ദുബായ്- കൊറോണ വൈറസ് മൂലം യാത്രക്കാരില്‍ ഒരാള്‍ മരിച്ചാല്‍
മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള ചെലവ് വഹിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. മൃതദേഹം സംസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കുന്നതിനും സംസ്‌കരിക്കുന്നതിനും 1758 ഡോളര്‍ വരെ വഹിക്കുമെന്നാണ് ദുബായ് ആസ്ഥാനമായ എയര്‍ലൈന്‍സ് വെബ്‌സൈറ്റിലുടെ അറിയിച്ചത്.
യാത്രക്കാരില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ 1,75,758 ഡോളര്‍ വരെ ചികിത്സാ ചെലവും 14 ദിവസത്തേക്ക് 117 ഡോളര്‍ പ്രതിദിന ചെലവിനായി നല്‍കുമെന്നും എമിറേറ്റസ് നേരത്തെ അറിയിച്ചിരുന്നു.
ഒക്ടോബര്‍ 31 വരെ യാത്ര ചെയ്യുന്ന എല്ലാ എമിറേറ്റ്‌സ് യാത്രക്കാര്‍ക്കും സൗജന്യ കോവിഡ് ചികിത്സാ കവറേജ് ലഭ്യമാണ്. എന്നാല്‍ കൊറോണ വൈറസ് പരിശോധനയുടെ ചെലവ് എയര്‍ലൈന്‍ വഹിക്കില്ല.
യാത്ര നടത്തി തൊട്ടടുത്ത ദിവസമുള്ള കോവിഡ് പരിശോധനാ ഫലം മറ്റുരേഖകളോടൊപ്പം സമര്‍പ്പിക്കണം. ചികിത്സാ സഹായവും ക്വാറന്റൈന്‍ ചെലവും ലഭിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണമെന്നും വെബ്‌സൈറ്റില്‍ പറയുന്നു. ഹാജരാക്കേണ്ട രേഖകളടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.