മാപ്പു നൽകുന്നു; ക്വാറന്റൈൻ ലംഘിച്ചതിന് സസ്‌പെൻഷനിലായ സബ് കലക്ടറെ തിരിച്ചെടുത്തു

തിരുവനന്തപുരം- കൊല്ലം സബ് കലക്ടർ ആയിരിക്കെ ക്വാറന്റൈൻ ലംഘിച്ചതിന് സസ്‌പെൻഷനിലായ അനുപം മിശ്രയെ തിരിച്ചെടുത്തു. ചെയ്ത കുറ്റത്തിന് മാപ്പ് നൽകി തിരിച്ചെടുക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ആലപ്പുഴ ആർ.ഡി.ഒ ആയിട്ടാണ് മിശ്രയെ നിയമിച്ചത്. സസ്‌പെൻഷനിലായ ഇദ്ദേഹത്തിന്റെ ഗൺമാനെ തിരിച്ചെടുത്തിട്ടില്ല. ഔദ്യോഗിക വസതിയിൽ കഴിയവേയാണ് ഇദ്ദേഹം ക്വാറന്റീൻ ലംഘിച്ച് ഉത്തർപ്രദേശിലുള്ള സ്വന്തം വസതിയിലേക്ക് പോയത്. സിംഗപ്പൂരും ഇന്തോനേഷ്യയും സന്ദർശിച്ച ശേഷം മാർച്ച് 18 നായിരുന്നു ഇദ്ദേഹം കൊല്ലത്ത് മടങ്ങിയെത്തിയത്. തുടർന്ന് ജില്ലാ കലക്ടർ ബി. അബ്ദുൾ നാസറിന്റെ നിർദേശപ്രകാരം ഔദ്യോഗിക വസതിയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. എന്നാൽ ഇദ്ദേഹം പിന്നീട് വീട്ടിൽനിന്ന് മുങ്ങി. മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ ബംഗളൂരുവിൽ ആണെന്നായിരുന്നു പറഞ്ഞത്. അതേസമയം, മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ യു.പിയിലെ കാ്ൺപുരിലായിരുന്നു. തുടർന്നാണ് സസ്‌പെന്റ് ചെയ്തത്.

 

Latest News