കല്‍പ്പറ്റ- വയനാട് ജില്ലയില്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടി. കഴിഞ്ഞ ദിവസം ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെങ്കില്‍ ഇപ്പോള്‍ 42 പേര്‍ക്ക് കൂടി വൈറസ് പരിശോധനാഫലം പോസിറ്റീവായി. മൂന്ന് മെഡിക്കല്‍ സംഘം വാളാട് കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശവാസികളില്‍ പനി ബാധിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ജൂലൈ 19ന് നടന്ന മരണാനന്തര ചടങ്ങിലും തൊട്ടടുത്ത ദിവസത്തെ വിവാഹ ചടങ്ങിലും ഇവര്‍ പങ്കെടുത്തിരുന്നത് വ്യാപനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചയാളുടെ വീട്ടില്‍ വെച്ച് നടന്ന മരണാനന്തര ചടങ്ങില്‍ നിരവധിയാളുകളാണ് പങ്കെടുത്തത്.ഇതിന് ശേഷം പ്രദേശത്തുള്ളവരില്‍ എട്ട് പേര്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. തുടര്‍ന്നാണ് ഇവരില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ഇവരില്‍ ഏഴ് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മരണാന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ അടുത്ത ദിവസം നടന്ന വിവാഹ പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.തവിഞ്ഞാല്‍ കോവിഡ് ക്ലസ്റ്ററാക്കിയേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.