ദുബായ്- പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചു പോകാനുള്ള പ്രത്യേക വിമാന സര്‍വീസുകളുടെ സമയപരിധി അവസാനിച്ചു. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച യാത്രാകരാര്‍ കാലാവധിയാണ് ഞായറാഴ്ച അവസാനിച്ചത്. കരാര്‍ ഇതുവരെ പുതുക്കിയിട്ടില്ല. ആയിരക്കണക്കിന് പേരെ ബാധിക്കുന്ന വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം കൃത്യമായ വിശദീകരണം നല്‍കിയിട്ടുമില്ല.
കരാര്‍ തുടരുമെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. വൈകാതെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ കോണ്‍സല്‍ പ്രസ് നീരജ് അഗര്‍വാളിന്റെ പ്രതികരണം.
പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചു പോകണമെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്ററ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.ഐ), അല്ലെങ്കില്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജി.ഡി.ആര്‍.എഫ്.എ) അനുമതി വേണം. അബൂദാബിയിലേക്കാണ് ഐ.സി.ഐ അനുമതി വേണ്ടത്. ദുബായിലേക്ക് ജി.ഡി.ആര്‍.എഫ്.എ അനുമതിയും. ഇതില്‍ ദുബായിലേക്ക് യാത്ര താരതമ്യേന എളുപ്പമായിരുന്നു. എന്നാല്‍ ഐ.സി.ഐ അനുമതി കിട്ടാത്തതിനാല്‍ നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു. പ്രൊഫഷണലുകള്‍ക്ക് മാത്രമാണ് അബൂദാബിയിലേക്ക് വിസ അനുവദിച്ചിരുന്നത്.
കരാര്‍ കാലാവധി അവസാനിച്ചെങ്കിലും വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാംഘട്ടം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. ഇതിന്റെ സമയക്രമം കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയും ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 വരെയാണ് വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടം. 105 വിമാനങ്ങളാണ് ഈ ഘട്ടത്തില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 34 എണ്ണം കേരളത്തിലേക്കാണ്. മൊത്തം വിമാനങ്ങളില്‍ 74 എണ്ണം ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നും 31 എണ്ണം അബുദാബിയില്‍ നിന്നുമാണ്.