Sorry, you need to enable JavaScript to visit this website.
Friday , August   14, 2020
Friday , August   14, 2020

വിട്ടുവീഴ്ചയിൽ വിരിയുന്ന പുതുവസന്തങ്ങൾ

18കാരനായ തന്റെ മകൻ അബ്ദുല്ലയെ വക വരുത്തിയ കൂട്ടുകാരൻ ബിലാലിന്റെ വധശിക്ഷ നടപ്പാക്കേണ്ടതിന്റെ പത്ത് ദിവസം മുമ്പ് ആ അമ്മയുടെ സ്വപ്‌നത്തിൽ പ്രിയ മകൻ അബ്ദുല്ല ഇടക്കിടെ തെളിഞ്ഞുവന്നു പറഞ്ഞുവത്രെ അവന് പൊറുത്ത് കൊടുക്കാൻ. 2007 ലെ ശിശിരകാലത്ത് അവർ രണ്ട് പേരും ഒന്നിച്ചു ഫുട്‌ബോൾ കളിക്കുന്നതിനിടയിലുണ്ടായ അടിപിടിയിലാണ് ബിലാൽ അബ്ദുല്ലയെ കുത്തി കൊലപ്പെടുത്തിയത്. സമീറ-അലിനജാദ് ദമ്പതികളുടെ അകാലത്തിൽ പൊലിഞ്ഞു പോയ രണ്ടാമത്തെ മകനാണ് അബ്ദുല്ല .ഏറ്റവും ഇളയ മകൻ 11-ാമത്തെ വയസ്സിൽ ഒരു ബൈക്കപകടത്തിലാണ് മരിച്ചത്. ഒരു മകൾ മാത്രമേ ഇപ്പോൾ അവർക്കുള്ളൂ. പ്രതിക്ക് വധശിക്ഷ നൽകിയേ അടങ്ങൂ എന്ന വാശിയായിരുന്നു കഠിന ദു:ഖിതയായ മാതാവിന്.
നിരന്തരമായ നിയമ പോരാട്ടങ്ങൾക്കൊടുവിൽ 2014 ൽ പ്രതിക്കു വധ ശിക്ഷ നടപ്പാക്കേണ്ടതിന്റെ രണ്ട് ദിവസം മുമ്പ് അബ്ദുല്ലയെ അവർ വീണ്ടും സ്വപ്‌നത്തിൽ കണ്ടു. ഇത്തവണ അബ്ദുല്ല സംസാരിക്കാൻ വിസമ്മതിച്ചുവത്രേ. പ്രതിയോട് ക്ഷമിക്കാൻ ആ മാതൃ ഹൃദയത്തിന് എന്നിട്ടും കഴിഞ്ഞില്ല. വധശിക്ഷയുടെ ദിവസമെത്തി. മകനെ കൊന്നവനെ നൂർ ജയിലിലെ തൂക്ക് മരത്തിൽ ബന്ധിച്ചിരിക്കയാണ്. ഇറാനിയൻ നിയമ പ്രകാരം കൊല്ലപ്പെട്ടയാളുടെ ബന്ധുവിന് കഴുത്തിൽ കൊലക്കുരുക്കിട്ട പ്രതി നിൽക്കുന്ന കസേര വലിച്ച് അയാളെ തൂക്കിലേറ്റാം. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി വേദഗ്രന്ഥം പാരായണം നടന്നു. തന്റെ മകന്റെ വേർപാടിൽ പ്രിയതമ സമീറ ഏഴ് വർഷമായി കടിച്ചിറക്കുന്ന അഗാധ വേദന നന്നായറിയാവുന്ന അലി നജാദിന്റെ മനസ്സ് അൽപം പോലും അലിഞ്ഞില്ല.
മാത്രമല്ല, അയാൾ കസേര വലിക്കുന്നതിന് പകരം തൊട്ട് മുന്നിലെ സ്റ്റൂളിൽ കയറി നിന്ന് തലങ്ങും വിലങ്ങും ബിലാലിന്റെ മുഖത്തടിക്കാനും തുടങ്ങി. 'അതോടെ എന്റെ കലിയടങ്ങിയ പോലെ. അവന്റെ കഴുത്തിൽ നിന്നും കൊലക്കയർ അഴിച്ച് മാറ്റാൻ ഞാൻ അലിയോട് ഉച്ചത്തിൽ ആവശ്യപ്പെട്ടു.' സമീറ പറഞ്ഞു. 'പ്രതികാരം എന്റെ മനസ്സിൽ നിന്നകന്നു പോയി. പൊടുന്നനെ ബിലാലിന് ഞാൻ പൊറുത്ത് കൊടുത്തു. എനിക്ക് എന്തെന്നില്ലാത്ത സമാധാനവും ശാന്തിയും അനുഭവപ്പെട്ടു.'
ലോകത്താകമാനം വലിയ വാർത്തയായ ആ അമ്മയെ പോലെ തന്റെ മകന്റെ ഘാതകന് പൊറുത്ത് കൊടുത്ത മാതാക്കൾ വേറെയുണ്ടോ എന്നറിയില്ല. മതബോധമുള്ള കുടുംബമായിരുന്നു അവരുടേത്. അതിനാൽ ക്ഷമിക്കുന്നതിന്റെ മഹത്വവും പുണ്യവും അവർക്ക് വേണ്ടു വോളം അറിവുണ്ടായിരിക്കണം എന്ന് വേണം അനുമാനിക്കാൻ. പോയ കാലത്തെ മാറ്റി പണിയാനാവില്ലെങ്കിലും പൊറുക്കുന്നതിലൂടെ വരും കാലത്തെ മികച്ചതാക്കാം എന്ന് പറയാറുണ്ട്. നിസ്സാര കാര്യത്തിന്റെ പേരിൽ പോലും ബന്ധുക്കളോടും സുഹൃത്തുക്കളോടും പിണങ്ങി പ്രതികാര മനസ്സുമായി നടക്കുന്നവർക്ക് സമീറയിൽ ഒന്നാന്തരം പാഠമുണ്ട്. പൊറുക്കുകയെന്നാൽ ഒരു തടവുകാരനെ മോചിപ്പിക്കുകയെന്നാണർത്ഥം. മോചിതനായ ആ തടവുകാരൻ താനായിരുന്നുവെന്ന് തിരിച്ചറിയുന്നതപ്പോഴാണ്. അന്യരോടുള്ള പിണക്കവും പകയും തടവിലാക്കുന്നത് നമ്മെ കൂടി തന്നെയാണ് എന്ന് തിരിച്ചറിയുമ്പോൾ വിട്ടുവീഴ്ചയുടേയും മാപ്പേകലിന്റേയും മഹത്വം നാം കൂടുതൽ വ്യക്തമായി തിരിച്ചറിയും. 
അന്യരോട്  പൊറുക്കുന്നത് വിശിഷ്ഠം; അവർ നമ്മോട് ചെയ്ത അപരാധങ്ങൾ മറക്കുന്നതാകട്ടെ അതിലേറെ വിശിഷ്ഠമാണ്. നമ്മോട് അന്യർ ചെയ്ത അക്രമവും അനീതിയും നിരുപാധികം പൊറുത്ത് കൊടുക്കാൻ കഴിയുകയെന്നത് അത്ര എളുപ്പമല്ല. എന്നാൽ മാപ്പിന് യാതൊരു അർഹതയില്ലെന്നിരിക്കെ പോലും അന്യരുടെ ന്യൂനതയും അപരാധങ്ങളും പൊറുത്ത് കൊടുക്കുമ്പോഴേ നമുക്ക് അത്യുദാത്തമായ മാനുഷികഭാവം കൈവരികയുള്ളൂ. അതു വഴി മാത്രമേ പ്രശാന്തമായ മനസ്സിനുടമയാവാൻ നമുക്ക് കഴിയുകയുള്ളൂ.
വല്ലപ്പോഴും സംഭവിക്കേണ്ട ഒന്നല്ല പൊറുത്ത് കൊടുക്കൽ എന്നത്. അത് സദാ നിലനിർത്തേണ്ട ഒരു ഉൽകൃഷ്ട മനോഭാവമാണ്. കാരുണ്യം കാണിക്കാത്തവരോട് കാരുണ്യം കാണിക്കപ്പെടുകയില്ലെന്നും മറ്റുള്ളവരോട് വിട്ട് വീഴ്ച ചെയ്യാത്തവർക്ക് യാതോരു വിട്ട് വീഴ്ചയ്ക്കും അർഹതയില്ലെന്നുമുള്ള പ്രവാചക വചനം നമുക്ക് വെളിച്ചമാകണം. ഇടക്കിടെ പരിക്ക് പറ്റുന്ന നമ്മുടെ ബന്ധങ്ങളെ ക്ഷമയിലൂടെയും മാപ്പേകലിലൂടെയും കേട് പാടുകൾ പരിഹരിച്ച് ഇണക്കി ചേർക്കാനും ഊഷ്മളമാക്കി നിലനിർത്താനും നമുക്ക് കഴിയേണ്ടതുണ്ട്. 
പല കാരണങ്ങൾ കൊണ്ടും ബന്ധം മുറിഞ്ഞ് പോയവർ, പിണങ്ങിയകന്നിരിക്കുന്നവർ, പരസ്പരം മിണ്ടാത്തവർ, വിവാഹ മോചനത്തിന് ഒരുങ്ങുന്നവർ കണ്ടാലും ദീർഘനാളായി ഒരിക്കലെങ്കിലും ഒന്ന് പുഞ്ചിരിക്കാത്തവർ പശ്ചാതാപ വിവശമായ ഒരു വാക്കിന്റെ മൃദുലതയിൽ, പൊറുക്കലിന്റെ ദീപ്തമായ ഒരു നോട്ടത്തിൽ, തിരിച്ചറിവിന്റെ സൗമ്യതയിൽ അയക്കുന്ന ഒരു സ്‌നേഹാന്വേഷണ സന്ദേശത്തിന്റെ മാധുര്യത്തിൽ പകയും വിദ്വേഷവും മറന്ന് സ്‌നേഹ സൗഹൃദ ത്തണലുകളിലേക്ക് തിരിച്ചു നടന്നാൽ പല ബന്ധങ്ങളിലും കുടുംബങ്ങളിലും വർദ്ധിച്ച ശാന്തിയും സമാധാനവും കളിയാടുമെന്നതിൽ സംശയമില്ല.
എത് നേരവും കടന്നെത്താവുന്ന മരണം തന്നെയും പിടികൂടുമെന്ന അനിഷേധ്യമായ ഉള്ളറിവിൽ, ഉപാധികളില്ലാതെ ഞാൻ നിന്നോട് പൊരുത്തപ്പെട്ടിരിക്കുന്നു എന്ന് ഒരു ഫോൺ കോളിലൂടെ വിളിച്ചറിയിക്കുന്നതിന്റെ ഉദാര മഹനീയ വിവേകത്തിൽ ഹൃദയങ്ങൾ പരസ്പരം കാരുണ്യ വായ്പിന്റെ സ്‌നേഹ മധുരിമയോടെ ഉരുകിയടുക്കട്ടെ. അത് വരെ അനുഭവിക്കാത്ത ശാന്തിയും സമാധാനവും അഭിവൃദ്ധിയും ജീവിതത്തിൽ പുതുവസന്തം തീർക്കുന്നത് അപ്പോൾ നേരിട്ടനുഭവിക്കാനാവും.
 

Latest News