കുവൈത്തില്‍ വിമാന യാത്രക്കാര്‍ക്കായി മൊബൈല്‍ ആപ്പ്

കുവൈത്ത് സിറ്റി- വിമാനയാത്രികര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി കുവൈത്ത് ഗവണ്‍മെന്റ്. ഓഗസ്റ്റ് ആദ്യവാരം മുതല്‍ വാണിജ്യ വിമാനസര്‍വീസ് ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. രാജ്യത്തിന് അകത്തും പുറത്തേക്കുമുള്ള എല്ലാ യാത്രകളിലും ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലും കുവൈറ്റ് മുസാഫര്‍ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
അധികൃതരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്. നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് വികസിപ്പിച്ച ആപ്പ് അറബിയിലും ഇംഗ്ലീഷിലും ലഭ്യമാണ്. അറ്റ് ഹോം സര്‍വീസ്, അറ്റ് എയര്‍പോര്‍ട്ട് സര്‍വീസ്, ഡി.ജി.സി.എ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ആപ്ലിക്കേഷന്‍. ജൂലൈ 28 മുതല്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭിക്കും. കുവൈത്തിലേക്ക് പോകുന്നവര്‍ യാത്രക്ക് മുമ്പുള്ള നാലു ദിവസത്തിനകം പി.സി.ആര്‍ പരിശോധനാ ഫലം ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യണം.
ഓഗസ്റ്റ് ഒന്നു മുതലാണ് രാജ്യത്ത് വാണിജ്യവിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. കുവൈത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ ഹാന്‍ഡ് ബാഗേജ് അനുവദിക്കില്ലെന്ന് വ്യോമയാന വകുപ്പ് അറിയിച്ചിട്ടുണ്ട്. നേരത്തെ ഏഴു കിലോ വരെയുള്ള ഹാന്‍ഡ് ബാഗാണ് അനുവദിച്ചിരുന്നത്. എന്നാല്‍ അത്യാവശ്യസാധനങ്ങളും മരുന്നുകളും കുട്ടികളുടെ ആവശ്യത്തിനുള്ള വസ്തുക്കളും അടങ്ങിയ ചെറിയ ബാഗ് അനുവദിക്കും.

 

Latest News