട്ടമ്പിമാർ മുതൽ പഞ്ചാബിലെയും ഹരിയാനയിലെയും പഞ്ചഗുസ്തിക്കാർക്കു വരെയുണ്ട്. ഒരു കേന്ദ്രകക്ഷി ജനപ്രതിനിധി കോവിഡ് 19 നെ പ്രത്യേക തരത്തിലുള്ള പപ്പടം കഴിച്ചു നേരിടാമെന്നു പ്രസ്താവിച്ചു കണ്ടു.
 

Latest News