അബുദാബി- കോവിഡ് 19 വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായി മലയാളി. മലപ്പുറം കോട്ടക്കല്‍ സ്വദേശി സദാബ് അലി (41) ആണ് ലോകമെങ്ങും കൊറോണ വൈറസിനോട് പോരാടുന്ന പശ്ചാത്തലത്തില്‍ മലയാളികള്‍ക്ക് അഭിമാനമായത്.
16 വര്‍ഷമായി യു.എ.ഇയില്‍ താമസിക്കുന്ന സദാബ് അലി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ തുടര്‍ന്നുള്ള സുഹൃത്തുക്കളുടെ അന്വേഷണത്തിലാണ് കോവിഡ് 19 വാക്‌സിന്‍ പരീക്ഷണ ഘട്ടത്തില്‍ സദാബ് അലിയും ഭാഗമായി എന്ന വാര്‍ത്ത പുറംലോകം അറിയുന്നത്. ഒരു സിറിഞ്ച് ശരീരത്തിലെവിടെയോ കുത്തുന്ന 'ക്ലോസ് അപ്പ്' ചിത്രവും 'മാനവികതയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനായതില്‍ സന്തോഷം' എന്ന കുറിപ്പും മാത്രമാണ് ആ ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നത്.
അബുദാബി കമ്യൂണിറ്റി പോലീസിന്റെ 'വി ആര്‍ ഓള്‍ പോലീസ്' പദ്ധതിയിലെ സജീവാംഗമാണ് സദാബ്. ആ കൂട്ടായ്മയിലൂടെയാണ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയമാകുന്നതും. വാക്‌സിന്‍ പരീക്ഷണത്തിന് തയാറെന്ന സമ്മത പത്രമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ജൂലായ് 24ന് വെള്ളിയാഴ്ച അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലായിരുന്നു പ്രാരംഭ പരിശോധന. ഫാര്‍മസിസ്റ്റ് കൂടിയായ ഭാര്യ സാഹിറയുടെ പിന്തുണ സദാബിന് കൂടുതല്‍ കരുത്തേകുകയായിരുന്നു.
വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി വയസ്സ്, ഭാരം, രക്തം, കോവിഡ് എന്നിവയെല്ലാം പരിശോധിച്ചു. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയുണ്ടോ എന്ന പരിശോധനയാണിത്. ബില്‍റൂബിന്‍ തോതില്‍ വ്യത്യാസം കണ്ടെത്തിയതിനെത്തുടര്‍ന്ന് അപേക്ഷ പ്രാരംഭത്തില്‍ തള്ളി. എന്നാല്‍ പിന്നീടുള്ള വിശദ പരിശോധനക്കും കുടുംബത്തിലെ രോഗപാരമ്പര്യ നിര്‍ണയത്തിനും ശേഷം ആ വെല്ലുവിളി തരണംചെയ്ത് വാക്‌സിന്‍ പരീക്ഷണത്തിന് സജ്ജമായ ശരീരമെന്ന സാക്ഷ്യപത്രം ലഭിക്കുകയായിരുന്നു.
ജൂലായ് 28 ചൊവ്വാഴ്ച വീണ്ടും നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ എത്തി. ആന്റിബോഡി പരിശോധനക്കായി ആദ്യം രക്തമെടുത്തു. ശേഷം 'ഇനാക്റ്റിവേറ്റഡ് വാക്‌സിന്‍' ആദ്യ ഡോസ് വലതുകൈയില്‍ കുത്തിവെച്ചു. ലോകം മുഴുവന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ആ ഉദ്യമത്തില്‍ അങ്ങനെ ഒരു പ്രവാസി മലയാളിയും പങ്കാളിയായി. അടുത്ത 379 ദിവസവും ഇദ്ദേഹവും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാവും. ഇനിയൊരു ഡോസ് കൂടിയുണ്ട്. 21 ദിവസത്തിനുശേഷം. എല്ലാ ദിവസവും ശാരീരികവും മാനസികവുമായ എല്ലാ മാറ്റങ്ങളും അടയാളപ്പെടുത്തണം.






