ന്യൂദല്‍ഹി- കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ 21ാം വാര്‍ഷിക ആഘോഷത്തില്‍ രാജ്യം. സൈനികരുടെ ധീരതയും അര്‍പ്പണ ബോധവും വരും തലമുറകളെയും പ്രചോദിപ്പിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. കാര്‍ഗില്‍ വിജയദിന സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.കാര്‍ഗില്‍ പോരാളികള്‍ക്ക് ആദരം അര്‍പ്പിക്കുന്നു. അവരുടെ ധീരത എക്കാലവും ഓര്‍മിപ്പിക്കപ്പെടും. കാര്‍ഗില്‍ വീരയോദ്ധാക്കളുടെ സ്മരണ എല്ലാ കാലത്തും നിലനില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അകാരണമായ ശത്രുത പാകിസ്താന്റെ ശീലമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് വേണ്ടി കാര്‍ഗിലില്‍ ജീവന്‍ ബലി നല്‍കിയ ധീര ജവാന്മാര്‍ക്ക് ആദരം അര്‍പ്പിച്ച് ദേശീയ യുദ്ധസ്മാരകത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പുഷ്പചക്രം അര്‍പ്പിച്ചു. എല്ലാ സേനാ വിഭാഗങ്ങളുടെയും മേധാവിമാര്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. പ്രതിരോധ സഹമന്ത്രി ശ്രീപദ് യശോ നായിക്, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്,കരസേനാ മേധാവി ജനറല്‍ എംഎം നരവനെ,നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്,വ്യോമസേന മേധാവി ആര്‍കെ സിങ് ബദൗരിയ എന്നിവരാണ് പുഷ്പചക്രം അര്‍പ്പിച്ചത്.






