ദുബായ്- അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന കേസിൽ ഭർത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും. കഴിഞ്ഞവർഷം സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി.എസ് ഉഗേഷാണ് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ വിദ്യ ചന്ദ്രനെ കൊലപ്പെടുത്തിയത്. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജറാണ് യുവതിക്ക് ഒരാളുമായി ബന്ധമുണ്ടെന്ന ഫോൺ സന്ദേശം ഉഗേഷിന് അയക്കുന്നത്. തുടർന്ന് ഉഗേഷ് യുവതിയുടെ സ്ഥാപനത്തിൽ എത്തുകയും ചെയ്തു. വൈകിട്ട് ജോലി കഴിഞ്ഞ് പോകുന്നതിനിടെ ഓഫീസിലെ പാർക്കിംഗ് സ്ഥലത്ത് വെച്ചു ഇരുവരും തർക്കമുണ്ടാകുകയും ഭാര്യയെ ഇയാൾ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയുമായിരുന്നു. ഭർത്താവിൽനിന്ന് യുവതിക്ക് നിരന്തരം പീഡനം ഏൽക്കാറുണ്ടെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഭർത്താവിനാൽ കൊല്ലപ്പെട്ട ദിവസം വിദ്യയും രണ്ടു മക്കളും നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.