Sorry, you need to enable JavaScript to visit this website.

ഗൊണ്ടോളയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കുന്നു

വെനീസ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരിക അതിമനോഹരമായ കനാലുകളിലൂടെ അലസമായി ഒഴുകുന്ന ഗൊണ്ടോള എന്നറിയപ്പെടുന്ന വള്ളങ്ങളാണ്. വെനീസിലെ അതിശയിപ്പിക്കുന്ന മധ്യകാലഘട്ട വാസ്തുവിദ്യ വിളിച്ചോതുന്ന കെട്ടിടങ്ങളും പാലങ്ങളും കണ്ടുകൊണ്ടുള്ള ഗൊണ്ടോള യാത്രയില്ലെങ്കിൽ സഞ്ചാരികൾക്ക് തൃപ്തി വരാറില്ല. ഇപ്പോഴിതാ വെനീസിലെ ഗൊണ്ടോള സഞ്ചാരികൾക്കായി പുതിയ ഒരു നിർദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് അധികൃതർ. ഒരു സമയം ഒരു ഗൊണ്ടോളയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ പോകുന്നു. 
ഭാരം കൂടിയ ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി വർധിച്ചതോടെയാണ് ഈ തീരുമാനം. ചെറിയ ഗൊണ്ടോളകളിൽ ഇനി മുതൽ ആറ് പേർക്ക് പകരം അഞ്ച് പേർക്ക് മാത്രമേ കയറാൻ സാധിക്കൂ. അതേ സമയം, ഗ്രാന്റ് കനാലിലൂടെയുള്ള യാത്രക്കുപയോഗിക്കുന്ന കൂറ്റൻ ഗൊണ്ടോളകളിൽ 14 പേർക്ക് പകരം ഇനി 12 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ. 


പത്ത് വർഷങ്ങൾക്ക് മുമ്പുള്ള സ്ഥിതിയല്ല ഇപ്പോൾ ഉള്ളതെന്നും ഭൂരിഭാഗം ടൂറിസ്റ്റുകളിലും അമിത ഭാരം ഉണ്ടെന്നും ഇവിടുത്തെ ഗൊണ്ടോള വള്ളങ്ങളുടെ തുഴച്ചിലുകാർ പറയുന്നു. ഗൊണ്ടോളകളിൽ ഭാരം കൂടിയാൽ വെള്ളം കയറാനിടയാവുകയും അത് അപകടം സൃഷ്ടിക്കുകയും ചെയ്യും. നിലവിൽ 433 ഗൊണ്ടോള തുഴച്ചിലുകാരാണ് വെനീസിലുള്ളത്.

 

Latest News