Sorry, you need to enable JavaScript to visit this website.

രണ്ടാം ലോക മഹായുദ്ധത്തിലെ കപ്പൽ

ഏഴാം കടലിനക്കരെ-5 


മഞ്ഞും മഴയും പെയ്യുന്ന അതിരാവിലെ തന്നെ മകൾ ഞങ്ങളെ വിളിച്ചുണർത്തി. അവൾ നേരത്തേ തന്നെ ഒരു ദീർഘയാത്രക്കുള്ള തയാറെടുപ്പ് നടത്തിയിരുന്നു. ഒഴിവു ദിവസങ്ങളിൽ ദീർഘദൂര യാത്രകൾ ഇവിടെ പതിവാണ്.  ഉല്ലാസ യാത്രകൾ കുടുംബത്തെയും കുട്ടികളെയും മാനസിക പിരിമുറുക്കത്തിൽ നിന്നും  മോചിപ്പിക്കുന്നു. ഏറെ സന്തോഷിച്ചത് അവളുടെ മൂന്നു കുട്ടികളായിരുന്നു. അവരൊക്കെ അമേരിക്കൻ ജീവിതവുമായി ഇണങ്ങിയിട്ട്  വർഷങ്ങൾ  ഏറെയായി. ചാൾസ്റ്റൻ ഹാർബറായിരുന്നു അവളുടെ ലക്ഷ്യം. നോർത്ത് കരോലിനയിൽ നിന്നും നാലു മണിക്കൂർ കാറിൽ സഞ്ചരിച്ചു വേണം ചാൾസ്റ്റണിലെത്താൻ. ദേശസ്‌നേഹികളുടെ മുനമ്പ് എന്ന പേരിലാണ് ഈ തുറമുഖം അറിയപ്പെടുന്നത്.


 1874 ഓടെ ആഭ്യന്തര കലാപം രൂക്ഷമായപ്പോൾ  ചാൾസ്റ്റൺ  ഒരു സ്ഥിരം നേവൽ  ഹാർബറായി മാറി. യുദ്ധക്കപ്പലുകളുടെയും സബ്മറൈൻ കപ്പലുകളുടെയും നിർമാണവും  തുടർന്നു.  ഒരു സാധാരണ ഹാർബറിന് താങ്ങാനാവുന്നതിലും കൂടുതലായിരുന്നു അവിടത്തെ തൊഴിലാളികളുടെ എണ്ണം. പക്ഷേ, അവിചാരിതമായി രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ  അമേരിക്കയിലെ ഹവായ് ദ്വീപിലെ ഹോണോലുലുവിലെ  പേൾ ഹാർബർ  അതിഭയാനകമാം വിധത്തിൽ ആക്രമിക്കപ്പെട്ടതിനു ശേഷം  ഇവിടെ യുദ്ധക്കപ്പലുകളുടെ നിർമാണത്തിനു അവസരമൊരുങ്ങി. 1941 ഡിസംബർ  ഏഴിലെ കനത്ത ബോംബിംഗിനു ശേഷം അമേരിക്ക രണ്ടാം ലോക മഹായുദ്ധത്തിൽ  പങ്കാളിയായതോടെ  യുദ്ധത്തിന്റെ ഗതിമാറിത്തുടങ്ങി. ചാൾസ്റ്റൺ  ഹാർബറിൽ യുദ്ധക്കപ്പലുകളുടെയും സബ്മറൈൻ യുദ്ധ വാഹനങ്ങളുടെയും നിർമാണത്തിന് വേഗം വർധിച്ചു.  ഈ തുറമുഖ തീരത്തു നിന്നാണ് യു.എസ്.എസ് യോർക്ക്ടൗൺ എന്ന വിമാന വാഹിനി യുദ്ധക്കപ്പൽ ജപ്പാനെ തകർക്കാനുള്ള ആറ്റംബോംബുമായി പെസഫിക് സമുദ്രത്തിലൂടെ പുറപ്പെട്ടത്.


മനുഷ്യ ചരിത്രം ഒരു കാലത്തും മാപ്പ് നൽകാത്ത ഒരു കിരാത ആക്രമണത്തിനു സാക്ഷ്യം വഹിച്ച യോർക്ടൗൺ യുദ്ധക്കപ്പലിലാണ് ഞങ്ങൾ  കയറിയത്. 1945 ഓഗസ്റ്റ് ആറിന് ജപ്പാനിലെ നാഗസാക്കി നഗരത്തിലും ഒമ്പതിന് ഹിരോഷിമയിലും ആറ്റംബോംബ് വർഷിച്ചതു ഈ കപ്പലിൽ നിന്നാണ്.  യുദ്ധത്തിന്റെ ഭീകരത എത്രത്തോളമാണെന്നും അത് മാനവരാശിക്ക് എത്ര ദോഷകരമാണെന്നും വിളിച്ചുപറയുന്ന മാപ്പുസാക്ഷിയായ കപ്പൽ. 75 വർഷങ്ങൾക്കു മുമ്പുള്ള ഈ കപ്പലിന് അവിടെ വെന്തുമരിച്ച മനുഷ്യരെക്കുറിച്ചോ, കത്തിച്ചാമ്പലായ രണ്ടു മഹാനഗരങ്ങളെക്കുറിച്ചോ ഒന്നും അറിയില്ല. നാളിതു വരെ മനുഷ്യ ചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 


ഈ പടുകൂറ്റൻ  കപ്പലിലെ ഉള്ളറകളിൽ  കയറി ഇറങ്ങുമ്പോൾ  മനസ്സിൽ ലോകം കണ്ട മഹാ ദുരന്ത  ഓർമകൾ  വന്നും പോയുമിരുന്നു. അമേരിക്കൻ സാങ്കേതിക  വിദ്യയുടെ അക്കാലത്തെ മാസ്മരികത ഈ കപ്പലിൽ  ഒരു വിസ്മയം പോലെ ഞാൻ  കണ്ടു നടന്നു. ബോംബുകൾ  വർഷിക്കാൻ  ഉപയോഗിച്ച 'യോർക്ടൗൺ' ബോംബർ വിമാനങ്ങൾ  നിർത്തി യിട്ട പടുകൂറ്റൻ റൺവേ കണ്ടപ്പോൾ ഒരു വിമാനത്താവളത്തിന്റെ റൺവേയുടേത് പോലെ തോന്നി.  ആ യുദ്ധക്കപ്പലിനു മുകളിൽ  നാൽപത്തഞ്ചു ചെറുവിമാനങ്ങൾക്ക് വരിവരിയായി പാർക്ക് ചെയ്യാൻ കഴിയും. 
ഈ പടുകൂറ്റൻ വിമാന വാഹിനി കപ്പലിനരികെ നിർത്തിയിട്ട സബ്മറൈൻ മറ്റൊരു അത്ഭുതമാണ്. ഇതിൽ നിന്നാണ് മിസൈലുകൾ  യുദ്ധ മുഖത്തേക്ക് തൊടുത്തു വിടുന്നത്. വെള്ളതിനടിയിൽ ഒളിച്ചിരിക്കുന്ന ആധുനിക സാങ്കേതിക മികവിന്റെ മകുടോദാഹരണമാണ് എഴുപത്തഞ്ചു  വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഈ സാബ്മറൈൻ. ഇപ്പോൾ  പല ഭാഗങ്ങളും തുരുമ്പിച്ചിരിക്കുന്നു. ഇടുങ്ങിയ കോവണിയിലൂടെ അടിത്തട്ടിലേക്കിറങ്ങുമ്പോൾ കാൽ വഴുതുന്നത് സൂക്ഷിക്കാനുള്ള മുന്നറിയിപ്പുകൾ എഴുത്തിവെച്ചിരുന്നു. 


അക്കാലത്തുപയോഗിച്ച ഒരുപാട് യുദ്ധയന്ത്രങ്ങളുടെ ഒരു വലിയ ശേഖരം തന്നെ അവിടെ കാണാനുണ്ട്. ജപ്പാനിൽ മരിച്ചുവീണ മനുഷ്യരുടെ ശാപം പേറുന്ന ആ യന്ത്രങ്ങൾ ഒരു കൂട്ടം മനുഷ്യക്കുരുതിയുടെ മൂകസാക്ഷികളാണ്. യുദ്ധങ്ങളെക്കുറിച്ച് ഞാൻ കൂടുതലായി കേട്ടറിഞ്ഞതൊക്കെ സ്‌കൂൾ കാലഘട്ടത്തിലെ ചരിത്ര പാഠങ്ങളിൽ നിന്നായിരുന്നു.  അവിടെ നിന്നുമാണ് ഒന്നാം ലോക മഹായുദ്ധവും  രണ്ടാം ലോക മഹായുദ്ധവും  എന്നൊക്കെ  കേട്ടറിഞ്ഞത്. 
ലോക രാഷ്ട്രങ്ങളുടെ സാമ്രാജ്യത്വ മോഹം പല രാജ്യങ്ങളുടെയും സാമൂഹ്യ  സാമ്പത്തിക നിലയെ പിടിച്ചുലച്ചിട്ടുണ്ട്.  പരസ്പരം വെട്ടിപ്പിടിക്കാൻ  രാഷ്ട്രങ്ങൾ  തമ്മിലുണ്ടായ മത്സരത്തിന്റെ പരിണത ഫലമാണ് ഇത്തരം യുദ്ധങ്ങൾ എന്നെനിക്കു തോന്നി.  


ചാൾസ്റ്റൺ തുറമുഖം ഒരുപാട് യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം   കൊറിയ, വിയറ്റ്‌നാം യുദ്ധങ്ങൾക്കു നേതൃത്വം നൽകിയതും  ഇവിടെ വെച്ചാണ്.  ഇപ്പോൾ  അമ്പതിനായിരത്തോളം ജോലിക്കാർ ഈ തുറമുഖത്തുണ്ട്.  ഇരുപത്തയ്യായിരം നേവി മറൈൻ  ജീവനക്കാരാണ്. അമേരിക്കയലെ    വലിയ തുറമുഖങ്ങളിൽ ഒന്നാണ് രാജ്യസ്‌നേഹികളുടെ മുനമ്പ് എന്നറിയപ്പെടുന്ന ചാൾസ്റ്റൺ. 
അമേരിക്കയുടെ ആരാധ്യ പട്ടാളക്കാർ വാണിരുന്ന 'യോർക്ക്ടൗൺ' വിമാന വാഹിനി കപ്പലിൽ  നിന്നിറങ്ങിയപ്പോൾ   രണ്ടാം ലോക മഹായുദ്ധത്തിന്റെ ഓർമകൾ  മനസ്സിന്റെ  കാൻവാസിൽ ഏതോ വികൃത ചിത്രങ്ങൾ വരക്കുന്നുണ്ടായിരുന്നു. ഞാൻ  അറിയാതെ സ്വയം ചോദിച്ചുപോയി ഈ യുദ്ധങ്ങൾ ആർക്കു വേണ്ടിയായിരുന്നു.

Latest News