ദുബായ്- രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. അസുഖത്തേക്കാള്‍ കൂടുതല്‍ രോഗമുക്തിയാണ് കഴിഞ്ഞ ദിസവങ്ങളിലായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച മാത്രം 328 പേര്‍ കോവിഡ്മുക്തരായി. 264 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ മരണത്തിന് കീഴടങ്ങി.
കോവിഡ് ബാധിച്ചവരില്‍ 47 പേര്‍ക്ക് അസുഖം വന്നത് ഒരു ഗൃഹപ്രവേശന ചടങ്ങില്‍ നിന്നാണെന്ന് വിര്‍ച്വല്‍ പത്ര സമ്മേളനത്തില്‍ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. ഉമര്‍ അല്‍ഹമ്മാദി പറഞ്ഞു. മാസ്‌ക, സാമൂഹിക അകലം തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആയിരുന്നു പരിപാടിയെന്നും അദ്ദേഹം വിശദീകരിച്ചു.
24 മണിക്കൂറിനിടെ മാത്രം 47000 കോവിഡ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ ഫലപ്രദമായ നടക്കുന്നതിനിടെ രാജ്യത്ത് കോവിഡ് വാക്‌സിനു വേണ്ടിയുള്ള മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണവും ആരംഭിച്ചു.
അബുദാബി ആരോഗ്യമന്ത്രാലയം, ജി 42 ഹെല്‍ത്ത് കെയര്‍, സിനോഫാര്‍മ് സി.എന്‍.ബി.ജി എന്നിവര്‍ ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. പരീക്ഷണത്തിന്റെ ആദ്യഘട്ടം ചൈനയില്‍ കഴിഞ്ഞിരുന്നു.