മനാമ- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ബഹ്‌റൈനില്‍ പിടിയിലായത് 15,666 പേര്‍. പൊതുസ്ഥലങ്ങളിലും കടകളിലുമാണ് ഇത്രയും പേര്‍ സുരക്ഷാ ഏജന്‍സികളുടെ പിടിയിലായത്. പൊതുസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷ്ണര്‍ ബ്രിഗേഡിയര്‍ ഡോ. ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടുള്ള ബോധവല്‍ക്കരണം തുടരുമെന്ന് ശൈഖ് ഹമദ് വ്യക്തമാക്കി. രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. മാസ്‌കുകള്‍ അലക്ഷ്യമായി ഉപേക്ഷിക്കരുത്. സാമൂഹ്യഅകലവും പാലിക്കണം. പൊതുസ്ഥലങ്ങളിലും വാണിജ്യ സമുച്ചയങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, തിങ്കളാഴ്ച രാജ്യത്ത് 384 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ കോവിഡ് മരണം 140 ആയി ഉയര്‍ന്നു. 484 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
140 കോവിഡ് കേസുകളില്‍ 199 ഉം വിദേശികളാണ്. ഞായറാഴ്ച 8,829 കോവിഡ് പരിശോധനയാണ് രാജ്യത്തു നടത്തിയത്. നിലവില്‍ രാജ്യത്ത് 3302 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. അസുഖബാധിതരില്‍ 3254 പേരുടെ നില ഗുരുതരമല്ല. ആകെ 35689 പേര്‍ രോഗമുക്തരായെന്നും മന്ത്രാലയം വ്യക്തമാക്കി.