സ്വര്‍ണക്കടത്ത്: വിദേശത്തേക്ക് പണമെത്തിച്ചത് പച്ചക്കറി കണ്ടെയ്‌നറില്‍

കൊച്ചി- പച്ചക്കറി കണ്ടെയ്‌നറിലും പെട്ടിയിലുമാണ് സ്വര്‍ണം വാങ്ങുന്നതിനാവശ്യമായ പണം വിദേശത്ത് എത്തിച്ചതെന്ന്  സ്വര്‍ണക്കടത്ത് പ്രതികളുടെ വെളിപ്പെടുത്തല്‍. ഹവാല ഇടപാടിലൂടെ അയച്ച ഈ പണം ഫൈസല്‍ ഫരീദും സംഘവുമാണ് വിദേശത്ത് കൈപ്പറ്റിയത്. കസ്റ്റംസ് രണ്ടു ദിവസം ചോദ്യം ചെയ്തപ്പോഴാണ് സ്വപ്‌നയും സന്ദീപും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കാബേജ്, കോളിഫഌവര്‍ എന്നിവ കൊണ്ടുപോകുന്ന കണ്ടെയ്‌നറുകളിലും വലിയ പെട്ടികളിലുമാണ് ഇന്ത്യന്‍ കറന്‍സി കടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണ കളളക്കടത്തിനുള്ള പണം വിദേശത്ത് എത്തിക്കാന്‍ ഇവര്‍ ഉപയോഗിച്ച് വന്നത് ഈ മാര്‍ഗമാണെന്നാണ് വെളിപ്പെടുത്തല്‍.
സ്വര്‍ണത്തിന് ആവശ്യക്കാരായ ജ്വല്ലറി ഉടമകളില്‍നിന്ന് കള്ളക്കടത്ത് ശൃംഖലയിലെ താഴെതട്ടിലുള്ള കണ്ണികള്‍ ശേഖരിക്കുന്ന പണം ഇത്തരത്തില്‍ വിദേശത്തേക്ക് എത്തിച്ചാണ് ഈ സംഘം സ്വര്‍ണം വാങ്ങിയിരുന്നത്. പച്ചക്കറി കണ്ടെയ്‌നറില്‍ കറന്‍സി കടത്താനുള്ള ബുദ്ധി റമീസാണ് ഉപദേശിച്ചതെന്ന് സന്ദീപ് കസ്റ്റംസിനോട് വ്യക്തമാക്കി. ലോക്ഡൗണ്‍ കാലത്തും പച്ചക്കറി കണ്ടെയ്‌നറില്‍ പണം വിദേശത്തേക്ക് തടസമില്ലാതെ എത്തിച്ചിരുന്നു. പച്ചക്കറികള്‍ ആരുടെ പേരിലാണ് അയച്ചത്, കറന്‍സി ഇതിനുള്ളില്‍ വെക്കാന്‍ സഹായം ചെയ്തത് ആരാണ് തുടങ്ങിയ കാര്യങ്ങള്‍ കസ്റ്റംസ് വിശദമായി അന്വേഷിച്ചുവരികയാണ്.

 

Latest News