Sorry, you need to enable JavaScript to visit this website.

മത്സരം തടയരുത്, ഇന്റർനെറ്റ് ചട്ടങ്ങൾ പുതുക്കണം

വൻകിട കമ്പനികളുടെ മേധാവിത്തത്തെ കുറിച്ച് ഫേസ്ബുക്ക് മേധാവി സക്കർബർഗ്
അമേരിക്ക ഇന്റർനെറ്റ് ചട്ടങ്ങൾ പുതുക്കണമെന്ന ആവശ്യവുമായി ഫേസ് ബുക്ക് മേധാവി മാർക്ക് സക്കർബർഗ്. അമേരിക്കൻ കമ്പനിയായതിൽ അഭിമാനം കൊള്ളുന്നുവെന്നും യു.എസ് നിയമങ്ങൾ സാങ്കേതിക ലോകത്ത് മത്സരം പ്രോത്സാഹിപ്പിച്ചിരുന്നില്ലെങ്കിൽ ഫേസ് ബുക്കിന് വിജയിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
ടെക് കമ്പനികളുടെ നിലപാട് അറിയിക്കുന്നതിനുള്ള ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് സമർപ്പിക്കുന്ന പ്രസ്താവനയിലാണ് സക്കർബർഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. 
മത്സരവും പുതുമയും പ്രോത്സാഹിപ്പിക്കുന്ന യു.എസ് നിയമങ്ങൾ ഇല്ലായിരുന്നുവെങ്കിൽ വിജയം സാധ്യമാകുമായിരുന്നില്ല. അതസമയം, ടെക് കമ്പനികളുടെ വലിപ്പത്തെക്കുറിച്ചും ശേഷിയെക്കുറിച്ചുമുള്ള ആശങ്കകൾ സക്കർബർഗ് അംഗീകരിച്ചു.
ഇതുകൊണ്ടാണ് സർക്കാരുകളിൽനിന്നും റെഗുലേറ്റർമാരിൽനിന്നും ഇന്റർനെറ്റിനായി അപ്‌ഡേറ്റുചെയ്ത നിയമങ്ങളും കൂടുതൽ സജീവമായ പങ്കാളിത്തവും ആവശ്യപ്പെടുന്നത്- അദ്ദേഹം പറഞ്ഞു. ആപ്പിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക്, ആമസോണിന്റെ ജെഫ് ബെസോസ്, ഗൂഗിളിന്റെ സുന്ദർ പിച്ചായ് തുടങ്ങിയവരും തങ്ങളുടെ വാദങ്ങളും നിലപാടുകളും കമ്മിറ്റി മുമ്പാകെ അവതരിപ്പിക്കുന്നുണ്ട്. കുത്തക കമ്പനികളുടെ മേധാവിത്തം വിഷയമായിരിക്കെ,
യുഎസ് തെരഞ്ഞെടുപ്പിന് 100 ദിവസം അവശേഷിക്കെയാണ് ലോകത്തിലെ ഏറ്റവും ശക്തമായ നാല് കമ്പനികളുടെ സി.ഇ.ഒമാരുടെ മൊഴികൾ രേഖപ്പെടുത്തുന്നത്. 
ആത്യന്തികമായി ദോഷകരമായ ഉള്ളടക്കം, സ്വകാര്യത, തെരഞ്ഞെടുപ്പ് തുടങ്ങിയ  സുപ്രധാന വിഷയങ്ങളെക്കുറിച്ച് കമ്പനികൾ സ്വയം തീരുമാനമെടുക്കരുതെന്നാണ് താൻ കരുതുന്നതെന്ന്  സക്കർബർഗ് പറയുന്നു.  
ടെക്‌നോളജി അതികായർ വിപണിയിൽ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്നതിനപ്പുറത്തുള്ള വിഷയങ്ങളും ഹിയറിംഗിൽ പരിശോധക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  
ജനാധിപത്യം, മത്സരം,  സ്വതന്ത്ര ആവിഷ്‌കാരം തുടങ്ങി അമേരിക്കൻ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്ത മൂല്യങ്ങളിൽ തങ്ങൾ വിശ്വാസമർപ്പിക്കുന്നുവെന്ന് സക്കർബർഗ് പറയുന്നു.
മറ്റ് പല ടെക് കമ്പനികളും ഈ മൂല്യങ്ങൾ പങ്കിടുന്നുണ്ടെങ്കിലും അമേരിക്കയുടെ മൂല്യങ്ങൾ അവയിൽ വിജയിക്കുമെന്ന് ഉറപ്പിക്കാനാവില്ലെന്ന് ചൈനീസ് കമ്പനികളെ സൂചിപ്പിച്ച് സക്കർബർഗ് പറഞ്ഞു.  യു.എസ് മോഡലിൽ നിന്ന് വളരെ വ്യത്യസ്തമായ ആശയങ്ങളാണ്  ചൈന കയറ്റി അയക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു. അമേരിക്കയിലും ലോകമെമ്പാടും ശാക്തീകരണത്തിനും അവസരത്തിനുമായി ഉപയോഗപ്പെടുത്തുന്ന അമേരിക്കയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ തുറന്നതും നീതിയുക്തവുമായ അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.  ഒന്നുമില്ലാത്തിടത്തുനിന്നാണ് ഫേസ്ബുക്ക് ആരംഭിച്ചതെന്നും ഉപയോക്താക്കൾക്ക് ആവശ്യമായത് നൽകിയാണ്  വിജയകഥകൾ സൃഷ്ടിച്ചതെന്നും സക്കർബർഗ് അവകാശപ്പെട്ടു.  കമ്പനികൾ വലിയതായതുകൊണ്ട് മാത്രം മോശമാവില്ല. മത്സരിക്കുന്നതിൽ പരാജയപ്പെടുന്ന പല വലിയ കമ്പനികളും നിലനിൽക്കുന്നില്ല.
യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ തടയാൻ ടെക് ഭീമന്മാർ തങ്ങളുടെ ആധിപത്യം ഉപയോഗിക്കുകയാണെന്ന ആരോപണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നതോടെയാണ് വൻകിട കമ്പനികൾ വിവാദത്തിലായത്. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും വിദ്വേഷകരമായതുമായ ട്രംപ് ഉൾപ്പെടെയുള്ളവരുടെ ഉള്ളടക്കം തടയുന്നതിൽ  പരാജയപ്പെട്ടുവെന്ന ആരോപണവും ഫേസ്ബുക്ക് നേരിടുന്നുണ്ട്.

Latest News