കൊച്ചി- ജനശദാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളത്ത് ഇറക്കി.
കന്യാകുമാരി സ്വദേശിയാണ് കോവിഡ് പരിശോധനാഫലം വരുന്നതിന് മുമ്പ് കോഴിക്കോട് നിന്ന് ട്രെയിന്‍ കറയിത്.
കോഴിക്കോട് കുന്ദമംഗലത്ത് കരാര്‍ ജോലി ചെയ്യുന്ന ഇയാള്‍ മൂന്നുദിവസം മുമ്പാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയത്. പരിശോധനക്കായി സ്രവം എടുത്തെങ്കിലും ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നറിഞ്ഞതോടെ ഫലം വരാന്‍ കാത്തുനില്‍ക്കാതെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
പരിശോധനാഫലം ലഭിച്ചപ്പോഴേക്കും ഇയാള്‍ കോഴിക്കോട് വിട്ടെന്നുമനസ്സിലാക്കിയ ആരോഗ്യപ്രവര്‍ത്തകര്‍ തൃശൂരില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചു. അപ്പോഴേക്കും ട്രെയിന്‍ തൃശൂര്‍ വിട്ടിരുന്നു. തുടര്‍ന്നാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കിയത്. ഉടന്‍ തന്നെ കളമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാള്‍ യാത്ര ചെയ്ത കമ്പാര്‍ട്ട്‌മെന്റില്‍ മൂന്നുയാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരെ അവിടെ നിന്ന് മാറ്റി കമ്പാര്‍ട്ട്‌മെന്റ് സീല്‍ ചെയ്തു. തിരുവനന്തപുരത്തെത്തുന്നതോടെ ട്രെയിനിലെ ബോഗികളെല്ലാം അണുവിമുക്തമാക്കും.






