സ്വന്തം വീട്ടില്‍ മോഷണം; കൗമാരക്കാരനും സുഹൃത്തുക്കളും അറസ്റ്റില്‍

ജാഫര്‍, താഹ ഖാന്‍

ഇടുക്കി- വിവാഹ ആവശ്യത്തിന് വീട്ടില്‍ സൂക്ഷിച്ചിരുന്ന 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ കൗമാരക്കാരനായ മകന്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ മൊബൈല്‍ വ്യാപാരത്തിലൂടെയുണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കൗമാരക്കാരനാണ് വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ കടത്തിയത്. ഇത് സുഹൃത്തുക്കളായ രണ്ടുപേരെ വില്‍ക്കാന്‍ ഏല്‍പിച്ചു. ഇവര്‍ മൂവരും ചേര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ വിറ്റു.  
ബാലഗ്രാമിലെ വീട്ടില്‍നിന്നും കഴിഞ്ഞ ഒന്നിനാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. തൂക്കുപാലം വടക്കേ പുതുപ്പറമ്പില്‍ മുഹമ്മദ് താഹ ഖാന്‍(21), കൂട്ടാര്‍ ബ്ലോക്ക് നമ്പര്‍ 1305-ല്‍ ജാഫര്‍ (34) എന്നിവരാണ് അറസ്റ്റിലായ മറ്റുളളവര്‍.
കൗമാരക്കാരന്‍ ഓണ്‍ലൈന്‍ വഴി മൊബൈല്‍ വരുത്തി മറിച്ചുവിറ്റിരുന്നു. കോവിഡ് ആരംഭിച്ചതോടെ ഓണ്‍ലൈന്‍ വ്യാപാരം മുടങ്ങി. അടച്ച തുകയുടെ മൊബൈല്‍ എത്താതെ വന്നതോടെ ആവശ്യക്കാര്‍ക്ക് തുക തിരികെ കൊടുക്കുവാന്‍ കൗമാരക്കാരന്‍ നിര്‍ബന്ധിതനായി. ഇതേത്തുടര്‍ന്നാണ് സ്വര്‍ണം മോഷ്ടിക്കുവാന്‍ പദ്ധതിയിട്ടത്. മോഷ്ടിച്ച സ്വര്‍ണം കൂട്ടുകാരനായ മുഹമ്മദ് താഹ ഖാനുമൊത്ത് തൂക്കുപാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ പണയം വെച്ചു. ഈ സ്വര്‍ണം ഏലക്കാ വ്യാപാരിയായ ജാഫര്‍ 8,08,000 രൂപ നല്‍കി തിരികെ എടുത്തു കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തില്‍ 8,20,000 രൂപയ്ക്ക് വില്‍പന നടത്തി.
മോഷണമുതല്‍ സ്വീകരിക്കല്‍, അനുമതിയില്ലാതെ അലമാര തുറന്ന് സ്വര്‍ണമുതല്‍ എടുക്കല്‍, വീട്ടില്‍ കയറിയുള്ള മോഷണം, ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് പൊതു ഉദ്ദേശ്യത്തോടു കൂടി കുറ്റകൃത്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. വീഡിയോ കോണ്‍ഫറന്‍സ് വഴി കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പിലും മറ്റു രണ്ടുപേരെ മജിസ്‌ട്രേറ്റിനു മുമ്പിലും ഹാജരാക്കി. സ്വര്‍ണാഭരണങ്ങള്‍ കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു.
കൗമാരക്കാരന്റെ മാതാവ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികിത്സക്കു പോയ സമയത്താണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം അലമാരയില്‍ നോക്കിയപ്പോഴാണ് സ്വര്‍ണം കാണാതായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം എസ്.ഐ പി.കെ.ശ്രീധരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Latest News