Sorry, you need to enable JavaScript to visit this website.
Friday , August   14, 2020
Friday , August   14, 2020

മൈലാഞ്ചി മൊഞ്ചുണ്ടായിരുന്ന പെരുന്നാൾ

അതൊരു കാലം, അടുപ്പിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന കനൽ പൊന്നുകൾ ചകിരിചെപ്പിൽ കൊണ്ട് പോയി അയലത്തെ പെണ്ണ് തീ പൂട്ടിയിരുന്ന കാലം. ഉപ്പും മുളകും കടുകും വരെ കടം വാങ്ങി കറി വെച്ചു കഴിച്ചിരുന്ന  കാലം. കല്യാണത്തിനോ സൽക്കാരത്തിനോ മറ്റു ആള് കൂടുന്ന  ഏതിടങ്ങളിലേക്കും പോകുമ്പോൾ പൊന്നിന്റെ തരി സ്വന്തമായി ഇല്ലെങ്കിലും അപ്പുറത്തെ വീട്ടിൽനിന്നും വാങ്ങി അണിഞ്ഞൊരുങ്ങാൻ മടിയില്ലാതിരുന്ന ലോകം. ചക്കക്കാലമോ മാമ്പഴക്കാലമോ ആയാൽ വീട്ടുകാർക്ക് പുറമെ വഴിയേ പോകുന്നവർക്കെല്ലാം യഥേഷ്ടം എടുക്കാൻ പാകത്തിൽ നാട്ടു പ്ലാവും മാവുമുണ്ടായിരുന്നു.
അന്നത്തെ പെരുന്നാൾ രാവിങ്ങനെ ഒച്ചയനക്കമില്ലാതെ ആൾപെരുമാറ്റമില്ലാതെ തക്ബീർ ധ്വനികളില്ലാതെ തണുത്ത് ഉറഞ്ഞതായിരുന്നില്ല. അയലത്തെ പെരുന്നാൾ വിരുന്നിന്റെ വിശേഷമറിയാതെ കടന്നു പോകുമായിരുന്നില്ല. അടുത്തിരിക്കുന്നവരെ അണച്ച് പിടിക്കാതെ അകലങ്ങളിലേക്ക്  ആശംസകളെ പറത്തി വിടാനാകുമായിരുന്നില്ല. മഴയും വെയിലും കൂസാതെ രാവും പകലും നോക്കാതെ വല്ലപ്പോഴും ലഭിക്കുന്ന ആഘോഷങ്ങളെ നെഞ്ചോടു ചേർത്ത് പിടിക്കുമായിരുന്നു. മാനവികതയുടെ മഹത്ത്വമറിഞ്ഞ് അപരന്റെ ഇരു ചുമലുകളിലേക്കും മാറിമാറി ചേർന്ന് നിന്ന് സന്തോഷം പങ്കു വെക്കുമായിരുന്നു. ഒരു പക്ഷെ ഇന്നത്തെ പോലെ ആഘോഷിക്കാൻ വേണ്ടി ആഘോഷങ്ങളെ പടച്ചുണ്ടാക്കാൻ അറിയാവുന്നവരായിരുന്നില്ലല്ലോ. 
പെരുന്നാളിന് ദിവസങ്ങൾക്ക് മുന്നെ മൈലാഞ്ചി തെരഞ്ഞ് നടപ്പാണ്, പാടവും തോടും കടന്ന് രണ്ട് കിലോമീറ്റർ നടന്ന് ഞങ്ങൾ മൈലാഞ്ചി വേലികൾക്ക് അരികിലെത്തുമ്പോഴേക്ക് തളിരിലകൾ കഴിഞ്ഞിട്ടുണ്ടാകും. വമ്പത്തികൾ കൊമ്പടക്കം ഒടിച്ച് കൊണ്ടുപോയിരിക്കും. എന്നാലും പൊക്കത്തിലുള്ള മൈലാഞ്ചി മരങ്ങളിലേക്ക് ഏന്തി വലിഞ്ഞ് ആ കൊല്ലത്തെ പെരുന്നാൾ ആവശ്യത്തിനുള്ളത് സംഘടിപ്പിക്കുക തന്നെ ചെയ്യും. അടുത്തകൊല്ലമാകുമ്പോഴേക്കും സ്വന്തമായി ഒരു മൈലാഞ്ചി ചെടി വേണമെന്ന് കരുതി മൂപ്പെത്തിയ ഒരു കൊമ്പൊടിക്കും. എന്നിട്ടും ഞങ്ങൾ വലുതാകുവോളം ഒരൊറ്റ മൈലാഞ്ചി ചെടിപോലും വീട്ടിൽ വേര് പിടിച്ചില്ല.  തിരികെ നടക്കുമ്പോൾ വരമ്പ് പൊട്ടിയ ഒഴുക്കിൽ കാൽ നനച്ചും മുഖം കഴുകിയും മീനുകളെ കോരിയും നേരം പോകുന്ന വേവലാതിയില്ലാതെ  കളിച്ചു രസിക്കും.
ഒരാഴ്ച മുന്നെ ഇട്ടു തുടങ്ങിയാലെ നഖം ചുവക്കൂ, കഴിഞ്ഞ കൊല്ലത്തെ ചക്കപ്പശ ഒരു കോലിന്റെ അറ്റത്ത് ചുറ്റി വെച്ചത് ഇറയത്ത് നിന്നെടുക്കും.  ഉമ്മ കിണറ്റിലേക്ക് കുനിഞ്ഞ് നിന്ന് പച്ചപ്പുല്ലെടുക്കും. ചക്കപ്പശ കത്തുന്ന ചിമ്മിണി വിളക്കിൽ കാണിച്ച് ഉരുക്കി ഒഴിക്കുമ്പോൾ നീട്ടി പിടിച്ച കൈ ചൂട് തട്ടി തിരികെ വലിക്കും. മറ്റേ കയ്യിൽ മരപ്പശ തേച്ച് പുല്ല് പതിച്ച്  കൈ വെള്ള മുഴുക്കെ മൈലാഞ്ചി പരത്തും. എല്ലാ കൊല്ലവും ഉമ്മാക്ക് ഒരേ ഡിസൈൻ ആണ്, എന്നാലും ആർക്കും അതിനൊരു കുഴപ്പും ഉണ്ടായിരുന്നില്ല. പിന്നെയും നാലഞ്ചു കൊല്ലം കഴിഞ്ഞ് നജ്മു അമ്മായി ഈർക്കിലിൽ മൈലാഞ്ചി വെച്ച് പുതിയ മോഡൽ പണിതു തന്നത്. രണ്ട് കയ്യിലും മൈലാഞ്ചി ആയാൽ പിന്നെ കൂടെ കൂടെ മൂത്രമൊഴിക്കാനും മേലൊക്കെ ചെറിയുന്ന പോലേയും തോന്നും. ഓരോരുത്തരും തങ്ങളുടെ  ഉമ്മമാർക്ക് സൈ്വര്യം കൊടുക്കാതെ തുടരെ വിളിച്ചുകൊണ്ടിരിക്കും.   
പിന്നെ മുതിർന്നവർ ആരെങ്കിലും കുട്ടികളെ ഒരുമിച്ച് ഇരുത്തി ചോറ് വാരിത്തരും. ഒരു പാത്രത്തിൽനിന്ന് ഒരു കൈ കൊണ്ട് ഉരുട്ടി തരുന്ന ചോറിന് പറഞ്ഞറിയിക്കാനാകാത്ത സ്വാദുണ്ടായിരുന്നു. ഒത്തൊരുമയുടെ ചേരുവകൾ ഒരുമിച്ച് ഉരുട്ടിയ ഓരോ ഉരുളക്കും വേണ്ടി വായ തുറന്ന് പിടിച്ചിരിക്കും. ഉമ്മറത്തെ പടിയിലിരുന്ന് ഉച്ചത്തിൽ ചൊല്ലുന്ന തക്ബീർ ധ്വനികളിലാണ് അടുത്ത ആവേശ തിമിർപ്പ്. ഞങ്ങൾ ചൊല്ലുന്നതിന്റെ ഇരട്ടി ശബ്ദത്തിൽ സൈതലവി കാക്കാന്റെ മക്കൾ തിരിച്ച് ചൊല്ലും. അതിനേക്കാൾ ഉച്ചത്തിൽ ഞങ്ങളും ഞങ്ങളേ തോൽപിക്കാൻ അവരും. ചിലപ്പോ അതേ ശബ്ദത്തിൽ പെരുന്നാൾ വിശേഷം പറഞ്ഞ് ഉറക്കെ ചിരിക്കും. ഓലപ്പടക്കവും മാല പടക്കവും കത്തിക്കുമ്പോ ഞങ്ങൾ അൽപം മാറി നിൽക്കും. പൂത്തിരിയും മേശപ്പൂവും വർണ കാഴ്ചകൾ തീർക്കുന്നതും ചക്രം കറങ്ങി കത്തുന്നതും കൗതുകത്തോടെ നോക്കിയിരിക്കും. രവേറെ കഴിഞ്ഞാണ് കുട്ടികളെല്ലാം ഒരുമിച്ച് ഉറങ്ങുന്നത്. എത്ര വൈകിയാണ് ഉറങ്ങിയതെങ്കിലും ആരും വിളിക്കാതെ പുലർച്ചെ എഴുന്നേൽക്കും. വെളിച്ചം പരന്നിട്ടില്ലെങ്കിലും വിളക്കിന്റെ വെട്ടത്തിൽ ആദ്യം നോക്കുന്നത് കൈ വെള്ളയിലേക്കാണ്. ഉറക്കത്തിൽ ചുരുട്ടി പിടിക്കാൻ ശ്രമിച്ചപ്പോയൊക്കെ ഉമ്മ ഉറങ്ങാതെ നിവർത്തിയിരിക്കണം. വിണ്ടുകീറിയ പാടം കണക്കെ ഉണങ്ങി അടർന്ന് നിൽക്കുന്ന മൈലാഞ്ചി പൊളിച്ച് മാറ്റി മൂക്കിലേക്ക് അടുപ്പിക്കുകയാണ് പിന്നെ ചെയ്യുന്നത്. കയ്യിലെ ചുവപ്പിന്റെ തുടിപ്പും മണവും നുകർന്ന് പെരുന്നാൾ തുടങ്ങുകയായി.
എണ്ണ തേച്ചുള്ള കുളിയായിരുന്നു പിന്നെ. ചെറിയ കുട്ടികളെയെല്ലാം വരിയായി നിർത്തി എണ്ണ തേച്ച് കുളിപ്പിക്കുന്നത് മുതിർന്നവരിൽ ഒരാളുടെ ഡ്യൂട്ടിയാണ്. കുളി കഴിഞ്ഞ് കോടി ഉടുത്ത് പ്രാതൽ കഴിച്ചെന്ന് വരുത്തി കളി രസങ്ങളിലേക്ക് പായും. പെരുന്നാൾ നിസ്‌കാരവും കഴിഞ്ഞ് ബന്ധു സന്ദർശനങ്ങളും പടക്കം പൊട്ടിക്കലും മറ്റുമായി രണ്ട് മൂന്ന് ദിവസത്തേക്ക് കുട്ടികൾക്ക് ആഘോഷങ്ങളുടെ ആഹ്ലാദ തിമിർപ്പാണ്.
കാലം മാറിയതും കഥ മാറിയതും അറിയാഞ്ഞിട്ടല്ല, പൊയ്‌പ്പോയ ഓർമകൾ പറഞ്ഞ് പുതിയ തലമുറയെ പഴയ കാലങ്ങളിലേക്കു തളക്കപ്പെടാനുമല്ല. പെരുന്നാളിങ്ങനെ ചുരുങ്ങി ചെറുതായികൊണ്ടിരിക്കുന്നത് കണ്ടപ്പോൾ തിമിർത്തു പെയ്യുന്ന മഴയോടൊപ്പം ഓർമകൾ തുള്ളി തുള്ളിയായി പെയ്തു ഓരോളമായി മാറിയപ്പോൾ കഴിഞ്ഞ കാലത്ത് ഇങ്ങനേയും പെരുന്നാൾ ഉണ്ടായിരുന്നെന്ന് പറയാൻ വെറുതെ പുറകിലേക്ക് തുഴഞ്ഞതാണ്. മധുരം കിനിയുന്ന ചിലതിനെ തിരികെ പിടിക്കാൻ വേണ്ടി മാത്രം.
 

Latest News