ന്യൂദൽഹി- ഗൾഫിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, കേന്ദ്ര സർക്കാർ തുടങ്ങിയവയ്ക്ക് ആണ് നോട്ടീസ്. രണ്ട് ആഴ്ചയ്ക്ക് ഉള്ളിൽ മറുപടി നൽകണം എന്ന് ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഓഗസ്റ്റ് രണ്ടാം വാരം ഹർജികൾ വീണ്ടും പരിഗണിക്കും.
നീറ്റ് പരീക്ഷ കേന്ദ്രങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ആണെന്ന് ജസ്റ്റിസ് നാഗേശ്വർ റാവു ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതി ഉണ്ട്. അതേസമയം പരീക്ഷ ഓൺലൈൻ ആയി നടത്താൻ മെഡിക്കൽ കൗൺസിൽ എന്ത് കൊണ്ട് തയ്യാർ ആകുന്നില്ല എന്നും ജസ്റ്റിസ് റാവു ആരാഞ്ഞു. ഇക്കാര്യത്തിൽ ഉള്ള വിശദീകരണവും നൽകാൻ കോടതി കൗണ്‌സിലിനോട് നിർദേശിച്ചു.
ഗൾഫിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഖത്തർ കെ എം സി സി യും, 9 രക്ഷാകർത്താക്കളും ആണ് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ നാലായിരത്തോളം വിദ്യാർത്ഥികൾ ആണ് നീറ്റ് പരീക്ഷ എഴുതാൻ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് അപേക്ഷിച്ചിട്ടുള്ളത് എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജർ ആയ ഹാരീസ് ബീരാനും പല്ലവി പ്രതാപും ചൂണ്ടിക്കാട്ടി. ഇതിൽ പകുതിയിൽ അധികവും മലയാളികൾ ആണ്. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് നൽകിയ ഹർജി കേരള ഹൈകോടതി തള്ളിയിരുന്നു.






