Sorry, you need to enable JavaScript to visit this website.

നീക്കങ്ങൾ ക്രമീകരിക്കാൻ ഹാജിമാർക്ക് സ്മാർട്ട് വളകൾ

മിനാ- പുണ്യസ്ഥലങ്ങളിൽ ഹജ് തീർഥാടകരുടെ നീക്കങ്ങൾ ക്രമീകരിക്കാൻ ലക്ഷ്യമിട്ട് മുഴുവൻ ഹാജിമാർക്കും ഇത്തവണ സ്മാർട്ട് വളകൾ നൽകിയിട്ടുണ്ട്. ഹജ് കർമം പൂർത്തിയായ ശേഷം തീർഥാടകരുടെ ഹോം ക്വാറന്റൈൻ ക്രമീകരിക്കാനും 'തതമൻ' സ്മാർട്ട് വളകൾ ഉപയോഗിക്കും. ഹജ് പൂർത്തിയായ ശേഷം ഹോം ക്വാറന്റൈൻ പാലിക്കുമെന്ന് തീർഥാടകർ ഉറപ്പു നൽകിയിട്ടുണ്ട്. ഹജിനു മുമ്പും ശേഷവും ക്വാറന്റൈൻ പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് ഈ വർഷം തീർഥാടകരെ തെരഞ്ഞെടുത്തിരിക്കുന്നത്. 
ഹജ് തീർഥാടകർക്ക് ആദ്യമായാണ് സ്മാർട്ട് വളകൾ നിർബന്ധമാക്കുന്നത്. റീചാർജ് ആവശ്യമില്ലാതെ മുപ്പതു ദിവസം വരെ സ്മാർട്ട് വളകൾ ഉപയോഗിക്കാൻ സാധിക്കും. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയിൽ ഹാജിമാരുടെ മൊബൈൽ ഫോണുകളുമായി സ്മാർട്ട് വളകളെ ബന്ധിപ്പിച്ചിട്ടുണ്ട്. ഭാരക്കുറവ് ഇവയുടെ പ്രത്യേകതയാണ്. സ്മാർട്ട് വളകളുമായുള്ള കോൺടാക്ട് നഷ്ടപ്പെട്ടാലും അവ കേടു വരുത്താൻ ശ്രമിച്ചാലും ഉപേക്ഷിക്കാൻ ശ്രമിച്ചാലും സ്മാർട്ട് വളകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് നേരിട്ട് അലർട്ട് നൽകും. കൊറോണ വ്യാപനം തടയാനും തീർഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാനും നിരവധി മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിച്ചാണ് ഇത്തവണ ഹജ് നടത്തുന്നത്.

 

Tags

Latest News