ചാവക്കാട് - നിയമങ്ങൾക്ക് പുല്ലു വില, അധിക്യതരുടെ ഒത്താശയോടെ മത്സ്യം കയറ്റിയ ലോറികൾ തമിഴ് നാട്ടിൽനിന്നും കേരളത്തിലേക്ക് കടക്കുന്നു. കൊറോണയെ തുടർന്ന് മത്സ്യമാർക്കറ്റുകൾക്ക് കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലെ നിരവധി ജില്ലകളിൽ നിരോധനം ഏർപ്പെടുത്തിയിരിക്കെ പലസ്ഥലത്തും തമിഴ്നാട്ടിൽ നിന്നുള്ള ഐസിട്ട മത്സ്യം കയറ്റിയ ലോറികൾ കടന്നു വരികയാണ്.
തിരുവനന്തപുരം തീരദേശം അടക്കം കേരളത്തിലെ പല തീരമേഖലകളിലും കൊറോണ പോസറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഐസിട്ട മത്സ്യം വിൽപന നടത്തുന്നത് നിരോധിച്ചത്. തമിഴ്നാട്ടിൽ കൊറോണ ദിനം പ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് അസുഖ ബാധിതരുടെ കണക്ക് കൂടുന്നതിനുള്ള സാധ്യതകൾ ഉള്ളതിനാലാണ് തമിഴ്നാട് നിന്നുള്ള മത്സ്യം നിരോധിച്ചത്. എന്നാൽ കേരളത്തിലെ വൻകിട മത്സ്യമാർക്കറ്റ് ഏജന്റുമാർ നിയമം ലംഘിച്ചു വൻതോതിൽ മത്സ്യം കേരളത്തിലെ ഗ്രാമങ്ങളിൽ വിൽപന നടത്തുകയാണ്.
മാർക്കറ്റുകളില്ലാത്തതിനാലും, ഐസ്മീൻ വിൽപന നടത്താൻ നിരോധനം ഉള്ളതിനാലും ചെറുകിട കച്ചവടക്കാരെ ഫോൺവഴി ബന്ധപ്പെട്ട് ഗ്രാമങ്ങളിലും, ഒഴിഞ്ഞ സ്ഥലങ്ങളിലും, മത്സ്യ പെട്ടികൾ ഇറക്കി വിൽപന നടത്തി വരികയാണ്. വാളയാർ കടന്നു വരുന്ന മത്സ്യലോറികൾ കേരളത്തിന്റെ പല ജില്ലകളിലേക്ക് കടക്കുമ്പോഴും നിരവധി പോലീസ് സ്റ്റഷനുകൾക്ക് മുമ്പിലൂടെയാണ് കടന്നു പോകുന്നത്. ഇത്തരം വൻകിടക്കാർക്ക് ഒത്താശചെയ്യുന്ന പോലീസ് വൻകിടക്കാരിൽ നിന്നും മത്സ്യം വാങ്ങി സൈക്കിളുകളിലും, ബൈക്കുകളിലും വിൽപന നടത്തുന്ന ചെറുകിട കച്ചവടക്കാരെ വേട്ടയാടുകയാണ്. നിരോധിത മത്സ്യം ചെക്ക് പോസ്റ്റുകൾ കടന്ന് പോലീസിന്റെ കൺമുന്നിലൂടെയാണ് വരുന്നത.് ഇത് തടയാൻ ബന്ധപ്പെട്ടവർ തയാറാവുന്നില്ല. രാഷ്ട്രീയക്കാരുടെ പിൻബലത്തോടെ ഭരണക്കാരുടെ ഒത്താശയാണ് പോലീസിനെ നിർവീര്യമാക്കുന്നത്.
കേരളത്തിൽ തമിഴ്നാട് മത്സ്യത്തിനു നിരോധനം വന്നതോടെ മത്സ്യത്തിനു ഗണ്യമായി തമിഴ്നാട്ടിൽ വില കുറഞ്ഞിരിക്കുകയാണ്. 1000 രൂപക്കും 1500 രൂപക്കും ഒരു പെട്ടി അയില കിട്ടുന്നത് 6000 മുതൽ 7000 രൂപക്കാണ് കേരളത്തിലെ ഗ്രാമങ്ങളിൽ വിൽപന നടത്തുന്നത്. 30 കിലോ അയിലയാണ് ഒരുപെട്ടിയിൽ ഉണ്ടാവുക. കിലോക്ക് 200 മുതൽ 240 രൂപവരെ വിലക്ക് വൻകിടക്കാരിൽ നിന്നു വാങ്ങുന്ന അയില 250 മുതൽ 340 രൂപ വരെ സാധാരണക്കാരൻ വില നൽകി വാങ്ങുന്നത്. കോടികളാണ് കൊറോണ നാളിലെ വൻകിട മത്സ്യവ്യാപാരിയുടെ വരുമാനം. കേരളത്തിലെ ഒരു തീരമേഖലയിലും കഴിഞ്ഞ ദിവങ്ങളിൽ അയില വലുത് ലഭ്യമായിട്ടില്ല. ചെറുഅയിലകളാണുള്ളത്. മത്തിയും വളരെ ചുരുക്കമാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പല സ്ഥലങ്ങളിലും ഗ്രാമങ്ങളിലും വൻതോതിൽ വിൽപന നടത്തിയത് വലിയ അയിലയും മത്തിയുമാണ്. ഇത് മുഴുവൻ അതിർത്തി കടന്ന് തമിഴ്നാട്ടിൽ നിന്നെത്തിയതാണ്. തമിഴ്നാട് കടന്ന് വരുന്ന മത്സ്യലോറികൾക്ക് തടയിട്ടില്ലെങ്കിൽ കേരളത്തിലെ തീരമേഖലയിലും ഇതിന്റെ ഭാഗമായി അനുബന്ധ പ്രദേശങ്ങളിൽ സബർക്കത്തിലൂടെയും മഹാമാരി പടരാനുള്ള സാധ്യത ഏറെയാണ്.