Sorry, you need to enable JavaScript to visit this website.

വിമാനം റദ്ദാക്കി; വീട്ടിലെത്താൻ  48 ദിവസം സൈക്കിൾ ചവിട്ടി വിദ്യാർത്ഥി

ക്ലിയോന്റെ സൈക്കിൾ സവാരി

നിലവിലെ ആരോഗ്യ സാഹചര്യത്തിൽ ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കൊറോണ വൈറസ് വ്യാപനം പല രാജ്യങ്ങളെയും മോശമായി ബാധിച്ചിരിക്കുകയാണ്. പുറത്തിറങ്ങാൻ പാടില്ലെന്നും മറ്റുള്ളവരുമായി സമ്പർക്കം പാടില്ലെന്നും ശക്തമായ മുന്നറിയിപ്പുണ്ട്. 
കോവിഡ്19 വ്യാപനം രൂക്ഷമായതോടെ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് സ്‌കോട്ട്‌ലാൻഡിൽ കുടുങ്ങിപ്പോയ ഒരു വിദ്യാർത്ഥിയുടെ കഥയാണിത്. 
ആബർഡീൻ സർവകലാശാലയിലെ വിദ്യാർത്ഥിയും ഇരുപതുകാരനുമായ ക്ലിയോൻ പാപ്പഡിമിത്രോയാണ് ലോക്ഡൗണിനെ തുടർന്ന് വീട്ടിൽ പോകാനാകാതെ സ്‌കോട്ട്‌ലാൻഡിൽ കുടുങ്ങിയത്. സ്വദേശമായ ഗ്രീസിലേക്ക് മടങ്ങാൻ മൂന്നു തവണയാണ് ക്ലിയോൻ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ മൂന്ന് തവണയും ഓരോ കാരണങ്ങളാൽ യാത്ര മുടങ്ങി. ഇതോടെ, സൈക്കിളിൽ 2175 മൈൽ യാത്ര ചെയ്യാൻ ക്ലിയോൻ തീരുമാനിക്കുകയായിരുന്നു. 


48 ദിവസമെടുത്താണ് ക്ലിയോൻ യാത്ര പൂർത്തിയാക്കിയത്. മെയ് 10 നാണ് യാത്ര ആരംഭിച്ചത്. മത്തി, കടല നെയ്യ്, ബ്രെഡ്, സ്ലീപ്പിംഗ് ബാഗ്, ടെന്റ്, സൈക്കിളിനു ആവശ്യമായ ഉപകരണങ്ങൾ എന്നിവയാണ് ക്ലിയോൻ കൈയിൽ കരുതിയിരുന്നത്. ക്ലിയോന്റെ യാത്ര ട്രാക്ക് ചെയ്യാൻ ആവശ്യമായ ആപ് ഡൗൺലോഡ് ചെയ്യണമെന്നു മാത്രമായിരുന്നു വീട്ടുകാർ വെച്ച നിർദേശം. ഇൻസ്റ്റഗ്രാമിൽ തന്റെ ഈ നീണ്ട യാത്രയുടെ പൂർണ വിവരങ്ങൾ ക്ലിയോൻ പങ്കുവച്ചിട്ടുണ്ട്. 
35 മുതൽ 75 മൈൽ വരെയാണ് ഒരു ദിവസം ക്ലിയോൻ യാത്ര ചെയ്തത്. ഇംഗ്ലണ്ട്, നെതർലാൻഡ, ജർമനി, ഓസ്ട്രിയ, ഇറ്റലി എന്നിവിടങ്ങളിലൂടെയായിരുന്നു ക്ലിയോന്റെ യാത്ര. ജൂൺ 27 നാണ് ക്ലിയോൻ സുരക്ഷിതമായി വീട്ടിലെത്തിയത്.

 

 

Latest News