Sorry, you need to enable JavaScript to visit this website.

സി.പി.എമ്മും മാധ്യമങ്ങളും

മുഖ്യമന്ത്രി പിണറായി വിജയന്റെ 'കടക്ക് പുറത്ത്' പ്രയോഗം (കു)പ്രസിദ്ധമാണ്. സെക്രട്ടറിയേറ്റിൽ ഒരു സുപ്രധാന യോഗത്തിനെത്തിയ മുഖ്യമന്ത്രിയെ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യം അലോസരപ്പെടുത്തി. ചാനൽ മൈക്കുകൾ കാണുമ്പോൾ മുമ്പേ അദ്ദേഹത്തിന് അനിഷ്ടമുണ്ടാകാറുണ്ട്. തന്റെ വഴിയിൽ തടസ്സമുണ്ടാക്കുകയും കൂടിനിൽക്കുകയും ചെയ്ത എല്ലാ ക്യാമറാമാൻമാരോടും അതുവഴി മുഴുവൻ മാധ്യമ ലോകത്തോടുമായിരുന്നു പിണറായിയുടെ കടുത്ത പ്രയോഗം. കേരളം ഞെട്ടലോടെയാണ് അത് കേട്ടത്. 
ചാനലുകൾ അപ്പോൾ തന്നെ സംഭവം കൊഴുപ്പിച്ചു. അന്തിച്ചർച്ചയിൽ മിക്കവരും വിഷയമാക്കിയതും അതു തന്നെ. പിറ്റേന്നത്തെ പത്രങ്ങളും മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയോടെയുള്ള വാക്കുകളെ മുഖ്യ പ്രമേയമാക്കി. മലയാളത്തിലെ പ്രധാന പത്രം തിരിച്ചടിച്ചത്  കൗതുകമുള്ള രീതിയിലായിരുന്നു. അന്നത്തെ ഒന്നാം പേജിലെ എല്ലാ വാർത്തകളുടെയും തലക്കെട്ടിൽ 'കടക്ക് പുറത്ത്' എന്ന പ്രയോഗം അവർ ഉൾപ്പെടുത്തി. അങ്ങനെ മലയാളികളുടെ മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത രീതിയിൽ അവർ അതിനെ ആണിയടിച്ച് പ്രതിഷ്ഠിച്ചു. കടക്ക് പുറത്ത് എന്ന് കേൾക്കുമ്പോൾ തന്നെ പിണറായി വിജയനെ ഇപ്പോൾ എല്ലാവർക്കും ഓർമ വരും. (മറ്റു പല വാക്കുകളും കേൾക്കുമ്പോഴും അദ്ദേഹത്തെ തന്നെ ഓർമിക്കാൻ സാധ്യതയുണ്ട് എന്ന കാര്യവും മറക്കുന്നില്ല.)
കേരള സംസ്ഥാനം നിലവിൽവരുന്നതിന് മുമ്പ് തിരുവിതാംകൂർ അസംബ്ലി നിലവിലുണ്ടായിരുന്നു. രാജഭരണത്തിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാനുള്ള ഏക വഴി. രാജാവിന്റെ പ്രതിനിധിയായ ദിവാനായിരുന്നു അസംബ്ലിയുടെ മേലധ്യക്ഷൻ. ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഏതാനും പേരും രാജാവിന്റെ പ്രതിനിധികളുമായിരുന്നു അംഗങ്ങൾ. വി.ജെ.ടി ഹാളിൽ നിയമസഭ ചേർന്നുകൊണ്ടിരിക്കേ, കോൺഗ്രസ് നേതാവും പിന്നീട് മുഖ്യമന്ത്രിയുമായ പട്ടം താണുപിള്ള ഒരിക്കൽ അസംബ്ലിയിൽ പോലീസിനെ വിമർശിച്ച് സംസാരിച്ചു. മറുപടി പറയാൻ എഴുന്നേറ്റ പോലീസ് കമ്മീഷണർ, പട്ടത്തെ 'സോ കോൾഡ്' കോൺഗ്രസ് നേതാവ് എന്ന് വിശേഷിപ്പിച്ചു. പട്ടം പ്രതിഷേധിച്ചു. പ്രയോഗം പിൻവലിക്കണം എന്നാവശ്യപ്പെട്ടു. അധ്യക്ഷനായിരുന്ന ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ സമ്മതിച്ചില്ല. 'സോ കോൾഡ്' പ്രയോഗത്തിൽ അധിക്ഷേപാർഹമായി ഒന്നുമില്ലെന്നായിരുന്നു റൂളിംഗ്.
അങ്ങനെ അടങ്ങുന്ന മട്ടുകാരനായിരുന്നില്ല പട്ടം. തന്റെ മറുപടിക്ക് ഊഴം വന്നപ്പോൾ പട്ടത്തിന്റെ പ്രസംഗത്തിൽ നിറയെ സോ കോൾഡ്. സോ കോൾഡ് ദിവാൻ, സോ കോൾഡ് പോലീസ് കമ്മീഷണർ അങ്ങനെ പോയി പട്ടത്തിന്റെ പ്രസംഗം. അതിൽ തെറ്റായി ഒന്നുമില്ല എന്ന് വിധിച്ച ദിവാന് എല്ലാം കേട്ടിരിക്കാനേ കഴിഞ്ഞുള്ളൂ. പത്രത്തിന്റെ ഒന്നാം പേജിലെ എല്ലാ തലക്കെട്ടുകളിലും കടക്ക് പുറത്ത് സ്ഥാനം പിടിച്ചതിന് പിന്നിൽ ഈ ചരിത്രപാഠവുമുണ്ടാകാം. തിരിച്ചടിക്കാൻ ഇങ്ങനെയും ചില മാർഗങ്ങളുണ്ട്, അല്ലാതെ പത്രസമ്മേളനത്തിന് വരുമ്പോൾ മുഖ്യമന്ത്രിയോട് കടക്ക് പുറത്ത് എന്ന് പറയാനാവില്ല മാധ്യമ പ്രവർത്തകർക്ക്. 
മലയാളത്തിലെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന വാർത്താ ചാനലിനെ മുഖ്യമന്ത്രിയുടെ പാർട്ടിയായ സി.പി.എം ഇപ്പോൾ ബഹിഷ്‌കരിക്കുകയാണ്. അവരുടെ വാർത്താ വിശകലന ചർച്ചകളിൽ ഇനി സി.പി.എം പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. സി.പി.എമ്മിനെ പോലെ ഒരു പാർട്ടി, മാധ്യമ ബഹിഷ്‌കരണത്തിന് തയാറായത് ശരിയായില്ല എന്ന അഭിപ്രായം പൊതുവെ മുഴങ്ങിക്കേൾക്കുന്നുണ്ട്. വിമർശനാത്മകമായി കാര്യങ്ങളെ സമീപിക്കുന്നവരെ ബഹിഷ്‌കരിക്കുകയെന്ന സമീപനം ജനാധിപത്യ സമ്പ്രദായത്തിൽ അസ്വീകാര്യമാണ്. ഫലപ്രദമായ മറ്റു പോംവഴികൾ തേടുന്നതായിരുന്നു ഉചിതമെന്ന് ചൂണ്ടിക്കാണിക്കുന്നവരിൽ മാധ്യമ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും സാമൂഹിക നിരീക്ഷകരുമുണ്ട്.
ബഹിഷ്‌കരണത്തിന് പിന്നാലെ സി.പി.എം യുവനേതാക്കൾ സമാന്തര വാർത്താ വിശകലന പരിപാടികളും മറ്റുമായി രംഗത്തിറങ്ങിയിട്ടുണ്ട്. മുൻ എം.പി എം.ബി. രാജേഷ് ഇപ്പോൾ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ എല്ലാ ദിവസവും വാർത്താവിശകലനം നടത്തുകയാണ്. മിക്ക ദിവസവും വിഷയം സ്വർണക്കടത്ത് തന്നെയാണ് എന്നത് രസകരമാണ്. ചാനലുകൾ എല്ലാ ദിവസവും സ്വർണക്കടത്ത് ചർച്ചയാക്കുന്നു എന്ന് പരാതിപ്പെട്ടവർ തന്നെയാണ് ഇത് ചെയ്യുന്നത് എന്നതാണ് ഇതിലെ കൗതുകം. മറ്റു ചാനലുകളിലെ ചർച്ചകളിൽ പങ്കെടുക്കുന്ന സി.പി.എം പ്രതിനിധികളിൽ ചിലർ, പരോക്ഷമായി നിങ്ങളെയും ഞങ്ങൾ ബഹിഷ്‌കരിച്ചുകളയും എന്ന ഭീഷണിയും മുഴക്കുന്നുണ്ട്.
ചാനൽ ബഹിഷ്‌കരണത്തിന് പിന്നിലെ യഥാർഥ കാരണമെന്ത് എന്ന അന്വേഷണം പലരും തുടങ്ങിക്കഴിഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലെ കാരണങ്ങൾക്കപ്പുറം ചിലതുണ്ട് എന്നതാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. സി.പി.എം പ്രതിനിധികൾക്ക് സംസാരിക്കാൻ ആവശ്യത്തിന് സമയം നൽകുന്നില്ല, ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ അനാവശ്യമായി ഇടപെടുന്നു എന്നൊക്കെയാണ് കാരണമായി പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ പാർട്ടി അതിനേക്കാൾ പ്രധാനമായെടുത്തത് മറ്റൊരു കാര്യമാണത്രേ. അത് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരായ അധിക്ഷേപകരമായ ഒരു പ്രയോഗമാണ്.
സ്വപ്‌ന സുരേഷിന്റെ വിളയാട്ടത്തെക്കുറിച്ച ചർച്ചകൾക്കിടെ,  ശ്രീരാമകൃഷ്ണന് സ്പീക്കറുടെ ഓഫീസിലെ പ്യൂൺ ആകാനുള്ള യോഗ്യത പോലുമില്ല എന്ന് ഒരു അവതാരകൻ പ്രസ്താവിച്ചതാണ് സി.പി.എമ്മിനെ ഏറെ പ്രകോപിപ്പിച്ചതെന്നാണ് അണിയറ സംസാരം. അങ്ങനെയാണെങ്കിൽ കൂടി അതിന് കൃത്യമായും ഫലപ്രദമായും മറുപടി നൽകാൻ സി.പി.എം നേതാക്കൾക്ക് കഴിയുമായിരുന്നു. അതിന് പകരം മാധ്യമ ബഹിഷ്‌കരണം എന്ന ജനാധിപത്യ വിരുദ്ധ പ്രവൃത്തിയിലേക്ക് അവർ എടുത്തുചാടിയത് ദീർഘവീക്ഷണമില്ലാത്ത നടപടിയായിപ്പോയി. കേരളത്തിലെ ഒന്നാമത്തെ പാർട്ടിക്കും ഒന്നാമത്തെ ചാനലിനും ആഭ്യന്തര ചർച്ചകളിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്‌നം മാത്രമായിരുന്നു ഇതെന്ന് പാർട്ടിയുടെ അഭ്യുദയകാംക്ഷികൾ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
താൻ  വർഷങ്ങളോളം മാധ്യമ വേട്ടയാടലിന് ഇരയായി എന്ന് വിലപിക്കുന്ന നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ സിൻഡിക്കേറ്റ് എന്ന ഒരു പ്രയോഗത്തിന് തന്നെ അദ്ദേഹം രൂപം നൽകി. ഏതാനും മാധ്യമ പ്രവർത്തകർ ഒരു സിൻഡിക്കേറ്റ് പോലെ തനിക്കെതിരെ വാർത്തകൾ മെനയുകയും അത് എല്ലാ മാധ്യമങ്ങളിലും കൂടി പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം. ലാവ്‌ലിൻ കേസിലും വി.എസ് വിരുദ്ധ പോരാട്ടത്തിലും ഭൂരിഭാഗം മാധ്യമങ്ങളും പിണറായിക്കെതിരെ നിന്നു.  അത് സി.പി.എമ്മിനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്നാണ് പിണറായി വിശദീകരിക്കുന്നത് എങ്കിലും സൂക്ഷ്മമായ വിശകലനത്തിൽ അത്തരം വിമർശനങ്ങൾ പാർട്ടിക്കെതിരായിരുന്നില്ല, പിണറായിക്ക് എതിരായിരുന്നു എന്ന് കാണാം. എന്തുകൊണ്ടാണ് അത്തരമൊരു സമീപനം കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിച്ചതെന്ന് പിണറായിയും പാർട്ടിയും ആലോചിക്കേണ്ടതാണ്. പാർട്ടിയിൽ വളർന്നുവരുന്ന ഏകാധിപത്യ പ്രവണതക്കെതിരായ ഒരു നിലപാടായിരുന്നോ അതെന്ന് തീർച്ചയായും പരിശോധിക്കേണ്ടതാണ്.
കേരളത്തിലെ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രധാനപ്പെട്ട ആക്ഷേപങ്ങളിലൊന്ന് അവരിൽ ഭൂരിഭാഗവും ഇടതുപക്ഷ അനുഭാവം പുലർത്തുന്നവരാണ് എന്നതത്രേ. സി.പി.എം വിരുദ്ധരായ രാഷ്ട്രീയ നേതാക്കൾ ഇത് പലവുരു പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഉമ്മൻ ചാണ്ടിയും കോൺഗ്രസ് നേതാക്കളും ക്രൂശിക്കപ്പെട്ട സരിതാ വിവാദ കാലത്ത്.  എസ്.എഫ്.ഐ നേതാക്കളായിരുന്നവരും പാർട്ടി അനുഭാവികളുമാണ് മിക്ക മാധ്യമ പ്രവർത്തകരുമെന്നാണ് ആരോപണം. അത് ശരിയാണെങ്കിൽ സി.പി.എമ്മിനോ ഇടതുപക്ഷ പാർട്ടികൾക്കോ അനുകൂലമായ സമീപനമാണ് പൊതുവെ മാധ്യമങ്ങളിലൂടെ പുറത്തേക്ക് വരേണ്ടിയിരുന്നത്, മാധ്യമ മുതലാളിമാർ ഏത് പക്ഷത്തായാലും. പക്ഷേ അങ്ങനെ സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, മാധ്യമ പ്രവർത്തകർ തങ്ങളെ വേട്ടയാടുകയാണെന്ന് സി.പി.എം തന്നെ പറയുകയും ചെയ്യുന്നു. ഇത് ഒരു തരം വൈരുധ്യമാണ്. ഇടതുപക്ഷ അനുകൂല മാധ്യമ പ്രവർത്തനത്തിന് കേരളത്തിൽ മാർക്കറ്റുണ്ട്. ബി.ജെ.പി നേതാവ് മുതലാളിയായിരിക്കുന്ന ചാനൽ പോലും നേരിയ ഇടതു അനുഭാവം പുലർത്തുന്നതിന് പിന്നിൽ ഇതാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. 
മാധ്യമങ്ങൾക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള പതിവ് പത്രസമ്മേളനങ്ങൾ അദ്ദേഹം റദ്ദാക്കി. അത്യാവശ്യമുള്ള കാര്യങ്ങൾ വാർത്താക്കുറിപ്പിലൂടെയോ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയോ അദ്ദേഹം പുറത്തുവിട്ടു. പിന്നെ പല തവണ അദ്ദേഹം മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ചു. തന്റെ പിന്നാലെ ബൈറ്റിനായി കൂടുന്ന ചാനലുകാരെ ഓടിച്ചുവിട്ടു. കടക്ക് പുറത്ത് വരെയെത്തിയ അത്തരം അധിക്ഷേപങ്ങളെല്ലാം മാധ്യമ സമൂഹം ജോലിയുടെ ഭാഗമെന്ന നിലയിൽ ഏറ്റുവാങ്ങുകയായിരുന്നു. ഏറ്റവുമൊടുവിൽ, കൊറോണ പ്രതിരോധ കാലത്തെ സർക്കാറിന്റെ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ മണിക്കൂർ നീളുന്ന വാർത്താസമ്മേളനങ്ങളും ഏറ്റവും ക്രിയാത്മകമായ രീതിയിലാണ് അവർ റിപ്പോർട്ട് ചെയ്തത്. അങ്ങനെ സർക്കാറിന്റെ പ്രതിഛായ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ തിളങ്ങിനിൽക്കുമ്പോഴാണ് സ്വർണക്കടത്തിന്റെ വരവ്. 
ഉമ്മൻ ചാണ്ടി ഭരണത്തിന്റെ അവസാന വർഷത്തിൽ സരിത എസ്. നായർ എത്തിയതു പോലെ, പിണറായി ഭരണത്തിന് ആണിയടിക്കാൻ സ്വപ്‌നയും ശിവശങ്കരനും എന്ന പ്രതീതിയുണ്ടായതോടെ മുഖ്യമന്ത്രി പ്രതിരോധത്തിലേക്ക് നീങ്ങി. അതിന്റെ തുടർച്ചയാണ് ചാനൽ ബഹിഷ്‌കരണത്തിലെത്തിയത്. 
കേരളത്തിലെ മാധ്യമങ്ങളിൽ വളർന്നുവരുന്ന വലതുപക്ഷ സ്വാധീനവും സംഘ്പരിപാർ ഇടപെടലുകളുമൊക്കെ സജീവ ചർച്ചയായിരിക്കുന്ന വേളയിൽ അതിന് വളംവെച്ചുകൊടുക്കുന്ന രീതി തീർച്ചയായും സി.പി.എം ഉപേക്ഷിക്കുക തന്നെ വേണം. 

Latest News