കോഴിക്കോട്- സൗദി അറേബ്യയിലേക്കും ഖത്തറിലേക്കും വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനവുമായി ട്രാവല്‍ ഏജന്‍സികള്‍ രംഗത്ത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച വിമാന സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ സൗദിയോ ഖത്തറോ ഇനിയും തീരുമാനം അറിയിച്ചിട്ടില്ല. ഇന്ത്യയുടെ ഭാഗത്തുനിന്നും അറിയിപ്പുണ്ടായിട്ടില്ല.
ഈ സാഹചര്യം നിലനില്‍ക്കെയാണ് അടുത്ത മാസം ഖത്തറിലേക്ക് സര്‍വീസുമുണ്ടാകുമെന്ന് പരസ്യം ചെയ്തുകൊണ്ട് ട്രാവല്‍ ഏജന്‍സി ഗൂഗിള്‍ ഫോമില്‍ ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്.
മറ്റൊരു ട്രാവല്‍ ഏജന്‍സി സൗദിയിലേക്കുള്ള യാത്രക്കാരുടേയും പേരുവിവരങ്ങള്‍ ശേഖരിക്കുന്നു. വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇതുസംബന്ധിച്ച പരസ്യങ്ങള്‍ പ്രചരിക്കുന്നത്.
വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായാല്‍ മാത്രമേ പണം നല്കി ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നാണ് ട്രാവല്‍ രംഗവുമായി ബന്ധമുള്ളവര്‍ നല്കുന്ന ഉപദേശം.






