തബ്‌ലീഗ് കേസ്: 53 വിദേശികള്‍ക്ക് കൂടി പിഴയടച്ച് രാജ്യംവിടാന്‍ അനുമതി

ന്യൂദല്‍ഹി- കോവിഡ് ലോക്ഡൗണ്‍ കാലത്ത് ദല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനു പിന്നാലെ അറസ്റ്റിലായ 53 വിദേശികള്‍ക്ക് കൂടി പിഴയടച്ച ശേഷം രാജ്യം വിടാന്‍ കോടതിയുടെ അനുമതി നല്‍കി. 40 ഇന്തോനേഷ്യക്കാരേയും 12 കിര്‍ഗിസ് പൗരന്മാരേയും ഒരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിയേയുമാണ്  5,000 രൂപ വീതം പിഴയടച്ച് രാജ്യം വിടാന്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് അര്‍ച്ചന ബെനിവാള്‍ അനുവാദം നല്‍കിയത്. ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന വിസാ ചട്ടലംഘനം ഉള്‍പ്പെടെയുള്ള ചെറിയ ആരോപണങ്ങളില്‍ കുറ്റം സമ്മതിച്ചതാണ് മോചനത്തിനു വെളിതെളിച്ചതെന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ അഷിമ മണ്ട്‌ല, ഫാഹിം ഖാന്‍, അഹമ്മദ് ഖാന്‍ എന്നിവര്‍ പറഞ്ഞു.

പ്രതികളെ വിട്ടയക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേസില്‍ പരാതിക്കാരനായ ഡിഫന്‍സ് കോളനിയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ലജ്പത് നഗര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍, നിസാമുദ്ദീന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ കോടതിയെ അറിയിച്ചു.  ഇതുവരെ 908 വിദേശികളെയാണ് കുറ്റം ഏറ്റുപറഞ്ഞ് ചെറിയ തുക പിഴയടച്ച് മോചിതരാകാന്‍ അനുവദിച്ചത്. 46 വിദേശ പൗരന്മാര്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. കുറഞ്ഞ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ കോടതയില്‍ ഏറ്റുപറഞ്ഞ്  മോചിതരാകാന്‍ നിയമം അനുവദിക്കുന്നുണ്ട്. പരമാവധി ഏഴു വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിലാണ് കോടതി വിചാരണ ഒഴിവാക്കി ഇളവ് അനുവദിക്കുന്നത്. സ്ത്രീകള്‍ക്കും 14 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കുമെതിരെയല്ലാത്ത കുറ്റങ്ങളിലും സമുഹത്തിന്റെ സാമ്പത്തിക സമൂഹിക നിലയെ ബാധിക്കാത്തതുമായ കുറ്റങ്ങളിലുമാണ് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് വാദിക്കാന്‍ സി.ആര്‍.പി.സി അനുമതി നല്‍കുന്നത്.

വിസാ വ്യവസ്ഥകള്‍ ലംഘിച്ചു, മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് തലസ്ഥാനത്തെ നിസാമുദ്ദീന്‍ മര്‍കസ് പരിപാടിയില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

 

 

Latest News