രാമക്ഷേത്രം; ഭാവിയില്‍ തെളിവിനായി രണ്ടായിരം അടി താഴ്ചയില്‍ ചെമ്പ് തകിട് നിക്ഷേപിക്കും

പട്‌ന- ഭാവിയില്‍ തര്‍ക്കമുണ്ടായാല്‍ തെളിവിനായി പുറത്തെടുക്കുന്നതിന് അയോധ്യയിലെ രാമക്ഷേത്രവുമായും ഭൂമിയുമായും ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തിയ ചെമ്പു തകിട് പുതിയ ക്ഷേത്രത്തിനടിയില്‍ നിക്ഷേപിക്കും.

ക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്ത് 2000 അടി താഴെയാകും ഈ ഫലകം സ്ഥാപിക്കുകയെന്ന് ക്ഷേത്രനിര്‍മാണത്തിന്റെ ചുമതലയുള്ള രാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ്  അംഗം കാമേശ്വര്‍ ചൗപല്‍ പറഞ്ഞു.

രാമ ജന്മഭൂമി പോരാട്ടം സുപ്രീം കോടതിയിലുള്‍പ്പെടെ വളരെക്കാലം നീണ്ടുനിന്നതാണ്. ഇക്കാര്യം വരുന്ന തലമുറയിലുള്ളവര്‍ക്കും പാഠമാണ്. ക്ഷേത്രത്തേപ്പറ്റിയുള്ള ഓരോ കാലത്തെയും വിവരങ്ങള്‍ പ്രത്യേക ഫലകത്തില്‍ ക്ഷേത്രം നിര്‍മിക്കുന്ന ഭൂമിയില്‍ 2000 അടി താഴെ സ്ഥാപിക്കും.

ഭാവിയില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ക്ഷേത്രത്തേപ്പറ്റിയുള്ള ചരിത്ര വസ്തുതകള്‍ അറിയാന്‍ ഇത് പുറത്തെടുക്കുന്നതിലൂടെ സാധിക്കുമെന്നും കാമേശ്വര്‍ ചൗപല്‍ പറഞ്ഞു.

രാജ്യത്തെ വിവിധ പൂണ്യസ്ഥലങ്ങളില്‍ നിന്നുള്ള മണ്ണും പുണ്യനദികളില്‍ നിന്നുള്ള ജലവും ക്ഷേത്രനിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജയ്ക്കായി അയോധ്യയിലെത്തിക്കുന്നുണ്ട്.
ഭൂമിപൂജ ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News